Skip to main content

കർഷകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ  ഗുണനിലവാര പരിശോധന നടത്തി സമയബന്ധിതമായി നെല്ല് സംഭരണം നടത്താൻ ഭക്ഷ്യ, കൃഷി വകുപ്പ് മന്ത്രിമാരുടെ നിർദ്ദേശം

-നെല്ല് സംഭരണം സുഗമമായി നടത്തുന്നതിന്  മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു

 

 

നെല്ലിന്റെ ഗുണനിലവാര പരിശോധന കർഷകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടത്തി സമയബന്ധിതമായി നെല്ലെടുക്കാൻ പാഡി മാർക്കറ്റിംഗ് ഓഫീസർമാർക്ക്  നിർദ്ദേശം. ആലപ്പുഴ ജില്ലയിലെ നെല്ല് സംഭരണം സുഗമമായി നടത്തുന്നതിന്  കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെയും ഭക്ഷ്യ പൊതുവിതരണ വകുപ്പ്  മന്ത്രി ജി ആർ അനിലിൻ്റെയും നേതൃത്വത്തിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് ഈ നിർദ്ദേശം.  

 

കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ആർ ആർ ടികൾ അവധി ദിവസങ്ങളിൽ ഉൾപ്പെടെ ഫലപ്രദമായി പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെടണമെന്നും മന്ത്രിമാർ നിർദ്ദേശിച്ചു. 2025 ഫെബ്രുവരി വരെ സംഭരിച്ച നെല്ലിന്റെ വില അനുവദിച്ചിട്ടുള്ളതായും ജില്ലയിലെ മുഴുവൻ കർഷകരുടെയും നെല്ല് സമയബന്ധിതമായി കൊയ്ത് സംഭരിക്കുന്നതിന് വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും.നിലവിൽ ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും ആർ ആർ ടി  കൾ രൂപീകരിച്ചിട്ടുണ്ടെന്നും  മന്ത്രി പി പ്രസാദ് പറഞ്ഞു.

 

തോമസ് കെ തോമസ് എം എൽ എ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അമ്പിളി , കർഷക തൊഴിലാളി പ്രതിനിധികൾ, കർഷക സംഘടനാ പ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡൻ്റുമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.

date