വാമനപുരം നദിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നീർധാരപദ്ധതി
വാമനപുരം നദീ പുനരുജ്ജീവന മാസ്റ്റർ പ്ലാൻ മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു
**ജലശക്തി പുരസ്കാരം നേടിയ പുല്ലമ്പാറ പഞ്ചായത്തിനെ ആദരിച്ചു
വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ പ്രധാന ജല സ്രോതസായ വാമനപുരം നദിയുടെയും കൈവഴികളുടെയും സമഗ്രവികസനം ലക്ഷ്യമിട്ടുള്ള നീർധാര പദ്ധതി- വാമനപുരം നദീ പുനരുജ്ജീവന മാസ്റ്റർ പ്ലാൻ- തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു. വാമനപുരം മണ്ഡലത്തിൽ ഡി.കെ മുരളി എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ ദേശീയ ജലശക്തി പുരസ്കാരം നേടിയ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിനെ മന്ത്രി എം.ബി രാജേഷ് ചടങ്ങിൽ ആദരിച്ചു. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് രാജ്യത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന പഞ്ചായത്തായി മാറിയെന്നും നിരവധി നവീന ആശയങ്ങളാണ് പഞ്ചായത്ത് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുല്ലമ്പാറ പഞ്ചായത്തിനെ ചുവടുപിടിച്ച് രാജ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളം മാറുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നീർധാര പദ്ധതി
വാമനപുരം നദിയും കൈവഴികളുമായ മറ്റ് ജല സ്രോതസുകൾ ഉൾപ്പെടുന്ന നീർത്തട പ്രദേശങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് നീർധാര. മഹാത്മാഗാന്ധി ദേശീയ ഗ്രമീണ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടുള്ള വിവിധ ഏജൻസികളെ സംയോജിപ്പിച്ച് പദ്ധതി പ്രദേശത്തെ സ്ഥല-ജല പരിപാലനമാണ് പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നത്. വിവിധ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ചെറുനീർത്തട പ്രദേശങ്ങളിലെ സമഗ്ര വികസനം യഥാർത്ഥ്യമാക്കുന്നതിന് ജനകീയ പങ്കാളിത്തത്തോടെ ശാസ്ത്രീയമായാണ് മാസ്റ്റർ പ്ലാനാണ് തയാറാക്കിയിരിക്കുന്നത്.
നദീതടത്തിനുള്ളിൽ ലഭ്യമായ പ്രകൃതി വിഭവങ്ങളുടെ ശാസ്ത്രീയമായ പരിപാലനം, വിനിയോഗം എന്നിവയിലൂടെ സ്ഥായിയായതും ഉത്പാദനക്ഷമതയുള്ളതുമായ ഒരു ജൈവവ്യൂഹം സൃഷ്ടിക്കുക, നദിയുടെ വൃഷ്ടിപ്രദേശത്ത് വർദ്ധിതവും സുസ്ഥിരവുമായ കാർഷികോല്പാമദനക്ഷമത നിലനിർത്തുക, ഭക്ഷ്യോത്പനങ്ങൾ, കാലിത്തീറ്റ, ജലം, ഇന്ധനം, എന്നിവയുടെ നിരന്തരമായ ലഭ്യത ഉറപ്പുവരുത്തുക, മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയുള്ള സുസ്ഥിര വികസനത്തിലൂടെ പരിസ്ഥിതിയെ പുനരുദ്ധരിക്കുക, ജലത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചു മണ്ണിന്റെയും ജലത്തിന്റെയും സംരക്ഷണം സാധ്യമാക്കുകയും ഉപയോഗപ്രദമായ ആവശ്യങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യുക, നീർത്തടത്തിൽ നിന്ന് ഉത്ഭവിക്കുന്ന ജലസ്രോതസ്സുകൾ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, നീർത്തടത്തിൽ മണ്ണൊലിപ്പ് നിയന്ത്രിക്കുക, നദീതടത്തിലെ താഴ്ഭാഗത്തെ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഇല്ലാതാക്കുക, മഴവെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നത് വർദ്ധിപ്പിക്കുക, സാധ്യമാകുന്നിടത്തെല്ലാം ഭൂഗർഭജല റീചാർജ് വർദ്ധിപ്പിക്കുക എന്നിവയാണ പദ്ധതിയുടെ ലക്ഷ്യങ്ങൾ
പുല്ലമ്പാറ മാമൂട് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഡി.കെ മുരളി എം.എൽ.എ അധ്യക്ഷനായിരുന്നു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി രാജേഷ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, എംജിഎൻആർജിഇഎസ് മിഷൻ ഡയറക്ടർ നിസാമുദ്ദീൻ, നീർധാര കോ ഓർഡിനേറ്റർ ബി.ബിജു എന്നിവരും പങ്കെടുത്തു.
- Log in to post comments