Skip to main content

മന്ത്രിസഭയുടെ നാലാം വാർഷികം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ജില്ലാതല യോഗം മെയ് ആറിന്

 

 

*എന്റെ കേരളം പ്രദർശന വിപണനമേള മെയ് ആറ് മുതൽ ആലപ്പുഴ ബീച്ചിൽ

 

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗവും എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഉദ്ഘാടനവും മെയ് ആറിന് നടക്കും. പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ജില്ലാതല യോഗത്തിന്റെയും ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സുഗമമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണയോഗം കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. 

നാലാം വാർഷികത്തിന്റെ ഭാഗമായുള്ള ജില്ലാതല അവലോകന യോഗത്തിൽ എല്ലാ മേഖലകളിൽ നിന്നുമുള്ള വ്യക്തികളെ പങ്കെടുപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മെയ് ആറ് മുതൽ ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശനമേളയിൽ 100 ലധികം സ്റ്റാളുകളുണ്ടാകും. ഇതിൽ 50 എണ്ണം വിവിധ വകുപ്പുകളുടെ സ്റ്റാളുകളാണ്. ജില്ലയുടെ പ്രത്യേകതക്കനുസരിച്ചുള്ള സ്റ്റാളുകൾകളാണ് തയാറാക്കുന്നത്. കലാപരിപാടികളും ഉണ്ടാകും. സർക്കാരിന്റെ നേട്ടങ്ങൾ, സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പ്രദർശനമേള എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ മികച്ച രീതിയിൽ നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു. 

യോഗത്തിൽ എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം എന്നിവർ നേരിട്ടും എം എസ് അരുൺകുമാർ, തോമസ് കെ തോമസ്, ദലീമ എന്നിവർ ഓൺലൈനായും പങ്കെടുത്തു.

 

കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് സംഘാടക സമിതി ചെയർമാൻ. ഫീഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കോ ചെയർമാനാണ്. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ നഗരസഭ അധ്യക്ഷ എന്നിവർ വൈസ് ചെയർമാൻമാരാണ്. ജില്ലാ കളക്ടർ ജനറൽ കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറുമാണ്. കൂടാതെ ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻമാർ, വിവിധ വകുപ്പിന്റെ ജില്ലാ മേധാവികൾ, നഗരസഭയിലെയും ജില്ലാ പഞ്ചായത്തിലെയും അംഗങ്ങൾ തുടങ്ങിയവർ സംഘാടക സമിതി അംഗങ്ങളാണ്. 

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പങ്കെടുക്കുന്ന ജില്ലാതല അവലോകനയോഗം മെയ് ആറിന് ആലപ്പുഴ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് യോഗം നടക്കുക. യുവജനങ്ങൾ, കർഷകർ, അധ്യാപകർ, വിദ്യാർഥികൾ, കലാ-സാംസ്‌കാരിക പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലെ 500ലധികം ആളുകൾ യോഗത്തിന്റെ ഭാഗമാകും. വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ ആഭിമുഖ്യത്തിൽ മെയ് ആറ് മുതൽ 12 വരെ ആലപ്പുഴ ബീച്ചിലാണ് എന്റെ കേരളം പ്രദർശന വിപണനമേള സംഘടിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സേവനങ്ങളും പദ്ധതികളും അവതരിപ്പിക്കുന്ന സ്റ്റാളുകൾ, വിദ്യാഭ്യാസം, കൃഷി, ഫിഷറീസ്, തൊഴിൽ, സാംസ്‌കാരികം, ആരോഗ്യം, പട്ടികജാതി, പട്ടികവർഗ്ഗക്ഷേമം, കലാ സാംസ്‌കാരികം, അക്ഷയ, കിഫ്ബി എന്നിങ്ങനെ വിവിധ വകുപ്പുകളുടെ പ്രദർശന വിപണന സേവന സ്റ്റാളുകൾ എന്നിവ മേളയിൽ ഉണ്ടാകും.

ജില്ല കളക്ടർ അലക്‌സ് വർഗീസ്, എഡിഎം ആശാ സി എബ്രഹാം, വിവര പൊതുജന സമ്പർക്ക വകുപ്പ് മേഖലാ ഉപഡയറക്ടർ നിജാസ് ജ്യൂവൽ,സബ് കളക്ടർ സമീർ കിഷൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, ചെങ്ങന്നൂർ ആർഡിഒ ജെ മോബി, എൽആർ ഡെപ്യൂട്ടി കളക്ടർ ജോളി ജോസഫ്, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

(പിആർ/എഎൽപി/979)

date