Skip to main content

സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നു : മന്ത്രി കെ എൻ ബാലഗോപാൽ

2024-25 സാമ്പത്തിക വർഷത്തെ മൊത്തം സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നതായി ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ട്രഷറിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം മാർച്ച് 29ന് സംസ്ഥാനതദ്ദേശ സ്വയംഭരണ പദ്ധതി ചെലവുകൾ 28,039 കോടി കടന്നു. സംസ്ഥാന പദ്ധതി ചെലവ് 18,705.68 കോടി രൂപയും (85.66 ശതമാനം)തദ്ദേശസ്ഥാപന പദ്ധതി ചെലവ് 9333.03 കോടി (110 ശതമാനം) രൂപയും കടന്നു.

രണ്ടു ട്രില്യൺ ബജറ്റിലേക്ക് കേരളം എത്തുന്നുവെന്നതിനെ സാധൂകരിക്കുന്നതാണ് ഈ സാമ്പത്തിക വർഷത്തെ കണക്കുകൾ. സംസ്ഥാനത്തെ പദ്ധതി ചെലവിൽ ഒരു വെട്ടികുറയ്ക്കലും ഉണ്ടായിട്ടില്ലെന്ന് വർഷാന്ത്യ കണക്കുകൾ വ്യക്തമാക്കുന്നു. അതുപോലെ ഏറ്റവും മികച്ച തദ്ദേശ സ്വയംഭരണ പദ്ധതി ചെലവാണ് ഇത്തവണ നടപ്പിലായത്. പദ്ധതികൾ ചുരുക്കുന്നു എന്ന ആക്ഷേപത്തിനുള്ള മറുപടിയാണ് ഈ പ്രവർത്തനമെന്ന് മന്ത്രി പറഞ്ഞു.

2023 - 24ൽ സംസ്ഥാന പദ്ധതി ചെലവ് 80.52 ശതമാനമായിരുന്നു. തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 84.7 ശതമാനവും. 2022 - 23ൽ സംസ്ഥാന പദ്ധതി ചെലവ് 81.8 ശതമാനവും തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 101.41 ശതമാനവുമായിരുന്നു. 2024-25 വർഷത്തെ വാർഷിക ചെലവ് ഏകദേശം 1.75 ലക്ഷം കോടി രൂപ കവിഞ്ഞു. മാർച്ചിൽ മാത്രം 26,000 കോടി രൂപയിൽ അധികമാണ് ചെലവിട്ടതെന്ന് മന്ത്രി വിശദമാക്കി.

പ്രാഥമിക കണക്കുകൾ പ്രകാരം തനത് വരുമാനം ഒരുലക്ഷം കോടിയിലേക്ക് എത്തുന്നു. തനത് നികുതി വരുമാനം 84,000 കടക്കുമെന്നാണ് സൂചന. പുതുക്കിയ അടങ്കലിൽ 81,627 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. നികുതിയേതര വരുമാനം മാർച്ച് 27 വരെയുള്ള അനുമാനകണക്കിൽ 15,632 കോടി രൂപയായെന്ന് മന്ത്രി പറഞ്ഞു..

വിവിധ ഇനങ്ങൾക്ക് ഈവർഷം നൽകിയ തുക

Ø ക്ഷേമ പെൻഷൻ  13,082 കോടി (ബജറ്റിനെക്കാൾ 2053 കോടി അധികം)

Ø കാസ്പിന് 979 കോടി (ബജറ്റിനെക്കാൾ 300 കോടി അധികം)

Ø സർക്കാർ ആശുപത്രികൾക്ക് അവശ്യ മരുന്നുകൾ വാങ്ങി നൽകിയതിന് മെഡിക്കൽ സർവീസസ് കോർപറേഷന് 607 കോടി. (ബജറ്റിനേക്കാൾ 251 കോടി അധികം)

Ø റേഷൻ സബ്സിഡിക്ക് 1,012 കോടി (ബജറ്റിനെക്കാൾ 74 കോടി അധികം)

Ø കെഎസ്ആർടിസിക്ക് 1,612 കോടി. (ബജറ്റിനെക്കാൾ 676 കോടി അധികം)

Ø ജലജീവൻ മിഷന് 952 കോടി. (ബജറ്റിനെക്കാൾ 401 കോടി അധികം)

Ø ലൈഫ് മിഷന്  749 കോടി. പുറമെ പിഎഎവൈ അർബൻ പദ്ധതിക്ക് 61 കോടി നൽകി.

Ø ഉച്ച ഭക്ഷണ പദ്ധതിക്ക് 759 കോടി.

Ø നെല്ല് സംഭരണത്തിന് 558 കോടി. (ബജറ്റിലെ മുഴുവൻ തുകയും അനുവദിച്ചു)

Ø വിപണി ഇടപെടലിന് 489 കോടി. (ബജറ്റിനെക്കാൾ 284 കോടി അധികം)

Ø എസ് സി/ എസ് ടി/ഒ ബി സി/ ഒ ഇ സി/ മൈനോറിറ്റി സ്‌കോളർഷിപ്പുകൾക്കായി 1429 കോടി രൂപ. (മുൻകാല കുടിശികകളെല്ലാം തീർത്തു. ആവശ്യപ്പെട്ട തുക ലഭ്യമാക്കി)

Ø ആശ വർക്കേഴ്സിന് സംസ്ഥാന സഹായമായി 211 കോടി. (ബജറ്റിനെക്കാൾ 23 കോടി രൂപ അധികം)

Ø ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക് പ്രതിഫലമായി 240 കോടി

Ø എൻഎച്ച്എമ്മിന് സംസ്ഥാന വിഹിതമായി 425 കോടി. (ബജറ്റിനെക്കാൾ 60 കോടി അധികം)

Ø അയ്യൻകാളി തൊഴിലുറപ്പിൽ വേതനമായി 160 കോടി.

Ø സ്‌കൂൾ പാചക തൊഴിലാളി വേതനത്തിന് 379 കോടി.

Ø പുഞ്ച സബ്സിഡി 44 കോടി. (ബജറ്റിനെക്കാൾ 29 കോടി അധികം)

Ø സ്‌കൂൾ യുണിഫോം പദ്ധതിക്ക് 144 കോടി.

Ø ഇൻകം സപ്പോർട്ട് സ്‌കീമുകൾക്ക് 68 കോടി.

Ø ഗ്രാമീണ തൊഴിലുറപ്പിന്റെ സാധന സാമഗ്രി ചെലവിനായി 614 കോടി.

Ø കൊച്ചി മെട്രോയ്ക്ക് 439 കോടി നൽകി. (ബജറ്റിൽ വകയിരുത്തൽ ഉണ്ടായിരുന്നില്ല)

Ø കെഎസ്ഇബിക്ക് 495 കോടി. (ബജറ്റിൽ വകയിരുത്തൽ ഉണ്ടായിരുന്നില്ല)

എല്ലാ മേഖലയിലും ബജറ്റിനേക്കാൾ അധികം തുക ലഭ്യമാക്കാനും വകയിരുത്തൽ ഇല്ലാത്ത ചെലവുകളും അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞു. ജീവനക്കാരുടെയും അധ്യാപകരുടെയും ഡി എ കുടിശിക ശതമാനം അനുവദിച്ചു. സർവീസ് പെൻഷൻകാരുടെ ഒരു ഗഡു ക്ഷാമാശ്വാസവും അനുവദിച്ചു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡുവായ 600 കോടി രൂപ വിതരണം ചെയ്തു. ജീവനക്കാരുടെ ഡി എ കുടിശികയുടെ രണ്ടു ഗഡുക്കളുടെ ലോക്ക് ഇൻ പീരിയഡ് ഒഴിവാക്കി. സംസ്ഥാനത്തെ ദിവസ വേതനകരാർ ജീവനക്കാരുടെ വേതനം അഞ്ചു ശതമാനം ഉയർത്തി. ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണ കുടിശിക 50 ശതമാനം പി എഫിൽ ലയിപ്പിച്ചു. ക്ഷേമ പെൻഷൻ കുടിശിക രണ്ടു ഗഡു വിതരണം ചെയ്തു. ബാക്കി മൂന്നു ഗഡു ഈ സാമ്പത്തിക വർഷം നൽകുമെന്നും മന്ത്രി പറഞ്ഞു.

പി.എൻ.എക്സ് 1411/2025

 

date