പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം
കൊച്ചി: പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ തൊണ്ണൂറാം കോളനി നിവാസികളുടെ ശുദ്ധജലത്തിനായുള്ള കാത്തിരിപ്പിന് വിരാമം. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് തൊണ്ണൂറാം കോളനിയിലെ സ്വാശ്രയ കുടിവെളള പദ്ധതി ജോയ്‌സ് ജോര്‍ജ് എം.പി. ഉദ്ഘാടനം ചെയ്തു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2017-18 സാമ്പത്തിക വര്‍ഷം കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 30 ലക്ഷം രൂപ വകയിരുത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തൊട്ടടുത്ത പാടത്ത് കിണര്‍ കുത്തുകയും കോളനിയുടെ ഏറ്റവും ഉയര്‍ന്ന പ്രദേശത്ത് 70000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക് നിര്‍മ്മിക്കുകയും ചെയ്തു. തുടര്‍ന്നാണ് കോളനി നിവാസികള്‍ക്ക് ദിവസം മുഴുവന്‍ ശുദ്ധമായ ജലം ലഭ്യമാക്കുന്ന പദ്ധതി പ്രാവര്‍ത്തികമായത്.
അടുത്ത ഘട്ടത്തില്‍ പൈപ്പ് ലൈന്‍ നീട്ടി കുടിവെള്ള ക്ഷാമം നേരിടുന്ന തൊട്ടടുത്തുള്ള പ്രദേശങ്ങള്‍ക്ക് കൂടി ജലം ലഭ്യമാക്കുവാന്‍ സാധിക്കുമെന്ന് ഡിവിഷന്‍ മെമ്പര്‍ കൂടിയായ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വില്‍സണ്‍ ഇല്ലിക്കല്‍ അറിയിച്ചു.
1995 ല്‍ പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് മൂന്ന് സെന്റ് വീതം സ്ഥലം നല്‍കി നിര്‍മ്മിച്ച തൊണ്ണൂറ് വീടുകളാണ് കോളനിയിലുള്ളത്. പഞ്ചായത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥലത്താണ് കോളനി സ്ഥിതി ചെയ്യുന്നത്. അതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ഇവിടെ പമ്പ് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഒന്നര കിലോമീറ്റര്‍ അകലെയുള്ള വെട്ടിക്കാട് പാടത്തെ കുളത്തില്‍ നിന്നാണ് കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം ശേഖരിച്ചിരുന്നത്.
ക്യാപ്ഷന്‍: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് തൊണ്ണൂറാം കോളനി സ്വാശ്രയ കുടിവെളള പദ്ധതി എം.പി. ജോയ്‌സ് ജോര്‍ജ് നാടിന് സമര്‍പ്പിക്കുന്നു.
- Log in to post comments