Skip to main content

കുട്ടികള്‍ക്ക് അഭയകേന്ദ്രമായി  ഹെല്‍പ്പ് ലൈന്‍ നമ്പര്‍ '1517'

 

 

                കുട്ടികളുടെ അഭയകേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ 1517 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുമായി ജില്ലാ ശിശുക്ഷേമ സമിതി. സമൂഹത്തില്‍ അവശത അനുഭവിക്കുന്നതും വിവിധതരം പീഡനങ്ങള്‍ക്ക് വിധേയമാകുന്ന കുട്ടികള്‍ക്ക് അത്താണിയാവുക എന്ന ലക്ഷ്യത്തോടെ ജില്ലാ ശിശുക്ഷേമ സമിതിയാണ് തണല്‍ എന്ന പേരില്‍ പദ്ധതി നടപ്പാക്കിയത്. മാനസിക ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളുടെ പ്രശ്‌നങ്ങള്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചറിയിക്കാം. ഇത്തരം വിളികള്‍ സ്വീകരിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്   പ്രത്യേകം മൊബൈല്‍ ഫോണ്‍ സജ്ജമാക്കിയിട്ടണ്ട്. മൂന്ന് സന്നദ്ധ പ്രവര്‍ത്തകരെയാണ് ഇതിനായി നിയോഗിച്ചത്. ഒരു ഫോണിലേക്ക് വരുന്ന കോള്‍ സ്വീകരിക്കാതിരിക്കുകയാണെങ്കില്‍ അടുത്ത ആളിലേക്ക് കോള്‍ ഡൈവര്‍ട്ട് ചെയ്യുന്ന തരത്തിലാണ് ഫോണുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ലഭ്യമാകുന്ന പരാതി അന്വേഷിക്കാനായി സമിതിയുടെ സന്നദ്ധപ്രവര്‍ത്തകര്‍ പ്രസ്തുത സ്ഥലത്ത് എത്തിച്ചേരുകയും വിഷയത്തില്‍ ഇടപ്പെടുകയും ചെയ്യും. പ്രശ്‌ന പരിഹാരത്തിന് പോലീസ്, ആരോഗ്യം,സാമൂഹ്യ നീതി, വിദ്യാഭ്യാസം,നീതിന്യായം തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകളുടെ സഹായം തേടും. പദ്ധതിയില്‍  കുട്ടികളുമായി ബന്ധപ്പെട്ടതും രക്ഷിതാക്കളെ ബാധിക്കുന്നതുമായ വിഷയങ്ങളാണ് കൈകാര്യംചെയ്യുന്നത്.

 

                ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നതിനുളള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍  ജില്ലാ കളക്ടര്‍ എസ്.സുഹാസ് ജില്ലാ ശിശുക്ഷേമ സമിതിയെ ചുമതലപ്പെടുത്തി. ജില്ലയിലെ മുഴുവന്‍ സ്‌കൂളിലും സ്റ്റിക്കറുകള്‍,ബോര്‍ഡുകള്‍ തുടങ്ങിയവ വിതരണം ചെയ്യും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇതു സംബന്ധിച്ച് ബോധവല്‍കരണ ക്ലാസ്സുകള്‍ നടത്തും. പദ്ധതി ഏകോപിപ്പിക്കാനായി ഒരു സോഷ്യല്‍ വര്‍ക്കറെ നിയമിക്കും. മീനങ്ങാടിയിലെ ശിശു ക്ഷേമ സമിതിയുടെ ഓഫീസിലാണ് സെല്‍ പ്രവര്‍ത്തിക്കുന്നത്. 

date