തെരഞ്ഞെടുപ്പും - തെരഞ്ഞെടുപ്പു പ്രക്രിയയും ക്വിസ്സ് മത്സരം നടത്തുന്നു.
ജനാധിപത്യ പ്രക്രിയയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനായി ഇന്ത്യന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ ആഭിമുഖ്യത്തില്‍ 14 മുതല്‍ 17 വയസ്സു വരെ പ്രായ പരിധിയിലുള്ള ഭാവി വോട്ടര്‍മാരായ ഹൈസ്‌ക്കൂള്‍ / ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തെരഞ്ഞെടുപ്പും - തെരഞ്ഞെടുപ്പു പ്രക്രിയയും എന്ന വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ക്വിസ് മത്സരം നടത്തുന്നു. ജില്ലാ തല മത്സരം ഡിസംബര്‍ നാലിന് വൈകുന്നേരം മൂന്നിന് മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടത്തും. സ്‌ക്കൂള്‍ തലത്തിലുള്ള പ്രാഥമിക റൗണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള രണ്ടു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന 120 സ്‌ക്കൂളുകളില്‍ നിന്നുള്ള ടീമുകള്‍ ജില്ലാതല മത്സരത്തില്‍ പങ്കെടുക്കും. ജില്ലാതല മത്സരത്തിലെ വിജയികള്‍ക്ക് സംസ്ഥാന തലത്തിലും സംസ്ഥാന തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് ദേശീയ തലത്തിലും മത്സരിക്കാന്‍ അവസരം ലഭിക്കും. ജില്ലാതല മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 2018 ജനുവരി 25ന് നടക്കുന്ന ദേശീയ സമ്മതിദായക ദിനാഘോഷത്തില്‍ ക്യാഷ് പ്രൈസുകള്‍ നല്‍കും. ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.വി. രഘുരാജ്, ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈലാ റാം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ സി.ഐ. വത്സല എന്നിവര്‍ പങ്കെടുത്തു.
- Log in to post comments