കരുതലും കൈത്താങ്ങും തുണയായി; സവിതയ്ക്ക് ഇനി എഞ്ചിനീയറിങ് സര്‍വീസ് പരീക്ഷയെഴുതാം
ബി.ടെക്. ബിരുദധാരിയായ യുവതിക്ക് യു.പി.എസ്.സി.യുടെ എഞ്ചിനീയറിങ് സര്‍വീസ് പരീക്ഷക്ക് സമര്‍പ്പിക്കുന്നതിനായി പറപ്പൂക്കര വില്ലേജ് ഓഫീസില്‍ നല്കിയ എസ്.സി. കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ തിരിച്ചയച്ചു എന്ന പരാതിയില്‍ മുകുന്ദപുരം താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്തില്‍ പരിഹാരമായി. പറപ്പൂക്കര കോട്ടുവാല വീട്ടില്‍ വൈശാഖന്റെ ഭാര്യ എം.സി സവിതയാണ് പരാതിക്കാരി.
സവിതയുടെ അച്ഛന്റെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിച്ചില്ല എന്ന കാരണത്താലാണ് അപേക്ഷ തിരിച്ചയച്ചത്. അദാലത്തിലെ തുടരന്വേഷണത്തിലാണ് സവിതയുടെ അച്ഛന് എസ്.എസ്.എല്‍.സി. വിദ്യാഭ്യാസം ഇല്ലാത്തതിനാല്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ കഴിയാത്തത് എന്നറിഞ്ഞത്. പരാതിയുടെ ഗൗരവം മനസ്സിലാക്കിയ റവന്യൂ മന്ത്രി കെ. രാജന് പരാതി ഉടന്‍ തന്നെ പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. അതനുസരിച്ച് ഇന്നലെ (ഡിസംബര്‍ 16) വൈകീട്ട്തന്നെ മുകുന്ദപുരം തഹസില്‍ദാര്‍ പരാതിക്കാരിക്ക് ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. ഇനി സവിതയുടെ അര്‍ഹതപ്പെട്ട അവസരങ്ങള്‍ നഷ്ടപ്പെടില്ല. യു.പി.എസ്.സി.യുടെ എഞ്ചിനീയറിങ് സര്‍വീസ് പരീക്ഷയോടൊപ്പം മറ്റ് മത്സര പരീക്ഷകള്‍ക്കും അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായതോടെ സവിതയുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലായി മാറുകയാണ് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും മുകുന്ദപുരം താലൂക്ക് അദാലത്ത്.
- Log in to post comments