മന്ത്രിസഭ നാലാം വാര്‍ഷികം എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 03 മുതല്‍ 12 വരെ; സംഘാടക സമിതിയായി
മേള സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ പ്രതിഫലനമായി മാറും- മന്ത്രി മുഹമ്മദ് റിയാസ്
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ ജില്ലയില്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗവും 10 ദിവസം നീളുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയും സംസ്ഥാനതല യുവജന യോഗവും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ നടക്കും. മെയ് മൂന്ന് മുതല്‍ 12 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം മേള സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ പ്രതിഫലനമായി മാറുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളിലും തലങ്ങളിലുമുള്ളവരെ മേളയുടെ ഭാഗമാക്കും. സംസ്ഥാനം വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളും ജില്ലയുടെ വികസന നേര്‍ക്കാഴ്ചയും ആധുകനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മേളയുടെ ഭാഗമായി ജനങ്ങളിലേക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. പതിവ് മേളകളില്‍ നിന്ന് വ്യത്യസ്തമായി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പുതിയ അനുഭവങ്ങള്‍ മേള സന്ദര്‍ശകര്‍ക്ക് പകര്‍ന്നു നല്‍കും.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന എന്റെ കേരളം മേളയ്‌ക്കൊപ്പം കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ദേശീയ സരസ് മേളയും ബീച്ചില്‍ അരങ്ങേറും. പ്രദര്‍ശന- വിപണന, സേവന സ്റ്റാളുകള്‍, കലാപരിപാടികള്‍, പുസ്തകമേള, സെമിനാര്‍, സംവാദങ്ങള്‍, ഭക്ഷ്യമേള, കുട്ടികളുടെ പാര്‍ക്ക്, കാര്‍ഷിക പ്രദര്‍ശനം തുടങ്ങിയവ മേളക്ക് മാറ്റ് കൂട്ടും. പ്രാദേശിക കലാകാരന്മാരുടെ പ്രകടനങ്ങള്‍ക്കും മേള വേദിയാവും. സമ്പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ചായിരിക്കും മേള. കിഫ്ബിയുടെ സഹായത്തോടെയാണ് പ്രദര്‍ശനമേളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക.
വാര്‍ഷികാഘോഷ പരിപാടികളുടെ വിജയത്തിനായി മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ് ചെയര്‍മാനായും എ കെ ശശീന്ദ്രന്‍ കോ ചെയര്‍മാനുമായുള്ള സംഘടക സമിതിക്ക് യോഗം രൂപം തല്‍കി. ജില്ലയിലെ എം പിമാര്‍, എം എല്‍ എമാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ അടങ്ങുന്ന ജില്ല കമ്മിറ്റിയും ജില്ലാ കലക്ടര്‍ ജനറല്‍ കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായുള്ള സംഘാടകസമിതിയാണ് രൂപീകരിച്ചത്. കൂടാതെ 18 സബ് കമ്മിറ്റികളും രൂപീകരിച്ചു.
യോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മേയര്‍ ഡോ ബീന ഫിലിപ്പ് മുഖ്യാതിഥിയായി. എം എല്‍ എ മാരായ പി ടി എ റഹീം, അഹമ്മദ് ദേവര്‍കോവില്‍, കെ എം സച്ചിന്‍ ദേവ്, കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ പി ഗവാസ്, ജില്ലാ റൂറല്‍ പോലീസ് മേധാവി കെ ഇ ബൈജു, ഡിസിപി അരുണ്‍ കെ പവിത്രന്‍, എ ഡി എം സി മുഹമ്മദ് റഫീഖ്, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്, മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍, ഐ പി ആര്‍ ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ ടി ശേഖര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ സംവാദം മെയ് മൂന്നിന്
ജില്ലാതല യോഗം മെയ് 13-ന്
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വിവിധ ജില്ലകളിലായി സംസ്ഥാനതല യോഗങ്ങള്‍ നടക്കും. ജില്ലയില്‍ മെയ് മൂന്നിന് യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ യുവജനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംവദിക്കും. മെയ് 13 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലാതല യോഗം നടക്കും. യോഗത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുമുള്ളവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സര്‍ക്കാരിന്റെ വിവിധ പദ്ധതി ഗുണഭോക്താക്കളുടെ പ്രതിനിധികള്‍, വ്യത്യസ്തങ്ങളായ മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
- Log in to post comments