മൂന്നിയൂര്‍ കളിയാട്ടം മെഡിക്കല്‍ ടീമിനെ വിന്യസിക്കും.
മൂന്നിയൂര്‍ കളിയാട്ടം ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചു നടത്തുന്നത് ഉറപ്പാക്കാന്‍ ഉത്സവ ദിവസം പ്രദേശത്ത് നാല് മെഡിക്കല്‍ ടീമിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. നിപ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ജാഗ്രത പ്രഖ്യാപിച്ച പഞ്ചായത്താണ് മൂന്നിയൂര്‍. മൂന്നിയൂര്‍, നെടുവ, പി.എച്ച.സി. തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവയിലെ ഡോക്ടര്‍മാരുടെ നേത്യത്വത്തിലായിരിക്കും ടീം പ്രവര്‍ത്തിക്കുക. ഇതിന് പുറമെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അടിയന്തിര സഹചര്യങ്ങളില്‍ ഉപയോഗിക്കാനായി പ്രത്യേക സൗകര്യവും ഒരുക്കും.
ഇന്ന് (ജൂണ്‍ 31) രാവിലെ മുതല്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശത്തും അടുത്ത പഞ്ചായത്തുകളിലും ആരോഗ്യ - ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ചുള്ള ജില്ലാ കലക്ടറുടെ നിര്‍ദ്ദേശങ്ങള്‍ മൈക്ക് വഴി പ്രചരിപ്പിക്കും. പരമാവധി ആള്‍ക്കൂട്ടം കളിയാട്ടത്തിന് എത്തുന്നത് ഒഴിവാക്കുക എന്നതായിരിക്കും ലക്ഷ്യം.
കളിയാട്ടത്തിന് മുന്നോടിയായി പ്രദേശത്ത് രണ്ട് തവണ ക്ലോറിനേഷന്‍ നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന അറിയിച്ചു. നിരവധി കടകളില്‍ പരിശോധന നടത്തി. ഉപ്പിലിട്ട ഭക്ഷണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ പൂട്ടിച്ചു. കളിയാട്ട ദിവസം ഭക്ഷ്യ വസ്തുക്കളുടെ തുറന്ന വില്‍പ്പന കര്‍ശനമായി തടയും. ഉത്സവത്തിന് എത്തുന്നവര്‍ തിളപ്പിച്ചാറിയ വെള്ളം കയ്യില്‍ കരുതണം. യാതൊരു കാരണവശാലും കളിയാട്ട സ്ഥലത്തുനിന്ന് തണുത്ത ഭക്ഷണ പാനിയങ്ങള്‍ കഴിക്കരുത്. ആവശ്യമുള്ളവര്‍ ക്ഷേത്രം നല്‍കുന്ന ഭക്ഷണം കഴിക്കണം. ഭക്ഷ്യ വസ്തുക്കളുടെ കുറ്റകരമായ വില്‍പ്പനയും മറ്റും കണ്ടെത്തിയില്‍ 5000 രൂപയില്‍ അധികം പിഴ ചുമത്താനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
- Log in to post comments