Skip to main content

മേളം മധുരകരമാക്കി അമൃതം പലഹാരങ്ങള്‍

 

കൊച്ചി: ജനകീയം 2018 ന് മധുരമേകാന്‍ വനിതാ ശിശുവികസന ഓഫീസ് ഒരുക്കിയിരിക്കുന്നത് അമൃതം പലഹാരങ്ങള്‍. അമൃതം ന്യൂട്രിമിക്‌സ് ഉപയോഗിച്ച് അമ്പതു തരം വ്യത്യസ്ത പലഹാരങ്ങളാണ് വകുപ്പ് സന്ദര്‍ശകര്‍ക്കായി തയാറാക്കിയത്. പലഹാരങ്ങള്‍ കാണിച്ചു കൊടുക്കുക മാത്രമല്ല പരീക്ഷണത്തിനായുള്ള കുറിപ്പും സ്റ്റാളില്‍ നിന്നും പറഞ്ഞു തരും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ജനകീയം 2018 ലാണ് വകുപ്പ് മധുര പലഹാരങ്ങളുമായി എത്തിയത്. 

 

അമൃതം പൊടി കൊണ്ടുണ്ടാക്കിയ ന്യൂഡില്‍സ്, ഇഡലി, പുട്ട്, ഉണ്ട, അട, ഉപ്പുമാവ്, അമൃതം കേക്ക്, ലഡു, അമൃതം ചക്ക കുറുക്ക്, ചക്ക അട, ഉണ്ണിയപ്പം, എന്നീ പലഹാരങ്ങളാണ് അമൃതം പൊടിയില്‍ നിന്നും ഒരുക്കിയത്. കൊച്ചി അര്‍ബന്‍ 2 ഐ.സി.ഡി .എസ് അങ്കണവാടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പാചക കുറിപ്പ് സഹിതം തയ്യാറാക്കിയാണ് സ്റ്റാളില്‍ വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും രുചിച്ചു നോക്കി ഭക്ഷണത്തിന്റെ ഗുണമേ• തീരുമാനിക്കാം. 

 

ആറുമാസം മുതല്‍ മൂന്ന് വയസ് വരെയുള്ള കുട്ടികള്‍ക്ക് വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള അങ്കണവാടികള്‍ വഴിയാണ് അമൃതം ന്യൂട്രി മിക്‌സ് വിതരണം ചെയ്യുന്നത്. 2017 ലാണ് സാമുഹ്യ നീതി വകുപ്പില്‍ നിന്നും വിഭജിച്ച് വനിതാ ശിശുവികസന വകുപ്പ് നിലവില്‍ വന്നത്. നിലവില്‍ വന്ന ശേഷം വകുപ്പ് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പ്രദര്‍ശനം കാണാനെത്തിയവര്‍ക്ക് സംയോജിത ശിശു വികസന പദ്ധതിയുടെ വിവിധ സേവനങ്ങളെ സംബന്ധിച്ച്  ബോധവത്കരണം നടത്തി. പാഴ്വസ്തുക്കളുപയോഗിച്ച് ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ പഠനോപകരണങ്ങള്‍ പ്രദര്‍ശനത്തിലെ ആകര്‍ഷകമായി. 

date