Skip to main content

എയര്‍ഹോണ്‍: പിഴയായി ഈടാക്കിയത് 6,66,250 രൂപ

 

കൊച്ചി: എയര്‍ഹോണ്‍ രഹിത എറണാകുളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ഹൈവേയില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും സംയുക്തമായി പരിശോധന നടത്തി.  378 എയര്‍ ഹോണുകള്‍ നീക്കം ചെയ്യുകയും അമ്പതോളം ഓര്‍ണമെന്റല്‍ ലൈറ്റുകള്‍ നീക്കുകയും ചെയ്തു. 600 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 6,66,250/ രൂപ എന്‍.എച്ച്.47 ഹൈവേയില്‍ നിന്നു മാത്രമായി പിഴയായി ഈടാക്കിയെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. 

അന്യസംസ്ഥാന വാഹനങ്ങളിലും കോണ്‍ട്രാക്റ്റ് കാര്യേജുകളിലും മത്സ്യം കൊണ്ടു പോകുന്ന വാഹനങ്ങള്‍ പൂര്‍ണ്ണമായും എയര്‍ ഹോണ്‍ മുക്തമായിരുന്നില്ല.  എറണാകുളം ഹൈവേയുടെ ബോര്‍ഡറായ കറുകുറ്റിയിലും, കുമ്പളത്തുമാണ് മെയ് 23 രാവിലെ 6 മുതല്‍ 24 രാവിലെ 6 വരെ പരിശോധന നടത്തിയത്. എയര്‍ ഹോണിന്റെ കുഴലുകള്‍ അഴിച്ചു വയ്ക്കാനും, ഓര്‍ണമെന്റല്‍ ലൈറ്റ് അഴിച്ചു വയ്ക്കാനും മെക്കാനിക്കുകളുടെ സഹായവും ഉണ്ടായിരുന്നു.  എറണാകുളം ആര്‍.ടി.ഒ റെജി. പി. വര്‍ഗ്ഗീസ്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഷാജി കെ.എം. എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.  എയര്‍ ഹോണ്‍ പൂര്‍ണ്ണമായി മാറ്റുന്നതു വരെ പരിശോധന തുടരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അറിയിച്ചു.

date