നെടുമണ്ണിലെ വെള്ളക്കെട്ടിന് പരിഹാരം; തടയണയിലെ ഒഴുക്ക് സുഗമമാക്കാൻ 10 ലക്ഷം
നെടുമണ്ണി പാലത്തിനു സമീപം വെള്ളക്കെട്ടിനും കൃഷിനാശത്തിനും ഇടയാക്കുന്ന തടയണയിലെ എക്കലും ചെളിയും മാലിന്യങ്ങളും നീക്കി ഒഴുക്ക് സുഗമമാക്കാനും വെള്ളക്കെട്ട് പരിഹരിക്കാനും ചങ്ങനാശേരി താലൂക്ക് അദാലത്തിൽ നടപടി. തടയണയിലെ തടസങ്ങൾ നീക്കാനും ഒഴുക്കു സുഗമമാക്കാനും 10 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കുമെന്നു ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
മുൻ അധ്യാപകനും കൃഷിക്കാരനുമായ ബിജു ജോസഫ് കോഴിമണ്ണിൽ ആണ് കരുതലും കൈത്താങ്ങും ചങ്ങനാശേരി അദാലത്തിൽ പരാതിയുമായി എത്തിയത്. നെടുമണ്ണി തോട്ടിലെ തടയണ കാരണം കറുകച്ചാൽ മണിമല റോഡിലെ നെടുമണ്ണി ഭാഗത്തും കോവേലി കങ്ങഴ റോഡിലെ മരുതൂർ പടി മുതൽ ആര്യാട്ടുകുഴി വരെയുള്ള ഭാഗത്തും ഒരു മഴ പെയ്താലുടൻ വെള്ളക്കെട്ടുണ്ടാവുന്നെന്നും കൃഷിക്കും മറ്റും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുന്നുവെന്നുമാണ് പരാതി. നെടുംകുന്നം പഞ്ചായത്തിലെ 7,9 വാർഡുകളിലെ കർഷകരെ മുഴുവൻ ബാധിക്കുന്ന പ്രശ്നത്തിനു കാരണം അശാസ്ത്രീയമായ തടയണ നിർമാണമാണെന്നും ഇതിനു പരിഹാരം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
എക്കലും ചെളിയും മാറ്റി പ്രശ്നം പരിഹരിക്കാനാകുമോ എന്നു പരിശോധിക്കാൻ മന്ത്രി നിർദേശിച്ചു. ഈ പ്രവൃത്തിയിലും പരിഹാരം ഉണ്ടായില്ലെങ്കിൽ തടയണയുടെ നിർമാണം സംബന്ധിച്ചു പഠനം നടത്താനും ഇവിടെ പുതിയ നിർമിതി ആവശ്യമാണോ എന്നതു സംബന്ധിച്ചു പരിശോധിക്കാനും മന്ത്രി ചെറുകിട ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടു.
ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഈ ചെക്ക്ഡാമുള്ളത്. ചെക്ക്ഡാമിനു ഷട്ടറുകളില്ല. മരച്ചില്ലകളും എക്കലും ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയാണ് ഒഴുക്കിനു തടസമാകുന്നതെന്നും ചെറുകിട ജലസേചന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു
- Log in to post comments