Skip to main content

കരുതലും കൈത്താങ്ങും അദാലത്ത്: ജനങ്ങൾക്ക് ആശ്വാസമായി

* പുതിയ അപേക്ഷകളിൽ രണ്ടാഴ്ചയ്ക്കകം നടപടി

തിരുവനന്തപുരം ജില്ലയിൽ ഡിസംബർ 9 മുതൽ 17 വരെ നടന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് പൊതുജനങ്ങൾക്ക് ആശ്വാസമായെന്നും നിരവധി പരാതികൾ അദാലത്തിൽ പരിഹരിക്കാൻ സാധിച്ചുവെന്നും പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിലും വാർത്താസമ്മേളനത്തിൽ പറഞ്ഞു. അദാലത്ത് വേദികളിൽ ലഭിച്ച പുതിയ അപേക്ഷകളിൽ രണ്ടാഴ്ചയ്ക്കകം നടപടി സ്വീകരിച്ച് അപേക്ഷകന് മറുപടി നൽകും. സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആശങ്കകൾ അവഗണിക്കപ്പെടുന്നില്ലെന്ന് അദാലത്ത് ഉറപ്പാക്കി. ഉദ്യോഗസ്ഥരുടെ സേവന മനോഭാവത്തിൽ മാറ്റം വരുത്താനും അദാലത്തുകൾ വഴിതെളിച്ചു.

തിരുവനന്തപുരം ജില്ലയിൽ ഓൺലൈൻ മുഖേന ആകെ 4589 അപേക്ഷകൾ ലഭിച്ചതിൽ 3010 അപേക്ഷകൾ അദാലത്തിൽ പരിഗണിച്ചു നടപടികൾ പൂർത്തീകരിച്ചു.

ഡിസംബർ 9 ന് വഴുതയ്ക്കാട് വിമൻസ് കോളേജ് ആഡിറ്റോറിയത്തിൽ നടന്ന തിരുവനന്തപുരം താലൂക്ക് അദാലത്തിൽ ഓൺലൈനായി ലഭിച്ച 1235 അപേക്ഷകളിൽ 556 എണ്ണം അദാലത്തിൽ പരിഗണിച്ചു.  അദാലത്ത് നടന്ന വേദിയിൽ 379 അപേക്ഷകൾ പുതുതായി ലഭിച്ചു. ഡിസംബർ 10 ന് നെയ്യാറ്റിൻകര എസ്.എൻ ആഡിറ്റോറിയത്തിൽ നടന്ന നെയ്യാറ്റിൻകര താലൂക്ക് അദാലത്തിൽ  ഓൺലൈനായി ലഭിച്ച 743 അപേക്ഷകളിൽ 415  അപേക്ഷകൾ പരിഗണിച്ചു. അദാലത്ത് വേദിയിൽ 962 അപേക്ഷകൾ പുതുതായി ലഭിച്ചു.

ഡിസംബർ 12 ന് നെയ്യാറ്റിൻകര പഴകുറ്റി എം റ്റി ആഡിറ്റോറിയത്തിൽ നടന്ന നെടുമങ്ങാട് താലൂക്ക് അദാലത്തിൽ ഓൺലൈനായി ലഭിച്ച 1216 അപേക്ഷകളിൽ 1026 എണ്ണം പരിഗണിച്ചു. അദാലത്ത് വേദിയിൽ 968 അപേക്ഷകൾ പുതുതായി ലഭിച്ചു. മാമം പൂജ കൺവെൻഷൻ സെന്ററിൽ ഡിസംബർ 13 ന് നടന്ന ചിറയിൻകീഴ് താലൂക്ക് അദാലത്തിൽ ഓൺലൈനായി ലഭിച്ച 452 അപേക്ഷകളിൽ 246  എണ്ണം പരിഗണിച്ചു. അദാലത്ത് വേദിയിൽ 275 അപേക്ഷകൾ പുതുതായി ലഭിച്ചു.

ഡിസംബർ 16 ന് വർക്കല എസ് എൻ കോളേജിൽ നടന്ന വർക്കല താലൂക്ക് അദാലത്തിൽ ഓൺലൈനായി ലഭിച്ച 533 അപേക്ഷകളിൽ 439 അപേക്ഷകൾ  പരിഗണിച്ചു. അദാലത്ത് വേദിയിൽ 526  അപേക്ഷകൾ പുതുതായി ലഭിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ഡിസംബർ 17 ന് നടന്ന കാട്ടാക്കട താലൂക്ക് അദാലത്തിൽ ഓൺലൈനായി ലഭിച്ച 410 അപേക്ഷകളിൽ 328 അപേക്ഷകൾ പരിഗണിച്ചു. അദാലത്ത് വേദിയിൽ 604 അപേക്ഷകൾ പുതുതായി ലഭിച്ചു.

പൊതുവിഭാഗത്തിൽ നിന്നും മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റിയ 1038 റേഷൻ കാർഡുകൾ അദാലത്തുകളിൽ വിതരണം ചെയ്തു. തിരുവനന്തപുരം ജില്ലയിൽ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 1807 അപേക്ഷകളും സിവിൽ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട്  457 അപേക്ഷകളും തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് 576 അപേക്ഷകളും പരിഗണിച്ചു.

അദാലത്തു വേദികളിൽ പുതുതായി ലഭിച്ച എല്ലാ അപേക്ഷകളിലും രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിച്ച് അപേക്ഷകന് മറുപടി നൽകി തീർപ്പാക്കുവാൻ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രിമാർ അറിയിച്ചു.

പി.എൻ.എക്സ്. 5725/2024

date