Skip to main content

പീഡനത്തിന് ഇരയാകുന്ന കുട്ടികളുടെ അന്തസ് നിലനിർത്തണം: അഡ്വക്കേറ്റ് ജനറൽ

ലൈംഗിക പീഡനത്തിന് ഇരയാകുന്ന കുട്ടികളുടെ അന്തസ് നിലനിർത്തേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് കേരള അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ പോക്സോ ആക്ട്, മെഡിക്കോ ലീഗൽ പ്രോട്ടോക്കോൾ എന്ന വിഷയത്തിൽ ഡോക്ടർമാർക്കും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാർക്കുമായി മസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോക്സോ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ഡോക്ടർമാരും പബ്ലിക് പ്രോസിക്യൂട്ടർമാരും ജാഗ്രത പാലിക്കണം. ഇരകളാക്കപ്പെടുന്ന കുട്ടികളുടെ മൊഴിയെടുക്കലിലും വൈദ്യപരിശോധനയിലും വിചാരണയിലും ബാലസൗഹൃദാന്തരീക്ഷം ഉണ്ടാകണം. ആശയവിനിമയത്തിൽ ഒരുഘട്ടത്തിലും സമ്മർദം ചെലുത്തരുത്. ഈ ഘട്ടങ്ങളിലെ ദുരനുഭവങ്ങൾ പിന്നീടൊരിക്കലും മാനസികാഘാതമായി കുട്ടികളിൽ നിലനിൽക്കാൻ പാടില്ല. നടപടിക്രമങ്ങളാൽ അന്തർമുഖരായി മാറ്റപ്പെടരുത്. ഇവർക്ക് വളരെ വേഗം സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാനാകുന്ന തരത്തിലുള്ള സമീപനം പ്രത്യേകിച്ച് ഡോക്ടർമാരും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരും പാലിക്കണമെന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു.

പീഡനങ്ങൾക്കിരയാകുന്ന കുട്ടികളെ പൊതുസമൂഹം ഒറ്റപ്പെടുത്തുന്നതും കഴുകൻകണ്ണുകളോടെ വീക്ഷിക്കുന്നതുമായ പ്രവണത മാറേണ്ടതുണ്ടെന്ന്  അദ്ധ്യക്ഷനായിരുന്ന സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ പറഞ്ഞു. ശിശുസൗഹാർദ സമീപനം ഉണ്ടാകണം. ഈ ഘട്ടത്തിൽ കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക വേദന കാണാതെ പോകരുത്. ഇത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ബാലാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തെ തുടർന്നു നടന്ന പരിശീലന പരിപാടിയിൽ ഗർഭസ്ഥശിശുവും ഡി.എൻ.എ പരിശോധനയും എന്ന വിഷയത്തിൽ സയന്റിഫിക് ഓഫീസർ ഡോ. പി. മനോജും മെഡിക്കോ ലീഗൽ പ്രോട്ടോക്കോൾ എന്ന വിഷയത്തിൽ ഗൈനക്കോളജി കൺസൾട്ടന്റ് ഡോ. എൻ.ആർ. റീനയും പോക്സോ ആക്ടിനെകുറിച്ച് കേരള കോ-ഓപ്പറേറ്റീവ് ട്രിബ്യൂണൽ ജഡ്ജ് കെ. സോമനും ക്ലാസുകൾക്ക് നേതൃത്വം നൽകി. കമ്മിഷൻ അംഗങ്ങളായ ജലജമോൾ റ്റി.സി, കെ.കെ.ഷാജു, ഡോ. എഫ്. വിൽസൺ എന്നിവർ ചർച്ചകളിൽ മോഡറേറ്റർമാരായി. കമ്മിഷൻ അംഗം എൻ.സുനന്ദ സ്വാഗതവും ജലജമോൾ റ്റി.സി നന്ദിയും അർപ്പിച്ചു.

പി.എൻ.എക്സ്. 5689/2024

date