Skip to main content

അവധിക്കാല മാധ്യമ ശില്പശാല ആരംഭിച്ചു

 

കേരള മീഡിയ അക്കാദമി ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി കള്‍ക്കായി നടത്തുന്ന ത്രിദിന മാധ്യമ ശില്പശാല ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം മലയാള മനോരമ സിനീയര്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം ഉദ്ഘാടനം ചെയ്തു. പൊതുവിജ്ഞാനവും നിരീക്ഷണപാടവവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യതകളാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ നാശം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്യേണ്ടത്. സാമുദായിക കലാപങ്ങള്‍ പോലുള്ള വാര്‍ത്തകള്‍ പലപ്പോഴും വലിയ പ്രാധാന്യമില്ലാതെ പ്രസിദ്ധീകരിക്കേണ്ടി വരുന്നതു ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സാനു ജോര്‍ജ്ജ് തോമസ് അധ്യക്ഷനായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി.കെ. തോമസ്, പ്രസ് ക്ലബ് ട്രഷറര്‍ റെജി ജോസഫ് എന്നിവര്‍ സംസാരിച്ചു. ആദ്യദിനത്തില്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ടി. കെ രാജഗോപാല്‍, ചീഫ് സബ് എഡിറ്ററും കാര്‍ട്ടൂണിസ്റ്റുമായ കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മീഡിയ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി കെ. ടി. ശേഖര്‍ സ്വാഗതവും  പ്രസ് ക്ലബ് സെക്രട്ടറി എസ്. സനില്‍കുമാര്‍ നന്ദിയും പറഞ്ഞു. 

പ്രസ് ക്ലബ്ബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ആഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  എന്നിവയുമായി സഹകരിച്ച്  നടത്തുന്ന ശില്പശാലയില്‍ മുപ്പത് പേര്‍ക്കാണ് പ്രവേശനം. ശില്പശാല 25ന് അവസാനിക്കും. മാധ്യമങ്ങളെ അടുത്തറിയാനും  ഈ മേഖലയിലുള്ള താല്‍പര്യം കുട്ടികളില്‍ വളര്‍ത്തുന്നതിനും വേണ്ടിയാണ് ക്യാമ്പ്.  പത്രം-വീഡിയോ നിര്‍മ്മാണത്തിനുള്ള പരിശീലനം, നവമാധ്യമങ്ങളെ പരിചയ പ്പെടുത്തല്‍, ആനിമേഷന്‍, കാര്‍ട്ടൂണ്‍ എന്നിവയെല്ലാം ക്യാമ്പില്‍ ഉള്‍പ്പെടു ത്തിയിട്ടുണ്ട്.  പ്രമുഖ മാധ്യമ പ്രവര്‍ത്തകരും വിദഗ്ദ്ധരും ക്ലാസ്സുകള്‍ നയിക്കും. ശില്പശാലയില്‍ കുട്ടികള്‍ പത്രം പ്രസിദ്ധീകരിക്കുകയും വീഡിയോ ന്യൂസ് നിര്‍മ്മിക്കുകയും ചെയ്യും. 

     (കെ.ഐ.ഒ.പി.ആര്‍-1032/18)

date