Skip to main content

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ. രാജു നിര്‍വഹിച്ചു നഗരത്തിന്റെ ഉത്സവമായി ശിശുദിനാഘോഷം

മഹാത്മഗാന്ധിയുടെയും നെഹ്‌റുവിന്റെയുമൊക്കെ വേഷമണിഞ്ഞ് വര്‍ണ ബലൂണുകളുമായി റാലിയില്‍ പങ്കെടുത്ത കുരുന്നുകള്‍ക്ക് മന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും ഒപ്പം നടന്നപ്പോള്‍ കൗതുകം. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയതോടെ ശിശുദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി.
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാനതല ശിശുദിനാഘോഷം വനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അവകാശ സംരക്ഷണത്തില്‍ സമൂഹം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലാല്‍ ബഹദൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിച്ച ശിശുദിന റാലി ടൗണ്‍ ഹാളില്‍ സമാപിച്ചു. 

എം. നൗഷാദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, സംസ്ഥാന ബാലാവകാശ കമ്മീഷന്‍  അംഗം സി.ജെ. ആന്റണി, വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍, ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എസ്. സബീന ബീഗം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സിജു ബെന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധി കലോത്സവത്തിലെ വിജയികള്‍ക്ക് എം. നൗഷാദ് എം.എല്‍.എ സമ്മാനങ്ങള്‍ വിതരണംചെയ്തു.
അങ്കണവാടി കുട്ടികളുടെ കലാപരിപാടികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മത്സരങ്ങള്‍, ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവ ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടന്നു. ഉച്ചകഴിഞ്ഞ് നടന്ന ശിശുദിന സമ്മേളനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു. മേയര്‍ വി. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു.

പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ. പ്ലസ് നേടിയ ഇഞ്ചവിള ആഫ്റ്റര്‍ കെയര്‍ ഹോമിലെ മഹിമ, ഫുട്‌ബോള്‍ രംഗത്ത് മികവു പുലര്‍ത്തുന്ന കൊല്ലം ഗവണ്‍മെന്റ് ചില്‍ഡ്രണ്‍സ് ഹോമിലെ മണികണ്ഠന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം വിഷയമാക്കി ഇഞ്ചവിള ആഫ്റ്റര്‍ കെയര്‍ ഹോമിലെ അന്തേവാസികളായ കുട്ടികള്‍ സ്‌കിറ്റ് അവതരിപ്പിച്ചു.
സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം സി.ജെ. ആന്റണിയും ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും തമ്മില്‍ മുഖാമുഖം നടന്നു.  ചെല്‍ഡ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ ബിനു ജോര്‍ജ് ഏകോപനം നടത്തി. കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള സെമിനാറിന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്‍. സന്ധ്യ നേതൃത്വം നല്‍കി. 

(പി.ആര്‍.കെ.നമ്പര്‍  2513/17)

date