മില്ല് ഉടമകൾ സമയബന്ധിതമായി നെല്ല് സംഭരണം നടത്തണം: ജില്ലാ കളക്ടർ
ജില്ലയിലെ നെല്ല് സംഭരണത്തിന് സപ്ലൈകോ ചുമതലപ്പെടുത്തിയിട്ടുള്ള മില്ല് ഉടമകൾ അവരെ നിയോഗിച്ചിട്ടുള്ള പാടങ്ങളിൽ നിന്നും സമയബന്ധിതമായി നെല്ല് സംഭരണം നടത്താൻ ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർദ്ദേശിച്ചു. ജില്ലയിലെ നെല്ല് സംഭരണം സുഗമമാക്കുവാൻ മന്ത്രിമാരായ പി പ്രസാദിൻ്റെയും ജി ആർ അനിലിൻ്റെയും നിർദ്ദേശാനുസരണം ജില്ലാ കളക്ടർ മില്ല് ഉടമകളുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് ഈ തീരുമാനം.
നെല്ലിൻ്റെ ഗുണ നിലവാരത്തിൽ തർക്കങ്ങളുണ്ടായാൽ ജനപ്രതിനിധികൾ , കർഷകർ, മില്ല് ഉടമകൾ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഗുണനിലവാര പരിശോധന നടത്തി അതിൻ്റെ അടിസ്ഥാനത്തിൽ നെല്ല് സംഭരിക്കുവാനുള്ള നടപടികൾ മില്ല് ഉടമകൾ സ്വീകരിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. വേനൽമഴ പ്രതീക്ഷിക്കുന്നത് കൊണ്ട് കൊയ്ത നെല്ല് എത്രയും പെട്ടെന്ന് തന്നെ സംഭരിക്കാൻ മില്ല് ഉടമകൾ നടപടിയെടുക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.
യോഗത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അമ്പിളി , പാഡി മാർക്കറ്റിംഗ് ഉദ്യോഗസ്ഥർ, മില്ല് ഉടമകൾ, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments