'ദിശ' പ്രദര്‍ശന മേള ശ്രദ്ധേയമാകുന്നു
മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനിയില്‍ നടക്കുന്ന ദിശ സേവന-ഉല്പന്ന പ്രദര്‍ശന-വിപണനമേള ശ്രദ്ധേയമാകുന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും 131 സ്റ്റാളുകളാണ് സജ്ജീകരിച്ചിട്ടുളളത്. കൂടാതെ സര്‍ക്കാര്‍ പദ്ധതികളായ ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസം എന്നിവയുടെ സ്റ്റാളുകളും ഉണ്ട്. ഫിലിം ആര്‍ട്ട് ഡയറക്ടര്‍ കെ. കൃഷ്ണന്‍കുട്ടി രൂപ കല്പന ചെയ്ത ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പവലിയന്‍ 'അക്ഷരി' യില്‍ ഫോട്ടോ പ്രദര്‍ശനവും സജ്ജീകരിച്ചിട്ടുണ്ട്.
ആധാര്‍ കാര്‍ഡ് എടുക്കുന്നതിനും ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഐ.ടി മിഷന്‍ സ്റ്റാളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായത്തിനുളള ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനും സൗജന്യ സേവനം ലഭ്യമാണ്. ലഹരിക്കെതിരെ സ്‌പോര്‍ട്‌സ് എന്ന സന്ദേശവുമായി സൂചി ഏറ്, ബാസ്‌ക്കറ്റ് ബോള്‍ എന്നീ കായിക വിനോദങ്ങള്‍ എക്‌സൈസ് സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ലഹരി ഉപയോഗിച്ച് നാശം സംഭവിച്ച അവയവങ്ങളുടെ മാതൃകയും ഇവിടെ കാണാനാവും. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ഒരുക്കിയിട്ടുളള സ്വപ്ന തീരം ഹരിത മാതൃക ആകര്‍ഷണീയ കാഴ്ചയാണ്. കടലാക്രമണം പ്രതിരോധിക്കുന്നതിനോടൊപ്പം പരിസ്ഥിതി സൗഹൃദ ഊര്‍ജോത്പാദന സംവിധാനത്തിന്റെ മാതൃകയും ഇവിടെ കാണാം. സൗജന്യ സിം കാര്‍ഡും റീ ചാര്‍ജിംഗ് സംവിധാനവും ബി. എസ.് എന്‍. എല്‍ സ്റ്റാളില്‍ ലഭ്യമാണ്. മെഡിക്കല്‍ കോളേജിന്റെ സ്റ്റാളില്‍ പ്രദര്‍ശനവും ജീവിത ശൈലീ രോഗ നിര്‍ണ്ണയ ക്യാംപും നടത്തുന്നുണ്ട്. ബി.എം.ഐ നിര്‍ണ്ണയ മെഷീന്‍ ആണ് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധേയമായ സേവനം. മെഷീന്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് സൗജന്യമായി ശരീരഭാരം, ഉയരം, കൊഴുപ്പ്, വെള്ളത്തിന്റെ അളവ് , രക്തസമ്മര്‍ദം എന്നിവ അറിയാന്‍ സാധിക്കും. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ 23 സ്റ്റാളുകളിലായി ഉല്പന്ന പ്രദര്‍ശനം നടക്കുന്നുണ്ട്. ഫാര്‍മേഴ്‌സ് ക്ലബുകളുടെ സഹകരണത്തോടെ ചക്ക നിര്‍മ്മിത ഉല്പന്നങ്ങള്‍ക്ക് പ്രത്യേക സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തറ നഗരവും അതിനുള്ളിലെ കെട്ടിട സമുച്ചയങ്ങളും ഉള്‍പ്പെടുത്തിയ ആര്‍ക്കിടെക്ചറല്‍ മാതൃകയാണ് പാമ്പാടി ആര്‍ ഐ റ്റി കോളേജ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
- Log in to post comments