വിജ്ഞാന കേരളം ക്യാംപയിന് ജില്ലയിൽ തുടക്കം
അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തങ്ങളുടെ യോഗ്യതക്കും നൈപുണ്യത്തിനും അനുസൃതമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'വിജ്ഞാനകേരളം' ജനകീയ ക്യാംപയിന് ജില്ലയിൽ തുടക്കം. പദ്ധതി ജില്ലയിൽ വിജയകരമാക്കാൻ മന്ത്രി വി അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ജനകീയാസൂത്രണവും സാക്ഷരതാ പ്രവർത്തനവും വിജയിപ്പിച്ചത് പോലെ മലപ്പുറം പദ്ധതിയുടെ കൂടെ നിൽക്കും. യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകി മികച്ച ജോലിക്ക് പ്രാപ്തരാക്കാൻ ക്യാംപയിൻ സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു. 'വിജ്ഞാന കേരളം' ഉപദേശകൻ മുൻ മന്ത്രി ഡോ. തോമസ് ഐസക് പദ്ധതി വിശദീകരിച്ചു. ക്യാംപയിൻ വിജയത്തിനായി മന്ത്രി അധ്യക്ഷനായി ജില്ലാ സമിതി രൂപീകരിച്ചു. ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ അംഗങ്ങളാണ്. ജില്ലാതല സമിതി രൂപീകരണ യോഗത്തിൽ എംഎൽഎമാരായ പി ഉബൈദുല്ല, ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖ, ജില്ലാ കളക്ടർ വി ആർ വിനോദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് കേരളാ ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (കെ-ഡിസ്ക്) ചേർന്ന് നടപ്പ് അധ്യായന വർഷത്തിൽ പൈലറ്റ് നൈപുണ്യ പരിശീലന പരിപാടിയിലൂടെ 25,000 വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകാനും അതുവഴി തൊഴിൽ സജ്ജമാക്കാനുമാണ് ലക്ഷ്യമിടുന്നത്. അവസാന വർഷ ബിരുദ വിദ്യാർഥികൾക്ക് പ്രത്യേക തൊഴിൽ പരിശീലനം പദ്ധതിയുടെ ഭാഗമായി നൽകും. വിദ്യാർഥികളെ ജോലിക്ക് പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ജില്ലാ കൗൺസിലിന്റെ കീഴിൽ എംഎൽഎ മാർ അധ്യക്ഷൻമാരായി നിയോജക മണ്ഡലത്തിലും സമിതികൾ രൂപീകരിക്കും. എല്ലാ കോളേജുകളിലും പ്രത്യേക സമിതി രൂപീകരിച്ച് പദ്ധതികൾ നടപ്പാക്കും. ജൂൺ മാസത്തിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ച് ജോലി ലഭ്യമാക്കും. സംസ്ഥാനത്തിനകത്തും പുറത്തമുള്ള സ്ഥാപനങ്ങൾ പങ്കെടുക്കുന്ന രീതിയിലാണ് തൊഴിൽ മേള ആസൂത്രണം ചെയ്യുന്നത്.
നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായി പ്രമുഖ പങ്കാളിത്ത സ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ കോഴ്സുകൾ, സോഫ്റ്റ് സ്കിൽ വർധിപ്പിക്കാനായുള്ള വർക്ക് റെഡിൻസ് പ്രോഗ്രാം, എംപ്ലോയബിലിറ്റി പരിശീലനം, രണ്ടു ദിവസത്തെ ഇമ്മേഴ്സീവ് ഡൊമെയ്ൻ പരിശീലനം, ഭാഷാ പരിശീലന പരിപാടികളായ പേഴ്സണാലിറ്റി ഡെവലപ്മെന്റ് പരിശീലനം , ഇംഗ്ലീഷ് ഭാഷാ പരിശീലനം എന്നിവയും ഉൾപെടുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങങ്ങളിലെ വിദ്യാർത്ഥികൾക്ക് അവരുടെ താല്പര്യവും അഭിരുചിയും അനുസരിച്ച് ഇതിലെ പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അധ്യാപകരുടെയും പൂർണ പങ്കാളിത്തത്തിലൂടെ വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് മേഖലകൾക്കനുസൃതമായ പരിശീലനം നൽകി പഠന ശേഷം തൊഴിൽ നേടുന്നതിനുള്ള അവരുടെ നൈപുണ്യം ഉറപ്പാക്കുന്നതിനുമാണ് വിജ്ഞാന കേരളം നൈപുണ്യ പരിശീലന പരിപാടി ലക്ഷ്യമാക്കുന്നത്.
- Log in to post comments