Skip to main content
ചങ്ങനാശേരി താലൂക്ക് കരുതലും കൈത്താങ്ങും അദാലത്തിൽ റേഷൻ കാർഡ് ആവശ്യപ്പെട്ടുള്ള പരാതി കേൾക്കാൻ മന്ത്രി വി.എൻ. വാസവൻ തൃക്കൊടിത്താനം കടമാൻചിറ മാന്തറയിൽ എം.കെ. ശശിയുടെ അരികിലെത്തിയപ്പോൾ. ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത് സമീപം.

ശശിയുടെ കാത്തിരിപ്പിന് വിരാമം; റേഷൻ കാർഡ് നൽകാൻ ഉത്തരവ്

 ഭിന്നശേഷിക്കാരനായ തൃക്കൊടിത്താനം കടമാൻചിറ മാന്തറയിൽ എം.കെ. ശശിക്ക് അടിയന്തരമായി റേഷൻ കാർഡ് അനുവദിക്കാൻ ചങ്ങനാശേരിയിൽ നടന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിൽ തീരുമാനം. ജന്മനാ ഭിന്നശേഷിക്കാരനായ എം.കെ. ശശി മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഭിന്നശേഷി പെൻഷനായി അപേക്ഷിച്ചപ്പോൾ റേഷൻകാർഡിൽ പേര് ഇല്ലാത്തതിനാൽ അപേക്ഷ നിരസിച്ചു. തുടർന്നാണ് തനിക്ക് റേഷൻ കാർഡ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അദാലത്തിനെ സമീപിച്ചത്. ശശിയുടെ അപേക്ഷ പരിഗണിച്ച മന്ത്രി വി.എൻ. വാസവൻ അടിയന്തരമായി റേഷൻ കാർഡ് നൽകുന്നതിന് നടപടി സ്വീകരിക്കാൻ താലൂക്ക് സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി. നടക്കാൻ ബുദ്ധിമുട്ടുള്ള ശശിയെ മന്ത്രി സദസിലെത്തിയാണ് കണ്ടത്.
''റേഷൻ കാർഡ് ഇല്ലാത്തതിനാൽ ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ അപേക്ഷ നിരസിച്ചിരുന്നു. വസ്തുവോ വീടോ എനിക്കില്ല. മൂത്ത സഹോദരിയുടെ മകന്റെ കൂടെയാണ് താമസം. അദാലത്തിന് എത്തിയത് റേഷൻ കാർഡ് അനുവദിക്കാനായാണ്. റേഷൻ കാർഡ് വേഗം നൽകാൻ അദാലത്തിൽ തീരുമാനമായി, എറെ സന്തോഷം'' - എം.കെ. ശശി പറഞ്ഞു.

date