ജില്ലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം അവസാനഘട്ടത്തില്‍
കൊച്ചി: ജില്ലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും, പുതുക്കലും അവസാനഘട്ടത്തില്‍ നടക്കുന്നു. നിലവില്‍ പദ്ധതിയില്‍ അംഗമായിട്ടുള്ള കുടുംബങ്ങള്‍ക്ക് പുതുക്കുവാനും, കഴിഞ്ഞ വര്‍ഷം അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ നല്‍കിയിരിക്കുന്ന കുടുംബങ്ങള്‍ക്ക് കാര്‍ഡ് എടുക്കുവാനും ഉള്ള അവസരം ആണ് ഉള്ളത്. നിലവില്‍ പദ്ധതിയില്‍ അംഗമായിട്ടുള്ള 195257 കുടുംബങ്ങളില്‍ 186520 കുടുംബങ്ങള്‍ക്കും കാര്‍ഡ് പുതുക്കിനല്കികഴിഞ്ഞു. കഴിഞ്ഞ വര്‍ഷം അപേക്ഷ നല്‍കിയിരുന്ന 36,540 കുടുംബങ്ങളില്‍ 32660 കുടുംബങ്ങള്‍ക്കും കാര്‍ഡ് നല്‍കിയതും കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം പുതുക്കാന്‍ വിട്ടുപോയിരുന്ന 59790 കുടുംബങ്ങളില്‍ 36500 കുടുംബങ്ങളുടെയും കാര്‍ഡുകള്‍ പുതുക്കി നല്‍കി സൗജന്യ ചികിത്സക്ക് സജ്ജമാക്കി. ജില്ലയില്‍ 87.7% കുടുംബങ്ങളുടെയും കാര്‍ഡുകള്‍ നല്‍കിക്കഴിഞ്ഞു. ഈ വര്‍ഷം പുതുതായി 60286 കുടുംബങ്ങളിലേക്ക് കൂടി പദ്ധതിയുടെ പരിരക്ഷ എത്തിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ചിയാക്കും, ജില്ലാ ലേബര്‍ ഓഫീസും.
ഇനിയും പുതുക്കാത്തതും പുതിയ കാര്‍ഡ് എടുക്കാത്ത കുടുംബങ്ങള്‍ക്കുമായി അവസാന ഘട്ട കാര്‍ഡ് വിതരണം നടന്നുവരുന്നു. കൊച്ചിന്‍ കോര്‍പറേഷനില്‍പെട്ട കുടുംബങ്ങള്‍ വൈറ്റില സോണല്‍ ഓഫീസ്, പള്ളത്ത് രാമന്‍ ഹാള്‍ ഫോര്‍ട്ട് കൊച്ചി വെളി, എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാള്‍, പള്ളുരുത്തി ലൈബ്രറി ഹാള്‍ എന്നിവിടങ്ങളില്‍ അവസരം ഒരുക്കിയിരിക്കുന്നു. കൂടാതെ എറണാകുളം ജനറല്‍ ആശുപത്രി, മുവാറ്റുപുഴ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും അവസരം ഉണ്ടായിരിക്കുന്നതാണ്. മേല്‍ പറഞ്ഞ കേന്ദ്രങ്ങളില്‍ കഴിഞ്ഞവര്‍ഷം കാര്‍ഡ് എടുത്തിരിക്കുന്നവര്‍ക്കും, പുതിയതായി അപേക്ഷ നല്കിയിരിക്കുന്നവര്‍ക്കും കാര്‍ഡുകള്‍ എടുക്കുവാനും പുതുക്കുവാനും കഴിയും. 2013 മുതല്‍ കാര്‍ഡ് എടുത്തിട്ടുള്ളതും എന്നാല്‍ നാളിതുവരെ പുതുക്കാന്‍ സാധിക്കാത്തതുമായ കുടുംബങ്ങള്‍ക്ക് അവരുടെ കാര്‍ഡുകള്‍ പരിശോധിക്കാവുന്നതാണെന്നും വിവരങ്ങള്‍ ലഭ്യമാകുന്ന പക്ഷം കാര്‍ഡുകള്‍ പുതുക്കി നല്‍കുന്നതുമാണ്. മുന്‍വര്‍ഷങ്ങളില്‍ എപിഎല്‍ വിഭാഗത്തില്‍ പ്രീമിയം നല്‍കി കാര്‍ഡ് എടുത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നും ഈ വര്‍ഷത്തെ പ്രീമിയം അടച്ചു കാര്‍ഡുകള്‍ പുതുക്കാവുന്നതാണ്. പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ ഉള്ള കുടുംബങ്ങള്‍ അതാതു സ്ഥലങ്ങളിലെ കുടുംബശ്രീ/ആശ പ്രവര്‍ത്തകരുമായി ബന്ധപെടുക. ഇനിയും കാര്‍ഡ് പുതുക്കുവാനും എടുക്കുവാനും ഉള്ള കുടുംബങ്ങള്‍ ഈ അവസാന ഘട്ട അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അല്ലാത്തപക്ഷം വരും വര്‍ഷത്തില്‍ പദ്ധതിയുടെ ഗുണങ്ങള്‍ ലഭ്യമാകില്ല എന്നും ജില്ലാ ലേബര്‍ ഓഫീസര്‍(Enf) അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9037362588.
- Log in to post comments