Skip to main content

വീടുകളിലെ അസ്വസ്ഥമായ അന്തരീക്ഷം കുട്ടികളെ ലഹരിയുടെ വഴിയിലേക്ക് നയിക്കും

കൊച്ചി: ചെറിയ കുട്ടികളെ വേട്ടയാടുന്ന വലിയ ലഹരി റാക്കറ്റുകളെ ഇല്ലാതാക്കാന്‍ കുടുംബങ്ങളില്‍ നല്ല അന്തരീക്ഷമൊരുക്കി രക്ഷകര്‍ത്താക്കള്‍ സഹകരിക്കണമെന്ന് എക്‌സൈസ് വകുപ്പ്. മറൈന്‍ െ്രെഡവില്‍ സമാപിച്ച ജനകീയം 2018 വേദിയില്‍ ലഹരി-മക്കളെ മനസ്സിലാക്കാം എന്ന വിഷയത്തില്‍ നടത്തിയ സെമിനാറിലാണ് എക്‌സൈസ് വകുപ്പ് ലഹരിയെ പ്രതിരോധിക്കുന്നതില്‍ കുടുംബാന്തരീക്ഷത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയത്.

നാടിന് ഗുണപ്പെടാത്ത മക്കള്‍ വീടിനും ഗുണപ്പെടില്ലെന്ന വസ്തുത മാതാപിതാക്കള്‍ മനസ്സിലാക്കണം. മക്കളെ സാമൂഹികാഭിമുഖ്യമുള്ളവരാക്കാതെ അവനവനിലേക്ക് മാത്രം ചുരുങ്ങാന്‍ പരിശീലിപ്പിക്കുന്ന പ്രവണത മാറണം. വീടുകളിലെ അസ്വസ്ഥമായ അന്തരീക്ഷം പലപ്പോഴും മക്കളെ ലഹരിയുടെ വഴിയിലേക്ക് നയിക്കുമെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി.

തലമുറകള്‍ തമ്മിലുള്ള വ്യത്യാസം ഏറെയുള്ള ഈ കാലത്ത് രക്ഷിതാക്കള്‍ മക്കളെ മനസ്സിലാക്കാന്‍ ശ്രമിക്കണം. സമൂഹത്തിലെ സീരിയലുകളുടെ സ്വാധീനവും, വായനാ ശീലം ഇല്ലാതാകുന്നതും ഏറെ ദോഷം ചെയ്യുന്നതായി സെമിനാര്‍ വ്യക്തമാക്കി.

കൗണ്‍സിലര്‍ ഗ്രേസി ബാബു അദ്ധ്യക്ഷയായ സെമിനാര്‍ എറണാകുളം അസിസ്റ്റന്‍സ് സെക്ഷന്‍സ് ജഡ്ജ് എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ജില്ലാ കണ്‍വീനര്‍ വി.ടി ജോസ് ക്ലാസ് നയിച്ചു. എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എ. നിക്‌സണ്‍  ആശംസയര്‍പ്പിച്ചു.

date