വെട്ടിമാറ്റണം, അപകടകരമായി നിൽക്കുന്ന മരങ്ങൾ
വീടിനും ജീവനും ഭീഷണിയായി നിൽക്കുന്ന അയൽവാസികളുടെ മരങ്ങൾ വെട്ടിമാറ്റാനും ശിഖരങ്ങൾ മുറിയ്ക്കാനും ർകരുതലും കൈത്താങ്ങും' അദാലത്തിൽ നിർദ്ദേശം നൽകി. വീടിന്റെ ചുറ്റുമതിലിനോടു ചേർന്ന് അയൽവാസി മനഃപൂർവം പാഴ് മരങ്ങൾ നട്ടുപിടിപ്പിച്ച് ശല്യപ്പെടുത്തുന്നതായ പരാതിയിൽ മരങ്ങൾ വെട്ടി മാറ്റാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. മതിലിടിയുന്നതിനടക്കും കാരണമാകുന്ന പന, വട്ട തുടങ്ങിയ മരങ്ങൾ വെട്ടി നീക്കണമെന്നാവശ്യപ്പെട്ട് നാളുകളായി പരാതിയുമായി നടന്ന വാകത്താനം ചിറപ്പുറത്ത് രാജു ടി. ഉലഹന്നാനാണ് അദാലത്തിലൂടെ ആശ്വാസമായത്. ഇതിന് ചെലവാകുന്നതുക എതിർ കക്ഷി നൽകിയില്ലെങ്കിൽ റവന്യൂ റിക്കവറിയിലൂടെ ഈടാക്കാനും നിർദ്ദേശം നൽകി. മരം മുറിക്കുന്ന സമയത്ത് ആവശ്യമെങ്കിൽ സംരക്ഷണം നൽകാൻ പൊലീസിനോടും ആവശ്യപ്പെട്ടു.
വെള്ളാവൂർ പൂതക്കുഴിയിൽ പി.ജി. അനീഷ് കുമാറും സമാനമായ പരാതിയുമായാണ് എത്തിയത്. അയൽവാസിയുടെ പുരയിടത്തിലെ രണ്ട് മഹാഗണി മരങ്ങൾ വീടിന് ഭീഷണിയാണെന്ന പരാതിയിലും പരിഹാരമായി. രണ്ടു കക്ഷികളെയും വിളിച്ച് ചർച്ച നടത്താൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മരങ്ങൾ വെട്ടിമാറ്റാൻ അയൽവാസി തയാറായില്ലെങ്കിൽ പഞ്ചായത്ത് നേരിട്ട് മുറിച്ചു മാറ്റിയ ശേഷം റവന്യൂ റിക്കവറിയിലൂടെ പണം ഈടാക്കാനാണ് ജില്ലാ കളക്ടറുടെ നിർദ്ദേശം.
ചീരംചിറ മുളപ്പാമഠം ഔസേപ്പ് വർഗീസിന്റെ പരാതിയും അയൽവാസിയുടെ പുരയിടത്തിലെ മരം വീടിന് ഭീഷണി ഉയർത്തുന്നുവെന്നതായിരുന്നു. ഇതും പരിശോധിച്ച് ഭീഷണി ഉയർത്തുന്ന ശിഖരങ്ങൾ വെട്ടി മാറ്റാൻ വാഴപ്പള്ളി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
ഗ്രന്ഥശാലയ്ക്ക് എതിർവശം റോഡരികിൽ നിൽക്കുന്ന കൂറ്റൻ മരങ്ങൾ ഏതു സമയവും ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണെന്നും അത് വിദ്യാർഥികളടക്കം ബസ് കാത്തു നിൽക്കുന്നവർക്കും ലൈബ്രറിയിലെത്തുന്നവർക്കും ഭീഷണിയാണെന്നു കാണിച്ച് മാടപ്പള്ളി മോസ്‌കോ വൈ.എം.എ. ലൈബ്രറി ഭാരവാഹികളും അദാലത്തിലെത്തി. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്തുവകുപ്പ് അധികൃതർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.
- Log in to post comments