എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതരുടെ കൃത്യമായ എണ്ണം കണ്ടെത്തും: മന്ത്രി ടി. പി. രാമകൃഷ്ണന്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതരുടെ കൃത്യമായ എണ്ണം കണ്ടെത്തുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന് പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനു വേണ്ടി കേരള അക്കാഡമി ഫോര്‍ സ്കില്‍ എക്സലന്‍സും ഊരാളുങ്കല്‍ സൊസൈറ്റിയും തമ്മില്‍ ധാരണാപത്രം ഒപ്പു വയ്ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 35 ലക്ഷം പേര് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിരവധി പേര് വിദേശങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരാണ്. തൊഴില്‍ രഹിതരുടെ കൃത്യമായ എണ്ണം കണ്ടെത്തുന്നത് വലിയൊരു ജോലിയാണ്. അത് ഏറ്റെടുക്കാനാണ് തൊഴില്‍ വകുപ്പിന്റെ തീരുമാനം. നിലവില്‍ പത്ത് ജില്ലകളില്‍ എംപ്ലോയബിലിറ്റി കേന്ദ്രങ്ങളുണ്ട്. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കരിയര്‍ വികസന കേന്ദ്രങ്ങള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ആരംഭിക്കും.
യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ആവശ്യമായ നൈപുണ്യ പരിശീലനം നേടിയിട്ടില്ലെങ്കില്‍ ആറു പതിറ്റാണ്ടിലേറെയായി കേരളം സ്വന്തമാക്കിയ നേട്ടങ്ങളില്‍ പിന്നാക്കം പോകേണ്ടി വരും. നൈപുണ്യ പരിശീലനം ലഭിക്കുന്ന എല്ലാവര്ക്കും തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. നൈപുണ്യ വികസനവും തൊഴില്‍ സാധ്യതയും ഇന്ന് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. മനുഷ്യ വിഭവ ശേഷിയിലെ വികസനമാണ് യഥാര്‍ത്ഥ വികസനത്തിന്റെ അടിസ്ഥാനമെന്ന് ലോകം അംഗീകരിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്കായി ആവാസ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. എല്ലാ അതിഥി തൊഴിലാളികളും രജിസ്റ്റര്‍ ചെയ്യുന്നതു വരെ പദ്ധതി തുടരുമെന്ന് മന്ത്രി പറഞ്ഞു.
സി. കെ. നാണു എം. എല്‍. എ, അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, കെയ്സ് എം. ഡി ഡോ. ശ്രീറാം വെങ്കിട്ടരാമന്, ഊരാളുങ്കല്‍ സൊസൈറ്റി ചെയര്മാന് രമേശന് പലേരി, കെയ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സി. പ്രതാപ് മോഹന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി.എന്‍.എക്സ്.2076/18
- Log in to post comments