Skip to main content

ഭയമല്ല ജാഗ്രതയാണ് വേണ്ടത്, നിപ്പ വൈറസ് ബാധ തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചു: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

* ആരോഗ്യ വകുപ്പിനെ കേന്ദ്ര സംഘം അഭിനന്ദിച്ചു
* എല്ലാ ആധുനിക ചികിത്സയും സര്‍ക്കാര്‍ നല്‍കും
   

കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള നിപ്പ വൈറസ് ബാധ ഫലപ്രദമായി തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജനങ്ങള്‍ പരിഭ്രമിക്കേണ്ടതില്ല. പ്രതിരോധ നടപടികള്‍ ഫലപ്രദമായി നടന്നു വരുന്നു. ജീവനക്കാരുടെ സുരക്ഷിതത്വവും ഇതോടൊപ്പം ഉറപ്പ് വരുത്തിയിട്ടുണ്ട്. അപൂര്‍വ രോഗമാണെന്ന് സ്ഥിരീകരിച്ച ഉടന്‍ ഫലപ്രദമായ നടപടികളാണ് ആരോഗ്യ വകുപ്പ് കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു.
    എന്‍.സി.ഡി.സി. ഡയറക്ടര്‍ ഡോ. സുജിത്കുമാര്‍ സിംഗ്, അഡീഷണല്‍ ഡയറക്ടര്‍ ഡോ. എസ്.കെ. ജയിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം പ്രദേശം സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. രോഗം കണ്ടുപിടിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും രോഗവ്യാപനം തടയുന്നതിനും ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ കേന്ദ്ര സംഘം അഭിനന്ദിച്ചു. ലോകത്തൊരിടത്തും നിപ്പാ വൈറസ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്രയും കാര്യക്ഷമായ ഇടപെടല്‍ നടന്നിട്ടില്ലെന്നും കേന്ദ്ര സംഘം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ച ഉടനെ എത്തിയ കേന്ദ്ര സംഘത്തെ ആരോഗ്യ വകുപ്പ് മന്ത്രി നന്ദി അറിയിച്ചു.
    കോഴിക്കോട് ചങ്ങരോത്ത് ഒരു കുടുംബത്തിലെ 3 പേര്‍ മരണപ്പെടാനിടയായത് നിപ്പാ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നാലാമത്തെയാളായ ചങ്ങരോത്ത് മൂസയ്ക്കും നിപ്പ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ ബംഗ്ലാദേശ്, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ സിലിഗുരിയിലും ഈ വൈറസ് ബാധ കണ്ടെത്തിയിരുന്നു. കേരളത്തില്‍ ആദ്യമായാണ് നിപ്പ വൈറസ് ബാധയുണ്ടാകുന്നത്.
    സാധാരണയായി പ്രത്യേക വിഭാഗങ്ങളില്‍പ്പെട്ട വാവ്വാലുകളാണ് ഈ വൈറസ് പരത്തുന്നത്. വവ്വാലുകളില്‍ നിന്ന് ചിലപ്പോള്‍ പന്നികള്‍, മുയലുകള്‍ തുടങ്ങിയ വളര്‍ത്തു മൃഗങ്ങളിലേക്ക് വൈറസ് കടന്നു ചെല്ലുന്നു. ഇത്തരം ജീവികളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകുമ്പോഴും ഇവ ഭക്ഷിച്ച് അവശേഷിച്ച ഫലങ്ങളും മറ്റും ഭക്ഷിക്കുന്ന മനുഷ്യരിലേക്കും നിപ്പ വൈറസ് പകരുന്നു എന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഇതിന്റെ ലക്ഷണങ്ങള്‍ നോക്കിയാണ് നിപ്പയാണെന്ന് സംശയിക്കുന്നത്. ബലക്ഷയം, ബോധക്ഷയം, പരസ്പര ബന്ധമില്ലാതെ സംസാരിക്കല്‍, അപസ്മാര ലക്ഷണങ്ങള്‍, ഛര്‍ദി തുടങ്ങിയ ലക്ഷണമാണ് കാണുന്നത്. എന്നാല്‍ ഇതേ രോഗ ലക്ഷണങ്ങള്‍ മറ്റ് പല രോഗങ്ങളിലും കാണാറുണ്ട്. അതിനാല്‍ മേല്‍പ്പറഞ്ഞ രോഗ ലക്ഷണങ്ങളുള്ള രോഗികളില്‍ നിന്നുള്ള സാമ്പിളുകള്‍ വൈറോളജി ലാബില്‍ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കി മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ.
    രോഗിയുമായി സമ്പര്‍ക്കമുള്ളപ്പോള്‍ മാത്രമേ ഇത് പകരുകയുള്ളൂ എന്നതിനാല്‍ ഇപ്പോള്‍ അസുഖം സ്ഥിരീകരിച്ചവരുമായി ഇടപഴകിയിരുന്ന എല്ലാവരേയും സ്‌ക്രീനിംഗിന് വിധേയമാക്കിയിട്ടുണ്ട്. അവരുടെ രക്ത സാമ്പിളുകളും മറ്റും മണിപ്പാല്‍ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
    അപൂര്‍വ രോഗബാധയാണെന്ന് സംശയം ഉണ്ടായ ഉടന്‍ ആരോഗ്യ വകുപ്പ് ശക്തമായി ഇടപെട്ടിരുന്നു. അവരുടെ രക്ത സാമ്പിളുകള്‍ മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ ലാബില്‍ പരിശോധനയ്ക്കയച്ചു. ഇതോടൊപ്പം പ്രതിരോധ നടപടികളും ഊര്‍ജിതപ്പെടുത്തി.
    സാദിഖ് മരിച്ച അടുത്ത ദിവസം മേയ് 19ന് വൈകുന്നേരം ഗസ്റ്റ് ഹൗസില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ത്തു. ജില്ലാ കളക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഡിഎംഒ, റൂറല്‍ എസ്.പി, ജില്ലാ വെറ്റിനറി ഓഫീസര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ ഡോക്ടര്‍ അരുണ്‍ ഈ യോഗത്തില്‍ പങ്കെടുത്തു.  യോഗ തീരുമാനമനുസരിച്ച് ഡോ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം തൊട്ടടുത്ത ദിവസം രോഗബാധിത പ്രദേശം സന്ദര്‍ശിക്കുകയും വിശമായ പരിശോധന നടത്തുകയും ചെയ്തു. രോഗബാധ ഈ വീട് കേന്ദ്രീകരിച്ചാണെന്നും മറ്റ് വീടുകളിലേക്ക് ഇത് ബാധിച്ചിട്ടില്ലെന്നും ഉറപ്പാക്കി. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ആരോഗ്യ വകുപ്പിലെ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണ ക്യാമ്പും സംഘടിപ്പിച്ചു. രോഗം വ്യാപിക്കാതിരിക്കാനുള്ള പ്രതിരോധ നടപടികളും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തിര ചികിത്സ തേടുന്നതിനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
    അടിയന്തര ഇടപെടലുകള്‍ക്കായി ജില്ലാ കലക്ടര്‍ ചെയര്‍മാനും ഡി.എം.ഒ. കണ്‍വീനറുമായി ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. ഡി.എച്ച്.എസ്., ഡി.എം.ഒ. ഓഫീസുകള്‍ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ പ്രത്യേക ലെയ്സണ്‍ ഓഫീസറെ നിയമിച്ചു. കൂടാതെ ആരോഗ്യ വകുപ്പിന്റെ ദിശ സംവിധാനത്തിലെ 1056 നമ്പറില്‍ വിളിച്ചാലും പെട്ടെന്ന് തന്നെ സഹായം ലഭ്യമാകും.
    മെഡിക്കല്‍ കോളേജില്‍ പ്രത്യേക ഐസിയുവും പ്രത്യേക ഐസലേഷന്‍ വാര്‍ഡും ഒരുക്കിയിട്ടുണ്ട്. ജിവനക്കാര്‍ക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ആവശ്യത്തിന് ലഭ്യമാക്കി. കൂടുതല്‍ മാസ്‌കുകള്‍, മറ്റുള്ള ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്.
    അതേസമയം ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം കര്‍ശനമായ നടപടിക്രമങ്ങള്‍ പാലിക്കണം. രോഗലക്ഷണം കാണുന്ന രോഗികളെ പരിചരിക്കുമ്പോള്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കണം. രോഗിയോട് അടുത്തിടപഴകുന്നവര്‍ സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണം. രോഗിയുമായി സംസാരിക്കുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കണം. രോഗികള്‍ ഉപയോഗിച്ച വസ്തുക്കള്‍ വേര്‍തിരിച്ച് സൂക്ഷിക്കുകയും വൃത്തിയാക്കുകയും വേണം. പക്ഷികളോ മൃഗങ്ങളോ സ്പര്‍ശിച്ച ഫലങ്ങള്‍ കഴിക്കരുത്. മുയല്‍, പന്നി മുതലായ മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ മാസ്‌ക് ധരിക്കുക. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. നിപ്പാ മൂലം രോഗബാധിതതായ ആളുകള്‍ക്ക് ആവശ്യമായ എല്ലാ ആധുനിക ചികിത്സയും സര്‍ക്കാര്‍ നല്‍കുന്നതാണ്.
    ജനങ്ങളുടെ അവബോധത്തിനായി മാധ്യമങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
പി.എന്‍.എക്‌സ്.1904/18

date