ഒരു വലിയ ഭാരമിറങ്ങിയതിൻ്റെ ആശ്വാസത്തിൽ ഷീബ
സഹോദരനും തനിക്കും അമ്മ ഇഷ്ടദാനം നൽകിയ സ്ഥലം തെറ്റായി പോക്കുവരവിൽ രേഖപ്പെടുത്തിയതിനാൽ ഷീബയ്ക്ക് വസ്തുവിൻ്റെ കരം ഒടുക്കുവാൻ സാധിച്ചിരുന്നില്ല. ഇതിനിടയിൽ വ്യാപാര സംരംഭം തുടങ്ങുന്നതിനായി സഹോദരൻ മുഴുവൻ സ്ഥലവും ബാങ്കിൽ ഈട് നൽകി വായ്പ എടുത്തിരുന്നു. ഇക്കാര്യം ഷീബയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നുമില്ല. ഈ സ്ഥലം തനിക്കും കൂടി അവകാശപ്പെട്ടതാണെന്നും പോക്കുവരവ് രേഖപ്പെടുത്തിയതിൽ ഉണ്ടായ തെറ്റാണെന്നും സ്ഥാപിക്കുന്നതിനായി വിവിധ ഓഫീസുകളിൽ ഷീബ 2018 മുതൽ അപേക്ഷ നൽകുകയും അതിനായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ചെല്ലുകയും ചെയ്തിരുന്നു.
കരുതലും കൈത്താങ്ങും കാട്ടാക്കട അദാലത്ത് വേദിയിലെത്തി മന്ത്രി ജി ആർ അനിലിന് മുൻപിൽ ഷീബ തൻ്റെ പ്രയാസങ്ങൾ വിവരിച്ചു. കാര്യങ്ങൾ മനസ്സിലാക്കിയ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിഷയം വിശദമായി പരിശോധിക്കാൻ നിർദ്ദേശിച്ചു. പെരുംകുളം വില്ലേജിൽ ബ്ലോക്ക് 42 ൽ റീ സർവേ 353 / 4, 356 / 6 എന്നിവയിൽ ഉൾപ്പെട്ട 42. 67 ആർ സ്ഥലത്തിന് പോക്കുവരവ് ചെയ്തു കരം ഒടുക്കുന്നതിനായി ഷീബ നൽകിയ അപേക്ഷ ഉദ്യോഗസ്ഥർ പരിശോധിച്ചു. അപേക്ഷയുടെ തൽസ്ഥിതി ചോദിച്ചറിഞ്ഞ മന്ത്രി തണ്ടപ്പേർ കക്ഷിയുടെ കൈവശ വിസ്തീർണം പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് തഹസിൽദാർക്ക് നിർദ്ദേശം നൽകി. ഒട്ടും താമസമില്ലാതെ ഉത്തരവ് മന്ത്രി അദാലത്ത് വേദിയിൽ ഷീബയ്ക്ക് കൈമാറുകയും ചെയ്തു.
തൻ്റെ ആകുലതകൾ നേരിട്ട് മന്ത്രിയെ ധരിപ്പിക്കാനായതിലും വേഗത്തിൽ പരിഹാര നടപടികൾ സ്വീകരിക്കപ്പെട്ടതിൻ്റെയും ആശ്വാസം വേദിയിൽ നിന്നിറങ്ങുമ്പോൾ ഷീബയുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.
- Log in to post comments