Skip to main content

മുകുന്ദപുരം താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്ത്; 385 പരാതികള്‍ പരിഗണിച്ചു

ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന മുകുന്ദപുരം താലൂക്ക്തല കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ ഓണ്‍ലൈനായി 118 പരാതികളും നേരിട്ട് 267 പരാതികളും ലഭിച്ചു. ഓണ്‍ലൈനായി ലഭിച്ച 118 പരാതികളില്‍ 77 പേര്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു എന്നിവരെ നേരില്‍ കണ്ടും പരാതികള്‍ ബോധിപ്പിച്ചു.

അദാലത്തില്‍ 267 പരാതികള്‍ പുതുതായി സ്വീകരിച്ചതില്‍ 172 പേര്‍ മന്ത്രിമാരെ നേരില്‍ കണ്ട് പരാതി ബോധിപ്പിച്ചു. മുഴുവന്‍ പരാതികളിലും മന്ത്രിമാര്‍ അടിയന്തര പരിഹാരം കാണുന്നതിനായി വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അദാലത്തില്‍ 22 പേര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡുകളും, 15 പേര്‍ക്ക് ദേവസ്വം പട്ടയവും വിതരണം ചെയ്തു.

അദാലത്തില്‍ വന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഫെയര്‍ വാല്യൂ അദാലത്ത് 2025 ജനുവരി 3 ന് രാവിലെ 11 മണിക്ക് എടത്തിരിഞ്ഞി എച്ച്ഡിപി സമാജം ഹാളില്‍ വച്ച് നടത്തും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഫെയര്‍ വാല്യൂ അദാലത്ത് ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട ആര്‍ഡിഒ ഡോ. എം.സി റെജില്‍ ചടങ്ങിന് അധ്യക്ഷത വഹിക്കും.

date