അണ്ടര്‍ വാലുവേഷന്; മുദ്രവിലയുടെ പകുതി അടച്ച് റവന്യൂ നടപടികള്‍ ഒഴിവാക്കാം
ഭൂമിയുടെ വില കുറച്ച് ആധാരം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് (അണ്ടര്‍ വാലുവേഷന്) മുദ്രവിലയുടെ പകുതി മാത്രം അടച്ച് റവന്യൂ നടപടികള്‍ ഒഴിവാക്കാന്‍ അവസരം. രജിസ്ട്രേഷന് ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. 2017 എപ്രില്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ക്കാണ് ഈ ഇളവ്. 1986 മുതല്‍ 2017 മാര്‍ച്ച് 31 വരെ റിപ്പോര്‍ട്ട് ചെയ്ത അണ്ടര്‍വാലുവേഷന്‍ കേസുകളില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മുദ്രയില്‍ 60 ശതമാനവും ഫീസില്‍ 75 ശതമാനവും ഇളവുണ്ട്. സെറ്റില്‍മെന്റ് കമ്മീഷന് മുഖേനയാണ് 1986 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള അണ്ടര്‍ വാലുവേഷന് കേസുകളുടെ ഇളവ് നിശ്ചയിക്കുന്നത്. സര്‍ക്കാരിന്റെ ഉത്തരവിനനുസരിച്ച് കാസര്‍കോട് ജില്ലാ രജിസ്റ്റര്‍ ഓഫീസില്‍ നിന്നും ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
റവന്യൂ റിക്കവറിക്ക് വിട്ട കേസുകളും കോടതിയുടെ പരിഗണനയിലുള്ളവയ്ക്കും ഇളവ് ബാധകമാണ്. നോട്ടീസ് ലഭിച്ച കക്ഷികള്‍ക്ക് സബ് രജിസ്റ്റര്‍ ഓഫീസില്‍ എത്തി ഇളവ് പ്രകാരമുള്ള കുറവ് തുക ഇ പേയ്മെന്റായോ പണമായോ നല്‍കാം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ ആനുകൂല്യം 2025 മാര്‍ച്ച് 31 ന് അവസാനിക്കും. ഈ അവസരം ഉപയോഗിക്കാതിരുന്നാല്‍ ഇളവ് കാലാവധി തീരുന്ന മുറയ്ക്ക് ജപ്തി നടപടികള്‍ ഉണ്ടാകും. ആധാരം അണ്ടര്‍ വാല്യുവേഷന് നടപടികള്‍ക്ക് വിധേയമായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് രജിസ്ട്രേഷന് വകുപ്പിന്റെ വെബ്സൈറ്റില്‍ സൗകര്യമുണ്ട് അതുവഴി അണ്ടര്‍ വാലൂവേഷന് നടപടി ഉണ്ടെങ്കില്‍ നോട്ടീസ് ലഭ്യമായിട്ടില്ലെങ്കിലും സബ് രജിസ്റ്റര്‍ ഓഫീസുകളില്‍ ഇളവ് പ്രകാരമുള്ള തുക അടക്കാവുന്നതാണെന്നും ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. വെബ്സെറ്റ് - https://pearl.registration.kerala.gov.in
- Log in to post comments