Skip to main content

വകുപ്പിന്റെ ജില്ല തല ഉദ്യോഗസ്ഥർ നിർബന്ധമായും അദാലത്തിൽ വേണം-മന്ത്രി പി.പ്രസാദ് -താലൂക്കുതല അദാലത്ത്; മന്ത്രിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി -പരാതികളുടെ പരിശോധനയ്ക്കും റിപ്പോർട്ട് തയ്യാറാക്കാനും ഓരോ വകുപ്പിനും നോഡൽ ഓഫീസർ

മന്ത്രിമാരുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് താലൂക്കു തലത്തിൽ സംഘടിപ്പിക്കുന്ന അദാലത്തുകളുടെ ആലപ്പുഴ ജില്ലയിലെ വിജയകരമായ സംഘാടനത്തിന് ജില്ലയുടെ ചുമതലയുള്ള കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിൻ്റെ നേതൃത്വത്തിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎമാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ, ജില്ലാ കളക്ടർ അലക്സ് വർഗീസ്   എന്നിവർ പങ്കെടുത്തു. തോമസ് കെ തോമസ് എം എൽ എ ഓൺലൈനായും പങ്കെടുത്തു. പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ അദാലത്ത് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അദാലത്തുകളിൽ അതത് വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണമെന്നും ലഭിക്കുന്ന അപേക്ഷകളിൽ കുറ്റമറ്റ ഇടപെടൽ നടത്തണമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയിലെ ആറ് താലൂക്കുകളിലും നടക്കുന്ന അദാലത്തുകൾ ഏറ്റവും മികച്ചതാക്കാൻ എല്ലാ ഉദ്യോഗസ്ഥരും ആവശ്യമായ ഹോംവർക്ക് നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഓരോ താലൂക്കുകളിലെയും അദാലത്ത് മുന്നൊരുക്കങ്ങൾ വിലയിരുത്തിയ മന്ത്രി ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. അദാലത്ത് വേദികളിൽ കുടിവെള്ളം, മെഡിക്കൽ സേവനം, സുരക്ഷ, വൈദ്യുതി എന്നിവയ്ക്കാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ വാട്ടർ അതോറിറ്റി, പൊലീസ്, ഫയർ ആൻ്റ് റെസ്ക്യൂ, ആരോഗ്യ വകുപ്പ്, കെ എസ് ഇ ബി, പിഡബ്ല്യുഡി തുടങ്ങിയ വകുപ്പുകളെ ചുമതലപ്പെടുത്തി. ജനുവരി 3 മുതൽ 13 വരെയാണ് ജില്ലയിലെ ആറ് താലൂക്കുകളിൽ അദാലത്ത് നടക്കുന്നത്. അദാലത്തിലേക്കുള്ള അപേക്ഷകൾ ഡിസംബർ 23 വരെ നൽകാനാവും. യോഗത്തിൽ എഡിഎം ആശ സി എബ്രഹാം, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നിലവിൽ അദാലത്തിലേക്ക് ലഭിക്കുന്ന പരാതികളും അവയുടെ പുരോഗതിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കും. ജില്ല കളക്ടർക്കാണ് അദാലത്ത് നടത്തിപ്പിനുള്ള പൂർണ ചുമതല. 

ജില്ലാ ഓഫീസർ കൺവീനറും, ജില്ലാതല ഓഫീസിന് താഴെ ആ വകുപ്പിന് കീഴിലുള്ള ഓഫീസുകൾ (സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ ഓഫീസ് / സ്ഥാപന മേധാവികൾ അംഗങ്ങളുമായി വകുപ്പുതല അദാലത്ത് സമിതികൾ രൂപീകരിക്കണം.  ജില്ലാതല ഓഫീസുകളില്ലാത്ത വകുപ്പുകളാണെങ്കിൽ ജില്ലയുടെ ചുമതലയുള്ള റീജിയണൽ ഓഫീസർ കൺവീനറും വകുപ്പിലെ / ഓഫീസിലെ മൂന്നിൽ  കുറയാത്ത മുതിർന്ന ഉദ്യോഗസ്ഥർ ജില്ലയിൽ ഓഫീസുകൾ, സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ അതിലെ മേധാവികൾ അംഗങ്ങളുമായി വകുപ്പ് തല അദാലത്ത് സെൽ രൂപീകരിക്കാനും സർക്കാർ  നിർദ്ദേശിച്ചിട്ടുണ്ട്.  ജില്ലാതല ഓഫീസുകളില്ലാത്ത കോളേജ് വിദ്യാഭ്യാസ വകുപ്പിൽ സോണൽ  ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ, വകുപ്പുതല അദാലത്ത് സെൽ കൺവീനറും  ഓഫീസിലെ മൂന്നിൽ കുറയാത്ത മുതിർന്ന ഉദ്യോഗസ്ഥർ അംഗങ്ങളുമായിരിക്കും.

ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശങ്ങൾ

ജില്ലാമോണിറ്ററിംഗ് സെല്ലിൽ നിന്ന് ലഭിക്കുന്ന പരാതികൾ അതത് ദിവസം തന്നെ പരിശോധിച്ച് സാധ്യമായ പരിഹാരം കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്. ദീർഘനാളായി പരിഹാരം കാണാനാകാത്ത വിഷയങ്ങളാകാം അദാലത്തിൽ സമർപ്പിക്കപ്പെടുന്നത്. അതിനാൽ, അപേക്ഷകന് നീതി നടപ്പാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഓരോ പരാതിയും പ്രാധാന്യത്തോടെ പരിശോധിക്കണം.

അദാലത്തിൽ ലഭിച്ച പരാതി ജില്ലാതല ഓഫീസിലോ, പരിധിയിലുള്ള മറ്റേതെങ്കിലും ഓഫീസിലോ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണെങ്കിൽ ജില്ലാതല ഉദ്യോഗസ്ഥർ വിഷയം/ഫയൽ നേരിട്ട് പരിശോധിക്കേണ്ടതും സാധ്യമായ പരിഹാരം കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കേണ്ടതുമാണ്.

മറ്റ് വകുപ്പ് ഓഫീസുകളിൽ നിന്ന് അഭിപ്രായം/ അനുമതി ലഭിക്കേണ്ട വിഷയമാണെങ്കിൽ ജില്ലാ ഓഫീസ് മേധാവി ബന്ധപ്പെട്ട വകുപ്പിലെ ജില്ലാ മേധാവിയുമായി ബന്ധപ്പെട്ട് നടപടി ത്വരിതപ്പെടുത്തി പരാതിയിന്മേൽ തീരുമാനം കൈക്കൊള്ളേണ്ടതാണ്.
പരാതിയിൻമേലുള്ള അന്തിമ തീരുമാനം ജില്ലാ മോണിറ്ററിംഗ് സെല്ലിന് കൈമാറേണ്ടതാണ്. പരാതി അദാലത്തിൽ ഉൾപ്പെടുത്താൻ കഴിയുന്നതാണോയെന്ന കാര്യത്തിൽ വ്യക്തമായ ശുപാർശയും കൈമാറേണ്ടതാണ്.
ഓരോ പരാതിയിലും ഒരു ഡോക്കറ്റ് നമ്പർ അനുവദിക്കുകയും അതിൽ എടുത്തതീരുമാനം , നിലവിലെ നിയമ വശങ്ങൾ, കണ്ടെത്തിയ വിവരങ്ങൾ തുടങ്ങിയ വിവരങ്ങളുമായിട്ടായിരിക്കണം ഫയൽ മന്ത്രിമാരുടെ അടുത്ത് നൽകേണ്ടതെന്ന് ജില്ല കളക്ടർ പറഞ്ഞു. അദാലത്തിൽ പങ്കെടുക്കുന്ന മന്ത്രിമാർക്ക് ഏത് വകുപ്പിനെ സംബന്ധിച്ചും നിലവിലെ നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് ഉത്തരവ് നൽകുന്നതിനുള്ള സവിശേഷാധികാരവും അദാലത്ത് ദിവസം നിക്ഷിപ്തമാക്കിയിട്ടുണ്ട്.

date