Skip to main content

ദുരന്ത നിവാരണം - നഷ്ടം വിലയിരുത്തേണ്ടത് ഓവര്‍സിയര്‍മാര്‍

പ്രകൃതിക്ഷോഭത്തിലോ ദുരന്തങ്ങളിലോ  കേടുപാട് സംഭവിച്ച വീടുകള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശമിറക്കി.  പുതിയ ഉത്തരവ് പ്രകാരം അംഗീകൃത പ്രകൃതി ദുരന്തത്തില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടം വില്ലേജ് ഓഫീസര്‍മാര്‍ക്ക് പകരം തദ്ദേശ സ്വയംഭരണ വകുപ്പിലെ ഓവര്‍സിയര്‍മാരാണ് വിലയിരുത്തേണ്ടത്.
പ്രകൃതിക്ഷോഭമോ ദുരന്തം മൂലമോ വീടോ കെട്ടിടമോ തകര്‍ന്നാല്‍ വില്ലേജ് ഓഫീസര്‍മാര്‍ വിവരം യഥാസമയം തഹസില്‍ദാര്‍മാരെ അറിയിക്കണം. അതോടൊപ്പം വീട് നിലനില്‍ക്കുന്ന പഞ്ചായത്ത്, നഗരസഭകളിലെ അസിസ്റ്റന്റ് എഞ്ചിനീയറോടോ ഓവര്‍സിയറോടോ നഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണം. മൂന്ന് ദിവസത്തിനകം സ്ഥലം സന്ദര്‍ശിച്ച് പ്രസ്തുത റിപ്പോര്‍ട്ട് ബന്ധപ്പെട്ട  വില്ലേജ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ദുരിതബാധിതരുടെ അപേക്ഷയോടൊപ്പം ഓവര്‍സിയര്‍ നല്‍കുന്ന റിപ്പോര്‍ട്ട് സഹിതം മാത്രമേ തഹസില്‍ദാര്‍മാര്‍ക്ക് ധനസഹായം നല്‍കാനായി റിപ്പോര്‍ട്ട് അയക്കാവൂയെന്നും നിര്‍ദ്ദേശിച്ചു.

date