Skip to main content

തുവ്വൂര്‍ മോഡലുമായി മലപ്പുറം സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക്

 

ഗ്രാമീണ മാലിന്യ നിര്‍മാജ്ജനത്തിലൂടെ ശ്രദ്ധേയമായി മാറിയ തുവ്വൂര്‍ മോഡല്‍ വ്യാപിപ്പിച്ച് ജില്ലയെ സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്കെത്തിക്കുന്നതിനായി പദ്ധതിക്ക് തുടക്കമായി. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യമൊഴിവാക്കുന്നതിനുള്ള  ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. ഇതിനായി കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ തല അവലോകന യോഗത്തില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. കഴിഞ്ഞ ജനുവരി ഒന്നിനാണ് പഞ്ചായത്തിലെ മുഴുവന്‍ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന മാതൃകാ പദ്ധതിക്ക് തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചത്.
മാലിന്യ നിര്‍മാര്‍ജ്ജനത്തോടൊപ്പം വനിതകള്‍ക്ക് സ്വയം തൊഴില്‍ കൂടി ലക്ഷ്യമിട്ട ഗ്രാമജ്യോതി പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പ്രത്യേകം പരിശീലനം നേടിയ, 16 വനിതകളുടെ നേതൃത്വത്തിലാണ് ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്നത്.
ആദ്യമായി പഞ്ചായത്തിലെ 7000 വീടുകളിലും സ്‌കൂള്‍, കോളേജ്, ഗ്രാമസഭ മുഖേനെയും ബോധവല്‍ക്കരണം നടത്തി. നോട്ടീസ്, ബുക്ക്‌ലെറ്റ് വിതരണവും ഇതോടൊപ്പം നടന്നു.
ഓരോ വീട്ടിലും മാലിന്യം തരംതിരിച്ചു സൂക്ഷിക്കുന്നതിനു ഹരിത കര്‍മ്മ സേന മുഖേന ചാക്കുകള്‍ നല്‍കി. ജനുവരി ഒന്നു മുതല്‍ ഈ ചാക്കുകളിലാണ് അജൈവ മാലിന്യം ശേഖരിക്കുന്നത്. രണ്ടര മാസം കൂടുമ്പോള്‍ ഹരിത കര്‍മ്മസേന അംഗങ്ങള്‍ വീടുകളിലെത്തി ശേഖരിക്കും. കടകളില്‍ 15 ദിവസത്തിലൊരിക്കല്‍ ഇവരെത്തും. 20 രൂപ ഉപയോഗ ഫീസായി ഈടാക്കുന്നുണ്ട്. പ്ലാസ്റ്റിക്, ഇരുമ്പ്, അലൂമിനിയം തുടങ്ങിയ മാലിന്യങ്ങള്‍ക്കൊപ്പം മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക് മാലിന്യങ്ങളും സേന ശേഖരിക്കുന്നുണ്ട്. ഇത്തരത്തില്‍ ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിച്ച് വില്‍പ്പന നടത്തലും സംസ്‌കരിക്കലുമെല്ലാം ഹരിത കര്‍മ്മസേന തന്നെ യാണ്. ആദ്യഘട്ടത്തില്‍ ഇത്തരത്തില്‍ ലഭിച്ച മാലിന്യത്തില്‍ 22 തരം മാലിന്യങ്ങള്‍ ആക്രി കച്ചവടക്കാര്‍ക്കും മറ്റുമായി വില്‍പ്പന നടത്തുകയായിരുന്നു. മൂന്നു തരം മാലിന്യങ്ങള്‍ ശുചിത്വ മിഷന്‍ മുഖേനെ ഒരു സ്ഥാപനത്തിന് കൈമാറി. വീടുകളില്‍നിന്ന് ഒഴിവാക്കുന്ന നല്ല വസ്ത്രങ്ങളും പ്രത്യേകം കവറുകളില്‍ ശേഖരിക്കുന്നുണ്ട്. ഇവ ജീവകാരുണ്യ പ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നത്.
    പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുകയാണ് പ്രവര്‍ത്തകര്‍. മാലിന്യമുക്ത നാട് എന്ന തങ്ങളുടെ സ്വപ്നം ജില്ല ഏറ്റെടുക്കുന്നത് സന്തോഷകരമാണെന്ന്  തുവ്വൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെറ്റത്ത് ബാലന്‍ പറഞ്ഞു.

 

date