Skip to main content

കെ.സി വേണുഗോപാൽ എം.പിയുടെ പ്രാദേശിക വികസന പദ്ധതി പ്രവൃത്തികളുടെ അവലോകനയോഗം ചേർന്നു

 

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ എം.പിയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർദ്ദേശിച്ച പ്രവൃത്തികളുടെ അവലോകനയോഗം ചേർന്നു.  

 കെ.സി വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ പ്ലാനിംഗ് ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു.

 പ്രാദേശിക വികസന പദ്ധതി പ്രകാരം മണ്ഡലത്തിൽ 31 വിവിധ പ്രവൃത്തികളിലായി മൂന്ന് കോടി 12 ലക്ഷം രൂപയുടെ ഭരണാനുമതി ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ 12 അംഗനവാടി കെട്ടിടങ്ങളുടെ നിർമ്മാണം, 15 ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്ഥാപനം, വിവിധ ആശുപത്രി കെട്ടിടങ്ങളുടെ നിർമ്മാണം, കുടിവെള്ള പദ്ധതി, പട്ടികജാതി പട്ടികവർഗ്ഗ മേഖലയ്ക്കായി വിവിധ റോഡുകൾ ഉൾപ്പടെ ഒരു കോടി അമ്പത്തിയെട്ട് ലക്ഷത്തിന്റെ 13 പ്രവൃത്തികൾ ഉൾപ്പെടെ പദ്ധതികൾ ഉൾപ്പെടുന്നുണ്ട്. ഇതിൽ ആറ് ഹൈ മാസ്ററ് ലൈറ്റ് പദ്ധതികൾ പൂർത്തീകരിച്ചതായി യോഗത്തിൽ അറിയിച്ചു. പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്ത എം.പി പ്രവൃത്തികൾ ധൃതഗതിയിൽ മുന്നോട്ടു പോകുന്നുണ്ടെങ്കിലും ചില പദ്ധതിനടത്തിപ്പിലുണ്ടാകുന്ന സാങ്കേതിക കാലതാമസം ആശ്വാസ്യമല്ലെന്നും അഭിപ്രായപ്പെട്ടു. സ്ഥലലഭ്യത കുറവ് പ്രവൃത്തി നിർവഹണത്തെ പ്രതികൂലമായി ബാധിക്കുന്നതായി വിലയിരുത്തിയ എംപി, തടസരഹിതമായി പദ്ധതികൾ പൂർത്തിയാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.കൂടാതെ നിർവഹണ സാധ്യതയില്ലാത്ത പ്രവൃത്തികൾ റദ്ദ് ചെയ്യുന്നതിനും യോഗത്തിൽ തീരുമാനിച്ചു

 

യോഗത്തിൽ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, ഫിനാൻസ് ഓഫീസർ അജയനന്ദ്, വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date