Skip to main content

ആര്‍ദ്രം-രോഗീസൗഹൃദ പരിചരണം ലക്ഷ്യം

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജനകീയം 2018ല്‍ ആര്‍ദ്രം ദൗത്യത്തെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ വിശദമാക്കി സെമിനാര്‍. ആര്‍ദ്രം ദൗത്യം, പ്രാഥമിക ജീവന്‍ രക്ഷാപ്രവര്‍ത്തനം എന്നീ വിഷയങ്ങളിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യദൗത്യവും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ ആര്‍ദ്രം ദൗത്യത്തിന്റെ പ്രവര്‍ത്തനങ്ങളും അതിന്റെ ഭാഗമായി ഉണ്ടാവുന്ന മാറ്റങ്ങളെ കുറിച്ചും ജില്ലാ പ്രോഗാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി വിശദീകരിച്ചു.

സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗീസൗഹൃദപരിചരണം സാദ്ധ്യമാക്കി സേവനം കൂടുതല്‍ ഫലപ്രദമാക്കുന്നതിനാണ് ആര്‍ദ്രം ദൗത്യത്തിലൂടെ ശ്രമിക്കുന്നത്. പദ്ധതിയുടെ ഭാഗമായി രോഗീസൗഹൃദ ആശുപത്രി എന്ന ആശയം കൊണ്ടുവരാനും ഗുണമേന്മയുള്ളതും സൗഹാര്‍ദ്ദപരവുമായ സേവനം  ലഭ്യമാക്കാനും സാധിക്കുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ ഘട്ടം ഘട്ടമായി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റും. ജില്ലയില്‍ പതിനഞ്ച് കുടുംബാരോഗ്യകേന്ദ്രങ്ങളാണ് ആദ്യവര്‍ഷം അനുവദിച്ചത്. ഈ വര്‍ഷം സംസ്ഥാനത്തെ 500 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുകയാണ്. 

താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റ്, ജില്ല, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യം തുടങ്ങിയവയും ഇതിന്റെ ഭാഗമായി ആരംഭിച്ചുവരികയാണ്. എല്ലാ രോഗങ്ങള്‍ക്കും ചികിത്സ ലഭ്യമാക്കുന്നതിനുള്ള സമഗ്രമായ പദ്ധതിയാണ് നടപ്പാക്കി വരുന്നത്. പക്ഷാഘാത നിയന്ത്രണ ക്ലിനിക്കുകള്‍ എല്ലാ ജില്ലകളിലും ആരംഭിക്കുന്നതിനായുള്ള ശിരസ് (സ്‌ട്രോക്ക് ഐഡന്റിഫിക്കേഷന്‍ റിഹാബിലിറ്റേഷന്‍ അവയര്‍നെസ് സ്റ്റബിലൈസേഷന്‍ പ്രോഗ്രാം) പദ്ധതി കഴിഞ്ഞ ദിവസം ജനറല്‍ ആശുപത്രിയില്‍ വെച്ച് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി നാടിന് സമര്‍പ്പിച്ചു. ശിശുമരണനിരക്കും മാതൃമരണനിരക്കും കുറയ്ക്കുന്നതിനുള്ള കര്‍മ്മപരിപാടിക്കാണ് രൂപം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

പ്രാഥമിക ജീവന്‍ രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി കണ്‍സള്‍ട്ടന്റ് ഡോ. എം. എം. ഹനീഷ് സംസാരിച്ചു. പ്രാഥമിക ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ എങ്ങനെ ചെയ്യമെന്നതില്‍ പലര്‍ക്കും ധാരണ കുറവാണ്. അതിനാല്‍ തന്നെ നിരവധി ജീവനുകളാണ് നഷ്ടമാകുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് പ്രാഥമിക ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളെ കുറിച്ച് മനസിലാക്കുകയും അടിയന്തരഘട്ടങ്ങളില്‍ അത് പ്രയോഗിക്കുകയും ചെയ്യണമെന്ന് ഡോ. ഹനീഷ് പറഞ്ഞു.

അഡീഷണല്‍ ഡി.എം.ഒ ഡോ. ആര്‍. വിവേക് കുമാര്‍ സെമിനാറില്‍ അധ്യക്ഷത വഹിച്ചു. നിപാ വൈറസ് ബാധയെ കുറിച്ചും പ്രതിരോധപ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിസി ജേക്കബ് മോഡറേറ്ററായിരുന്നു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ സഗീര്‍ സുധീന്ദ്രന്‍ സ്വാഗതവും ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ബവില നന്ദിയും പറഞ്ഞു. 

date