ഹൈടെക് ക്ലാസ്മുറികളിലേക്ക് ഡിജിറ്റല്‍ വിഭവങ്ങളുമായി 'സമഗ്ര'പോര്‍ട്ടലിലും മൊബൈല്‍ ആപ്പും
*ഉദ്ഘാടനം നാളെ (മേയ് 31) മുഖ്യമന്ത്രി നിര്‍വഹിക്കും
ഹൈടെക്കായി മാറുന്ന 45000 ക്ലാസ്മുറികളില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്ലാസെടുക്കുന്നതിനായി 'സമഗ്ര' വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും തയ്യാറായി. www.samagra.itschool.gov.in എന്ന വിലാസത്തില്‍ ലഭ്യമാകുന്ന 'സമഗ്ര'യ്ക്ക് സാങ്കേതിക സംവിധാനമൊരുക്കിയതും പരിപാലനവും കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ & ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ്. ഇതിന്റെ പൂര്‍ണ അക്കാദമിക് പിന്തുണ എസ്.സി.ഇ.ആര്.ടിക്കും ക്ലാസ്റൂം നടത്തിപ്പ് മേല്‍നോട്ടം വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്കു മായി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 'സമഗ്ര'യുമായി ബന്ധപ്പെട്ട് കരിക്കുലം കമ്മിറ്റി അംഗീകരിച്ച സമീപനരേഖയും സര്‍ക്കാര്‍ അംഗീകരിച്ചു.
'സമഗ്ര' വെബ്പോര്‍ട്ടലിന്റേയും മൊബൈല്‍ ആപ്പിന്റേയും ഉദ്ഘാടനം മെയ് 31 ന് രാവിലെ 11.30 ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
ക്ലാസ്മുറികളില്‍ ഓരോ വിഷയത്തിലേയും അദ്ധ്യായങ്ങള്‍ കരിക്കുലം നിഷ്കര്‍ഷി ക്കുന്ന പഠനനേട്ടങ്ങള്‍ ഉറപ്പാക്കുന്ന തരത്തില്‍ പാഠാസൂത്രണങ്ങള് തയ്യാറാക്കാന്‍ കഴിയുന്ന സംവിധാനമാണ് 'സമഗ്ര'യുടെ നട്ടെല്ല്. ഇത്തരം 10,000ത്തോളം യൂണിറ്റ് പ്ലാനുകളും 15000 സൂക്ഷ്മതല ആസൂത്രണങ്ങളും സമഗ്രയില്‍ ലഭ്യമാണ്. ഈ സേവനം ഉപയോഗിക്കാന്‍ മുഴുവന്‍ അധ്യാപകരും പോര്‍ട്ടലില്‍ അംഗത്വമെടുക്കണം. ഇതുവരെ 1,10,000 അധ്യാപകര്‍ അംഗത്വമെടുത്തു. പാഠാസൂത്രണ വിഭാഗത്തിനു പുറമെ ലോഗിന്‍ ചെയ്യാതെതന്നെ എല്ലാവര്ക്കും കാണാന്‍ കഴിയുന്ന ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍, ചോദ്യബാങ്ക്, ഇ-റിസോഴ്സുകള്‍ എന്നിവയും സമഗ്രയിലുണ്ട്. വീഡിയോകള്‍, ശബ്ദഫയലുകള്‍, ചിത്രങ്ങള്‍, ഇന്ററാക്ടീവ് സിമുലേഷനുകള്‍ എന്നിങ്ങനെ 19000 ഡിജിറ്റല്‍ വിഭവങ്ങള്‍ ക്ലാസ്-വിഷയ അടിസ്ഥാനത്തില്‍ ഇ-റിസോഴ്സുകള്‍ വിഭാഗത്തില്‍ ലഭ്യമാണ്.
പി.എന്‍.എക്സ്.2059/18
- Log in to post comments