Skip to main content

വൻ വികസന പദ്ധതികളുമായി ജിസിഡിഎ ബജറ്റ്

ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനത്തിന് പ്രത്യേക പരിഗണന

 

കായിക, ടൂറിസം മേഖലകൾക്കും പ്രാധാന്യം

 

സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികൾ

 

ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനം, കായികം, ടൂറിസം, മേഖലയ്ക്ക് മുൻഗണന നൽകി വിശാല കൊച്ചി വികസന അതോറിറ്റിയുടെ 2025 - 26 വർഷത്തെ ബജറ്റ്. 25941.67 ലക്ഷം വരവും 21888.38 ലക്ഷം ചെലവും 4053.32 ലക്ഷ്യം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ചെയർമാൻ കെ ചന്ദ്രൻപിള്ള അവതരിപ്പിച്ചു. 

 

ജിസിഡിഎ രൂപം കൊണ്ടിട്ട് 50 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. ഇതിൻ്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു. ഇതിനായി 50 ലക്ഷം രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. ജിസിഡിഎയുടെ സംഭാവനകളെ ഉയർത്തിപ്പിടിക്കുക, നഗര ആസൂത്രണത്തെയും സുസ്ഥിരതയെയും കുറിച്ചുള്ള സംവാദങ്ങൾ സംഘടിപ്പിക്കുക, ഭാവി സംരംഭങ്ങൾക്ക് പ്രചോദനം നൽകുക എന്നിവ ഇതിൻ്റെ ഭാഗമായി ലക്ഷ്യമിടുന്നു. ഒപ്പം വിശാല കൊച്ചി @ 2035 എന്നപേരിൽ വിപുലമായ സെമിനാറുകളും സംഘടിപ്പിക്കും. ഇതിനായി 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 

 

ഇൻഫോപാർക്കിനോട് ചേർന്നുള്ള 300 ഏക്കർ സ്ഥലത്ത് ഇൻഫോപാർക്കിന്റെ മൂന്നാംഘട്ട വികസന പദ്ധതികൾക്ക് ബജറ്റിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. പാർപ്പിടം വാണിജ്യം വ്യവസായം ആരോഗ്യം ഹോസ്പിറ്റലിൽ വിദ്യാഭ്യാസം കായികം ഐ ടി എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ടൗൺഷിപ്പ് ആണ് ആസൂത്രണം ചെയ്യുന്നത്. 150 ലക്ഷം രൂപയാണ് ബജറ്റിൽ ഇതിനായി അനുവദിച്ചിരിക്കുന്നത്. 

 

കായിക മേഖലയ്ക്ക് പ്രാധാന്യം നൽകി ചെറുതും വലുതുമായി മുപ്പതോളം പദ്ധതികളാണ് വിവിധ പഞ്ചായത്തുകളിൽ നടത്താൻ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടമായി മൂന്നു കോടി ചെലവിൽ കീഴ്മാട് പഞ്ചായത്തിൽ മൾട്ടിപർപ്പസ് ഗ്രൗണ്ട്, 50 ലക്ഷം രൂപ ചെലവിൽ എടത്തല ഗ്രാമപഞ്ചായത്തിൽ മിനി സ്പോർട്സ് ആക്ടിവിറ്റി ഏരിയ, 50 ലക്ഷം ചെലവിൽ പറവൂർ സ്പോർട്സ് ആക്ടിവിറ്റി സെൻ്റെർ, 25 ലക്ഷം ചെലവിൽ കരിമുകൾ ഹാപ്പിനെസ്സ് പാർക്ക് എന്നീ പദ്ധതികൾക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. ജിസിഡിഎ ചെയർമാൻസ് കപ്പ് ഫുട്ബോൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിന് 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 

 

ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായി ഭക്ഷണശാലകൾ കഫേകൾ മുതലായവ ഉൾക്കൊള്ളിച്ചുകൊണ്ട് വിവിധതരം ടൂറിസം സർക്യൂട്ടുകളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോർട്ടുകൊച്ചി - മട്ടാഞ്ചേരി പ്രദേശങ്ങളിലെ ഹെറിറ്റേജ് സൈറ്റുകൾ ഉൾപ്പെടുത്തി സർക്യൂട്ട്, ഹിൽപാലസ് - അമ്പലങ്ങൾ എന്നിവ ഉൾപ്പെടുന്ന തൃപ്പൂണിത്തുറ ഹെറിറ്റേജ് സർക്യൂട്ട്, ആലുവ മണപ്പുറം - പരുന്തുറാഞ്ചി ദ്വീപ് എന്നിവ ഉൾപ്പെടുന്ന ആലുവ ടൂറിസം പ്ലാൻ എന്നിവയ്ക്കായി ബജറ്റിൽ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൊച്ചിയിലെ പ്രധാന ടൂറിസം കേന്ദ്രമായ മറൈൻ ഡ്രൈവിൽ വിവിധ സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ടൂറിസം മാനേജ്മെൻ്റ് പ്ലാൻ അവതരിപ്പിക്കും. ഇതിൻ്റെ പ്രാരംഭ നടപടികൾക്കായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 

 

ഗതാഗത വികസനത്തിനായി തൃപ്പൂണിത്തുറ, ചെല്ലാനം ബസ് ടെർമിനുകൾക്ക് ബജറ്റിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. അർബൻ ബ്യൂട്ടിഫിക്കേഷനായി 400 ലക്ഷം കിഫ്ബി ഫണ്ട് ഉപയോഗിച്ച് എം കെ അർജുനൻ മാസ്റ്റർ സ്മാരക കേന്ദ്രം, 400 ലക്ഷം വിനിയോഗിച്ച് പാലാരിവട്ടം ഫ്ലൈ ഓവർ സൗന്ദര്യവൽക്കരണം, 400 ലക്ഷം വിനിയോഗിച്ച് വൈറ്റില ഫ്ലൈ ഓവർ സൗന്ദര്യവൽക്കരണം, 200 ലക്ഷം വിനിയോഗിച്ച് കസ്തൂർബാ നഗർ വാക്ക് വേയിൽ ഫുഡ് സ്ട്രീറ്റ് പദ്ധതി എന്നിവയ്ക്കും ബജറ്റിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. 

 

ധോബിഘാന കൊമേഴ്സ് കോംപ്ലക്സ് നിർമ്മാണത്തിന് 3.6 കോടി, ജിസിഡിഎയുടെ കൈവശമുള്ള പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ വിവാഹം നടത്തുന്നതിനുള്ള സൗകര്യം, കാക്കനാട്, മരട് എന്നിവിടങ്ങളിൽ ഫുഡ് ഹബ്ബുകൾ ആരംഭിക്കുന്നതിന് 65 ലക്ഷം, വരാപ്പുഴ മാർക്കറ്റ് പുനർ നിർമ്മാണത്തിന് 10 ലക്ഷം, ഫുഡ് സ്ട്രീറ്റ് പദ്ധതിക്ക് 25 ലക്ഷം, ഷീ ഹോസ്റ്റൽ പദ്ധതിയുടെ പൂർത്തീകരണത്തിന് 7.5 കോടി, റെൻ്റൽ ഹൗസിംഗ് ഏഴ് കോടി, ഗോഡൗൺ പനമ്പിള്ളി നഗർ പദ്ധതിക്ക് 1.5 കോടി, കായൽ സമര സ്മാരക ഹോസ്റ്റൽ 1.5 കോടി, വനിത ഫിറ്റ്നസ് സെൻ്റർ രണ്ട് കോടി, കടവന്ത്ര കൊമേഴ്സ്യൽ റെസിഡൻഷ്യൽ കോംപ്ലക്സ് ഒരു കോടി, കരിമുകൾ മൾട്ടിപർപ്പസ് ഹാൾ ഒരു കോടി, എടത്തല കൊമേഴ്സ്യൽ കോംപ്ലക്സ് ഒരു കോടി, ഇടപ്പള്ളി രാഘവൻ പിള്ള മെമ്മോറിയൽ പാർക്ക് 2 ലക്ഷം രൂപ, രാമേശ്വരം മുണ്ടംവേലി ലൈഫ് മിഷൻ പദ്ധതിക്ക് സമീപം ഷോപ്പിംഗ് കോംപ്ലക്സ് 70 ലക്ഷം, ചങ്ങമ്പുഴ സമാധി നവീകരണം 25 ലക്ഷം, കാക്കനാട് ഷോപ്പിംഗ് കോംപ്ലക്സ് അഞ്ച് കോടി, അംബേദ്കർ സ്റ്റേഡിയം പുനർനിർമാണം ഒരുകോടി എന്നിങ്ങനെ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

date