ക്ഷീര തീരം പദ്ധതി മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പുതിയ വരുമാനസ്രോതസ്സാകും- മന്ത്രി ജെ ചിഞ്ചുറാണി -ജില്ലാ ക്ഷീര സംഗമവും ക്ഷീരതീരം പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു
പാൽ ഉല്പാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തമാകുവാൻ എല്ലാവരും ഒത്തു ചേർന്ന് പരിശ്രമിക്കണമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പുന്നപ്ര ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആലപ്പുഴ ജില്ലാ ക്ഷീര സംഗമവും ക്ഷീരതീരം പദ്ധതിയും പുന്നപ്ര ഗ്രിഗോറിയൻ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ആലപ്പുഴ ജില്ലയിൽ നടപ്പിലാക്കുന്ന ക്ഷീരതീരം പദ്ധതി മൽസ്യതൊഴിലാളി കുടുംബങ്ങൾക്ക് പുതിയ വരുമാന സ്രോതസ്സാകുമെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതി പ്രകാരം 94,500 രൂപ ഒരു മൽസ്യതൊഴിലാളി കുടുംബത്തിനു രണ്ടു പശുക്കളെ മേടിക്കത്തക്ക നിലയിൽ കൊടുക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരകർഷകരുടെ പശുക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ എട്ടു കോടി രൂപയുടെ ഇൻഷുറൻസ് പദ്ധതിക്ക് സംസ്ഥാനം തുടക്കം കുറിച്ചെന്ന് മന്ത്രി പറഞ്ഞു. ക്ഷീരകർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനായി ക്ഷീരകർഷക ക്ഷേമനിധി ബോർഡ് മേഖല യൂണിയനുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതിക്ക് ക്ഷീര വികസന വകുപ്പ് 1 .50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിൽ എല്ലാ ക്ഷീര കർഷകരും അംഗങ്ങളാകണമെന്നും ജെ ചിഞ്ചുറാണി പറഞ്ഞു.
എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. ക്ഷീരമേഖല നമ്മുടെ പൊതുസമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഈ മേഖലയെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും എം.എൽ.എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് , തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് , കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ, കേരള ഫീഡ്‌സ് ലിമിറ്റഡ് ചെയർമാൻ കെ ശ്രീകുമാർ, പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ്, പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ ബിനു ഐസക് രാജു, ജില്ലാ പഞ്ചായത്ത് അംഗം ഗീത ബാബു, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ എം ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി രമേശ്, ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് , പുന്നപ്ര ക്ഷീരസംഘം പ്രസിഡന്റ് വി ധ്യാനസുതൻ, ബി അൻസാരി, ആയാപറമ്പ് രാമചന്ദ്രൻ , ടി കെ പ്രതുലചന്ദ്രൻ , നിഷ വി ഷറീഫ് , വിവിധ ക്ഷീര സംഘം ഭാരവാഹികൾ, ക്ഷീരകർഷകർ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും വിരമിച്ച ജീവനക്കാർക്കുള്ള ആദരവും ഡിസംബർ 17ന് ഉച്ചയ്ക്ക് 12 ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും. എച്ച് സലാം എംഎൽഎ അധ്യക്ഷത വഹിക്കും.
ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തുകൾ, ആത്മ, മിൽമ, കേരള ഫീഡ്സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
(പി.ആർ./എ.എൽ.പി./2665)
- Log in to post comments