Skip to main content

കരുതലും കൈത്താങ്ങും : സതീഷ്‌കുമാറിന് ആശ്വാസനിമിഷം കുടുംബഭൂമിക്ക് 20 വർഷത്തിന് ശേഷം പട്ടയം ലഭിച്ചു

അമ്പൂരി പാമ്പരംകാവ് സ്വദേശി സതീഷ്‌കുമാറിന് കാട്ടാക്കട താലൂക്ക് അദാലത്ത് വേദി അക്ഷരാർത്ഥത്തിൽ സമ്മാനിച്ചത് ആശ്വാസത്തിന്റെ കൈത്താങ്ങാണ്. ലിവർ സിറോസിസ് രോഗത്തെ തുടർന്ന് ബുദ്ധിമുട്ടിലായ ഭാര്യ ഷാനയും മകൾ ഗ്രീഷ്മയ്ക്കും ഒപ്പം കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ അദാലത്തിന് എത്തിയ സതീഷ് കുമാറിന് ഈ ദിവസം അവിസ്മരണീയമായി മാറി.

ഹോട്ടൽ തൊഴിലാളിയായ സതീഷ് കുമാറിന് കുടുംബസ്വത്തായി ലഭിച്ച 73 സെന്റ് വസ്തുവിൽ ഉൾപ്പെടുന്ന അഞ്ച് സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചിരുന്നില്ല. ഈ ഭൂമിക്ക് ചുറ്റുമായി കിടക്കുന്ന 68 സെന്റിന് പട്ടയം ഉണ്ടായിരുന്നപ്പോൾ, സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് പട്ടയം ലഭിക്കുന്നതിനായി 20 വർഷമാണ് സതീഷ് കാത്തിരുന്നത്.

കരുതലും കൈത്താങ്ങും അദാലത്തിലെത്തിയ അപേക്ഷയിന്മേൽ സതീഷ് കുമാറിന് അനുകൂല തീരുമാനം അതിവേഗം ലഭിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി.ആർ അനിലും ഉൾപ്പെടുന്ന വേദിയിൽ വെച്ച് സി. കെ ഹരീന്ദ്രൻ എം. എൽ. എ പട്ടയം കൈമാറി.

സതീഷ്‌കുമാറിന്റെ ഏക വരുമാനമാണ് കുടുംബത്തെ താങ്ങി നിർത്തുന്നത്. കഴിഞ്ഞ മൂന്നര വർഷമായി ലിവർ സിറോസിസിനെ തുടർന്ന് ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്ന ഭാര്യ ഷാനയ്ക്ക് കാഴ്ച ശക്തി കുറവാണ്. എഞ്ചിനീയറിങ് ബിരുദധാരിയാണ് മകൾ ഗ്രീഷ്മ.

date