2025 നവംബറിൽ പൂർത്തീകരിക്കുന്ന പദ്ധതികൾക്ക് മുൻഗണന നൽകും
ജില്ലാ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. 2025 നവംബറിൽ പൂർത്തീകരിക്കാൻ സാധിക്കുന്ന പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് പ്രസിഡന്റ് പറഞ്ഞു. ദീർഘവീക്ഷണത്തോടെ സുസ്ഥിര വികസന പദ്ധതികൾക്ക് രൂപം നൽകണം. വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാനുതകുന്ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ഓരോ മേഖലയിലും നിലവിലുള്ള അവസ്ഥകൾ പഠിച്ച് നൂതന പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നും അവർ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, തരിശു കൃഷി, ദാരിദ്ര്യ നിർമാർജനം, പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് യൂനിഫോം സേനയിലേക്കുള്ള പരിശീലനം, സമഗ്ര വികസനം, നൈപുണ്യ വികസനം, ഭിന്നശേഷി, പെയിൻ ആൻഡ് പാലിയേറ്റീവ്, കൊമ്മേരി ആടുവളർത്തു കേന്ദ്രം, തളിപ്പറമ്പ് ജില്ലാ കൃഷിത്തോട്ടം എന്നിവയുടെ വികസന പ്രവർത്തനങ്ങൾ തുടങ്ങി പ്രത്യേക പരിഗണന നൽകുന്ന വിഷയങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ യു.പി ശോഭ അടുത്ത സാമ്പത്തിക വർഷത്തെ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ഗംഗാധരൻ മാസ്റ്റർ ചർച്ചയ്ക്കുള്ള നിർദേശങ്ങൾ അവതരിപ്പിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ വി.കെ സുരേഷ് ബാബു, അഡ്വ. ടി സരള, എൻ.വി ശ്രീജിനി, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, സെക്രട്ടറി റ്റൈനി സൂസൺ ജോൺ, ഫിനാൻസ് ഓഫീസർ കെ.വി മുകുന്ദൻ, വർക്കിങ് ഗ്രൂപ്പ് ചെയർപേഴ്സൻമാർ കൂടിയായ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, കൺവീനർമാർ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാർ ഉൾപ്പെടെയുള്ള മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് 14 വർക്കിംഗ് ഗ്രൂപ്പുകളായി മുൻകൂട്ടി തയ്യാറാക്കിയ അവസ്ഥാരേഖ അടിസ്ഥാനപ്പെടുത്തി പ്രൊജക്ട് ആശയങ്ങളും നിർദേശങ്ങളും ചർച്ച ചെയ്ത് സമർപ്പിച്ചു.
- Log in to post comments