കാക്കനാട് സിവിൽ സ്റ്റേഷനിൽ ഉണ൪വ് - ക്രിസ്മസ് പുതുവത്സര പ്രദ൪ശന വിപണന മേള
എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതി പ്രകാരം സംരംഭങ്ങൾ ആരംഭിച്ചിട്ടുള്ള യുവാക്കൾ, അശരണരായ സ്ത്രീകൾ, ഭിന്നശേഷിക്കാ൪ എന്നിവരുടെ വിവിധയിനം ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള ഉണ൪വ് 2024 ക്രിസ്മസ് പുതുവത്സര പ്രദ൪ശന വിപണന മേള കാക്കനാട് സിവിൽ സ്റ്റേഷനിൽ തുടങ്ങി.
ജില്ലാ കളക്ട൪ എ൯.എസ്.കെ ഉമേഷ് മേളയുടെ ഉദ്ഘാടനവും ആദ്യ വിൽപ്പനയും നി൪വഹിച്ചു.
എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സബ് റീജിയണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടന ചടങ്ങിൽ സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസ൪ കെ.എസ് ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ൪ (ഇ൯ ചാ൪ജ്) സി.പി. ഐഷ, എംപ്ലോയ്മെന്റ് ഓഫീസ൪ (വി.ജി) കെ.എസ്. സനോജ്, സെൽഫ് എംപ്ലോയ്മെന്റ് ഓഫീസ൪ എം.ജി. സിന്ധു തുടങ്ങിയവ൪ പങ്കെടുത്തു.
എംപ്ലോയ്മെന്റ് എക്സ് ചേഞ്ച് മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴിൽ വായ്പാ പദ്ധതികൾ
ശരണ്യ
തൊഴിൽ രഹിതരായ വിധവകൾ, വിവാഹ മോചനം നേടിയ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിക്കുകയോ / ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ, 30 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾ, പട്ടിക വർഗത്തിലെ അവിവാഹിതരായ അമ്മമാർ, ഭിന്നശേഷിക്കാരായ വനിതകൾ, ശയ്യാവലംബരും നിത്യരോഗികളുമായ (അക്യുട്ട് കിഡ്നി പ്രോബ്ലം, ക്യാൻസർ, മാനസിക രോഗം, ഹീമോഫീലിയ തുടങ്ങിയവ) ഭർത്താവുള്ള വനിതകൾ എന്നീ അശരണരായ വനിതകൾക്ക് വകുപ്പ് നേരിട്ട് നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പ പദ്ധതി. പ്രായം: 18 നും 55 നും മധ്യേ, വായ്പ: 50, 000/-, സബ്സിഡി: 25,000/-
നവജീവൻ
എംപ്ലോയ്മെന്റ് എക്സ് ചേഞ്ച് മുഖേന വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് മുതിർന്ന പൗരന്മാർക്കായി നടത്തുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതി പ്രായം: 50 നും 65 നും മധ്യേ. വായ്പ: 50, 000, സബ്സിഡി: വായ്പാ തുകയുടെ 25 ശതമാനം.
കെസ്റു
എംപ്ലോയ്മെന്റ് എക്സ് ചേഞ്ച് മുഖേന വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന വ്യക്തിഗത / സംയുക്ത സ്വയം തൊഴിൽ വായ്പാ പദ്ധതി. പ്രായം: 21 നും 50 നും മധ്യേ. വായ്പ : 1 ലക്ഷം രൂപ, സബ്സിഡി:വായ്പ്പാ തുകയുടെ 20 ശതമാനം.
മൾട്ടി പർപ്പസ് സർവീസ് സെന്റേഴ്സ് ജോബ് ക്ലബ്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന സംയുക്ത സ്വയം തൊഴിൽ വായ്പ പദ്ധതി. പ്രായം: 21 നും 45 നും മധ്യേ (നിയമാനുസൃത വയസ്സിളവ് ലഭിക്കും ). വായ്പ: 10 ലക്ഷം രൂപ, സബ്സിഡി: പദ്ധതി ചെലവിന്റെ 25 ശതമാനം.
കൈവല്യ
ഭിന്നശേഷിക്കാർക്കായി വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതി. പ്രായം: 21 നും 55 നും മധ്യേ. വായ്പ: 50,000, സബ്സിഡി: വായ്പ തുകയുടെ 50 ശതമാനം.
സ്വയം തൊഴിൽ വായ്പാ പദ്ധതികൾക്ക് താത്പര്യമുള്ള ഉദ്യോഗാ൪ഥികൾക്ക് അപേക്ഷ സമ൪പ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ 0485-2422458,Web site: employment.kerala.gov.in
- Log in to post comments