സബ് പഠോ സബ് ബഠോ സമ്പൂര്‍ണ്ണ സ്കൂള്‍ പ്രവേശനയജ്ഞം
കൊച്ചി: സര്‍വ്വശിക്ഷാ അഭിയാന് എറണാകുളം ജില്ലയുടെ ആഭിമുഖ്യത്തില്‍ വിദ്യാലയത്തില്‍ പ്രവേശനം നേടാത്ത കുട്ടികളെ വിദ്യാലയത്തിലെത്തിക്കല്‍, വിദ്യാലയത്തില്‍ നിന്നു കൊഴിഞ്ഞു പോയ കുട്ടികളുടെ പുനപ്രവേശനം സാധ്യമാക്കല്‍ എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സമ്പൂര്‍ണ്ണ സ്കൂള്‍ പ്രവേശന യജ്ഞ പരിപാടി ഇന്ന് (മെയ് 26) ശനിയാഴ്ച പെരുമ്പാവൂരില്‍ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. നിര്‍വ്വഹിക്കും. സര്‍വ്വരും പഠിക്കുക, സര്‍വ്വരും വളരുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തിലെ കുട്ടികള്‍ക്കും ഗുണമേ•യുള്ള വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ട്.
വിദ്യാലയ പ്രവേശനം നേടാത്ത ഇതരസംസ്ഥാനക്കാരായ കുട്ടികളെ വിദ്യാലയത്തില്‍ ചേര്‍ക്കല്‍, ദുര്‍ബല - പിന്നോക്ക - ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തല്‍ എന്നിവയാണ് സമ്പൂര്‍ണ്ണ സ്കൂള്‍ പ്രവേശന യജ്ഞത്തിന്റെ ഭാഗമായി നടക്കുക. സര്‍വ്വെ രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാകും. മെയ് 21 ാം തീയതി മുതല്‍ മെയ് 31 വരെയും, ജൂണ്‍ 11 മുതല്‍ 22 തീയതികളിലായി സര്‍വ്വെ പൂര്‍ത്തിയാകും. സര്‍വ്വെയുടെ ഭാഗമായി കൂട്ടയോട്ടം, ഇതരസംസ്ഥാന കുട്ടികളുടെ ഗൃഹസന്ദര്‍ശനം, വിദ്യാഭ്യാസ സര്‍വ്വെ, ആദിവാസി ഊരുസന്ദര്‍ശനം, ലഘുലേഖകളുടെ വിതരണം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്സ ജോയ് ജോര്‍ജ്ജ് അറിയിച്ചു.
ഏഴു മുതല്‍ 14 വയസ്സു വരെയുള്ള മുഴുവന്‍ കുട്ടികളുടെയും സ്കൂള്‍ പ്രവേശനം ഉറപ്പുവരുത്തുന്നതിനായി സര്‍വ്വശിക്ഷാ അഭിയാന് ജില്ലാ പ്രോജക്ട് നടത്തിവരുന്ന സമ്പൂര്‍ണ്ണ സ്കൂള്‍ പ്രവേശന യജ്ഞത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ബി.ആര്.സി. കളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സര്‍വ്വേയില്‍ വിദ്യാലയത്തിനു പുറത്തുള്ള 58 ഓളം കുട്ടികളെയാണ് ഇതിനോടകം തന്നെ കണ്ടെത്തി സമീപ സ്കൂളുകളില്‍ ചേര്‍ത്തിട്ടുള്ളത്. ഇതരസംസ്ഥാന കുട്ടികളെയും ആദിവാസി ഊരുകളിലുള്ള കുട്ടികളെയുമാണ് സര്‍വ്വേയിലൂടെ ഇതിനകം കണ്ടെത്തിയത്.
വിദ്യാഭ്യാസ പുരോഗതിക്കായി നിരവധി പദ്ധതികളാണ് സര്‍വ്വശിക്ഷാ അഭിയാന് നടപ്പാക്കുന്നത്. ഇതരസംസ്ഥാനക്കാരായ കുറഞ്ഞത് 10 കുട്ടികള്‍ ഉള്ള 18 സ്കൂളുകളില്‍ ഒരു വിദ്യാ വൊളന്റിയറെവീതംനിയമിച്ചിട്ടുണ്ട്. കൂടാതെ ആദിവാസി മേഖലകളായ കുട്ടമ്പുഴ വേങ്ങൂര്‍ പഞ്ചായത്തുകളില്‍ 10 ഊരുവിദ്യാകേന്ദ്രം സ്ഥാപിച്ച് വളന്റിയര്‍മാര്‍ പ്രവര്‍ത്തിച്ചുവരുന്നു.
ജില്ലയില്‍ - വിദ്യാ വൊളന്റിയര്‍മാര്‍ ഇവരുടെ അക്കാദമിക കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിച്ചു പുലര്‍ത്തിവരുന്നു. വൊളന്റിയര്‍മാര്‍ക്കായി പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. ശുചിത്വം, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, വിദ്യാഭ്യാസ അവകാശ നിയമം, ബാലവേല, തുടങ്ങിയ വിഷയങ്ങളില്‍ രക്ഷിതാക്കള്‍ക്കായി ശ്യാംകാ മിലന് എന്ന പേരില്‍ പ്രത്യേക ക്ലാസ്സുകള്‍ നടത്തിവരുന്നു.
കുട്ടികളുടെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി രംഗോലി എന്ന പേരില്‍ ജില്ലാ കലോത്സവം നടത്തിവരുന്നുണ്ട്. ഈ കുട്ടികളുടെ സ്കൂള്‍ ചെലവിലേക്ക് പ്രത്യേക ഫണ്ടും അനുവദിച്ചിട്ടുണ്ട്. ബംഗാള്‍, ഒറീസ, ബീഹാര്‍, ആസാം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍ പേരും.
ജോലി തേടിയെത്തുന്ന അച്ഛനമ്മമാരോടൊപ്പം കേരളത്തിലെത്തുന്ന ഈ കുട്ടികളെ സര്‍വ്വേയിലൂടെ കണ്ടെത്തി അവരുടെ പ്രായത്തിനനുസരിച്ചുള്ള ക്ലാസ്സുകളിലാണ് ചേര്‍ക്കുക.
കുട്ടികളുടെ മാതാപിതാക്കള്‍ നാട്ടിലേക്ക് പോകുമ്പോള്‍ ഇവരുടെ കൂടെ കുട്ടികള്‍ തിരികെ പോകുന്നതും ജോലിസ്ഥലങ്ങള്‍ മാറിമാറി പോകുന്നതുമൂലം കൊഴിഞ്ഞു പോക്ക് വര്‍ദ്ധിച്ചതുമാണ് സ്കൂള്‍ പഠന രംഗത്ത് ഈ കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് പരിഹരിക്കാന്‍ അധ്യയന വര്‍ഷം മുഴുവന്‍ ചെലവഴിക്കാന്‍ ഹോസ്റ്റലുകള്ഏര്പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
സര്‍വ്വശിക്ഷാ അഭിയാനുമായി ചേര്‍ന്ന് ഇതരസംസ്ഥാന കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് റോഷ്നി. ഈ കുട്ടികള്‍ കൂടുതലുള്ള സ്കൂളുകളില്‍ പ്രഭാത ഭക്ഷണമുള്‍പ്പെടെയുള്ള പരിപാടികളാണ് റോഷ്നി പദ്ധതിയിലൂടെ നടപ്പാക്കിവരുന്നത്. വിവിധ ഏജന്‍സികളുടെ ഏകോപനത്തിലൂടെ ഇത്തരം കുട്ടികലുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനാണ് പുതിയ അധ്യയന വര്‍ഷത്തില്‍ സര്‍വ്വശിക്ഷാ അഭിയാന് ലക്ഷ്യമിടുന്നത്.
- Log in to post comments