Skip to main content

എറണാകുളം അറിയിപ്പുകള്‍ - 3

മണീട് സ്‌കൂളില്‍ ഇന്ന് ജില്ലാതല പ്രവേശനോത്സവം: 

10 ശതമാനത്തിലധികം വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ എത്തുമെന്ന് പ്രതീക്ഷ

 

കാക്കനാട്: എറണാകുളം റവന്യൂ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം പിറവം ഉപജില്ലയിലെ മണീട് ഗവ.എല്‍.പി. സ്‌കൂളില്‍ ഇന്ന് (ജൂണ്‍ 1) രാവിലെ ഒമ്പതിന് അനൂപ് ജേക്കബ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.  സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ 35 കുട്ടികളും ഉദ്ഘാടനത്തിന്റെ ഭാഗമായി എം.എല്‍.എ യോടൊപ്പം മണ്‍ചെരാതുകള്‍ക്ക് തിരി കൊളുത്തും. 

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷം ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ 10 ശതമാനത്തിലധികം വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എ.സന്തോഷ് അറിയിച്ചു.  കഴിഞ്ഞ വര്‍ഷം 20,500 വിദ്യാര്‍ത്ഥികള്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയിടത്ത് 22,000 വിദ്യാര്‍ത്ഥികളെയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്.   പൊതുവിദ്യാലയങ്ങളിലെത്തുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യാനായി 2,75,000 പച്ചക്കറി വിത്ത് പൊതികളും മൂന്ന് ലക്ഷത്തോളം വൃക്ഷത്തൈകളും സംസ്ഥാന വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്.  വിതരണത്തിനുള്ള സ്‌കൂള്‍ യൂണിഫോമുകളും പുസ്തകങ്ങളും സ്‌കൂളുകളില്‍ എത്തിക്കഴിഞ്ഞു.  പൊതുവിദ്യാലയങ്ങള്‍ ഹരിതവിദ്യാലയങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്‍ തയ്യാറാക്കിയ 'ഹരിതോത്സവം' കൈപ്പുസ്തകം ഒരു ക്ലാസ്സില്‍  ഒരു പുസ്തകം എന്ന കണക്കില്‍ എല്ലാ സ്‌കൂളുകളിലും ഇന്നു തന്നെ വിതരണം ചെയ്യും.      

പ്രവേശനോത്സവത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വ്വശിക്ഷാ അഭിയാനും സംയുക്തമായി പൂര്‍ത്തിയാക്കിയിട്ടുള്ളത്.  പൂര്‍ണ്ണമായും ഹരിത നടപടിക്രമങ്ങള്‍ പാലിച്ചാണ് അലങ്കാരങ്ങളും ആഘോഷങ്ങളും നടത്തുക.  മണീട് സ്‌കൂളിലെ നവാഗതര്‍ക്ക് ബാഗ്, കുട, ചോറ്റുപാത്രം, ക്രയോണ്‍സ്, കളറിങ് ബുക്ക്, നോട്ടുപുസ്തകം എന്നിവയടങ്ങിയ പഠനോപകരണ കിറ്റുകള്‍ നല്‍കും.  ഉദ്ഘാടന വേദിയോടനുബന്ധിച്ചുള്ള മണീട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും എല്‍.എസ്.എസ്., യു.എസ്.എസ്. വിജയികള്‍ക്കും ഉപഹാരം നല്‍കും.  കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനത്തിലൂടെ മണീട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ആറാം സ്ഥാനം നേടിക്കൊടുത്ത കായികതാരങ്ങളെയും അധ്യാപകരെയും ആദരിക്കും.  ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 500 പേര്‍ക്ക് ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ അധ്യക്ഷത വഹിക്കും.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമന്‍ മുഖ്യപ്രഭാഷണം നടത്തും.  

ഇതുവരെ സ്‌കൂളില്‍ പ്രവേശിച്ചിട്ടില്ലാത്തതോ കൊഴിഞ്ഞുപോയതോ ആയ പട്ടികവര്‍ഗവിഭാഗത്തില്‍പെട്ട കുട്ടികളെയും  ഇതര സംസ്ഥാന കുട്ടികളെയും സ്‌കൂളിലെത്തിക്കുന്നതിന് സ്‌കൂള്‍ പ്രവേശനയജ്ഞത്തിന്റെ ഒന്നാം ഘട്ടത്തോടനുബന്ധിച്ച് പെരുമ്പാവൂരില്‍ തൊഴിലാളി ക്യാമ്പുകളിലേക്ക് നടത്തിയ കൂട്ടയോട്ടം  നേരത്തെ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. ഉദ്ഘാടനം ചെയ്തിരുന്നു.  കൂടാതെ സര്‍വ്വേ, ഗൃഹസന്ദര്‍ശനം തുടങ്ങിയവയും പൂര്‍ത്തിയാക്കി. ഇതുവഴി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവരോ ഇതരസംസ്ഥാനതൊഴിലാളികളുടെ മക്കളോ ആയ 102 കുട്ടികളെയാണ് സ്‌കൂളില്‍ ചേര്‍ക്കാനായത്. യജ്ഞത്തിന്റെ രണ്ടാം ഘട്ടം ജൂണ്‍ 11ന് ആരംഭിക്കുന്നതോടെ കൂടുതല്‍ കുട്ടികള്‍ സ്‌കൂളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്.എസ്.എ. ജില്ലാ പ്രൊജക്ട് ഓഫീസര്‍ സജോയ് ജോര്‍ജ്ജ് അറിയിച്ചു.

 

വാഹനങ്ങളുടെ നികുതി ഒടുക്കുന്നതിനുള്ള തീയതി നീട്ടി

 

 കാക്കനാട്: 2014 ഏപ്രില്‍ ഒന്നിനോ അതിനു ശേഷമോ രജിസ്റ്റര്‍ ചെയ്തതും 15 വര്‍ഷത്തിനു പകരം അഞ്ചു വര്‍ഷത്തേക്ക് നികുതി ഒടുക്കിയിട്ടുള്ളതുമായ മോട്ടോര്‍ ക്യാബ്/ ടൂറിസ്റ്റ് മോട്ടോര്‍ ക്യാബ് വാഹനങ്ങളുടെ ബാക്കി 10 വര്‍ഷത്തേക്കുള്ള നികുതി ഒടുക്കുവാനുള്ള സമയപരിധി ജൂണ്‍ 10 വരെ ദീര്‍ഘിപ്പിച്ചതായി ആര്‍.ടി.ഒ. അ റിയിച്ചു.

 

 

റേഷന്‍ കാര്‍ഡ് വിതരണം മാറ്റിവച്ചു

 

കാക്കനാട്: ജില്ലയില്‍ ഇന്നു ( ജൂണ്‍ 1) മുതല്‍ നടത്താനിരുന്ന പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം മാറ്റിവെച്ചതായി  ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

 

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശന തീയതി നീട്ടി

 

കാക്കനാട്: ടുറിസം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2018-19 അധ്യയന വര്‍ഷം ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കോഴ്‌സുകളില്‍ ചേരാനുള്ള അപേക്ഷാ തീയതി ജൂണ്‍ 11 വരെ നീട്ടിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.  വിശദ വിവരം 0484 2558385 , 229286 ലും www.fcikerala.org ലും ലഭിക്കും.

 

 

 

റേഷന്‍ കടകള്‍ മറ്റന്നാള്‍ തുറക്കും

 

കാക്കനാട്: മെയ് മാസത്തെ റേഷന്‍ വിതരണം ജൂണ്‍ അഞ്ചു വരെ ദീര്‍ഘിപ്പിച്ചിട്ടുള്ളതിനാല്‍ ജില്ലയിലെ റേഷന്‍ കടകള്‍ ജൂണ്‍ മൂന്ന് ഞായറാഴ്ച പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  പകരം 

ജൂണ്‍ ആറിന് റേഷന്‍ കടകള്‍ അവധിയായിരിക്കും.

 

പതിനഞ്ചാം ധനകമ്മീഷന്‍ കൊച്ചി മെട്രോ സന്ദര്‍ശിച്ചു

 

കൊച്ചി: കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പതിനഞ്ചാമത് ധനകമ്മീഷന്‍ കൊച്ചി മെട്രോ സന്ദര്‍ശിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ എന്‍.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. കമ്മീഷന്‍ അംഗങ്ങളായ ശക്തികാന്ത് ദാസ്, ഡോ. അനൂപ്‌സിംഗ്, ഡോ. അശോക് ലാഹിരി, ഡോ. രമേഷ്ചന്ദ്, മെമ്പര്‍ സെക്രട്ടറി അരവിന്ദ് മെഹ്ത്ത, ജോയിന്റ് സെക്രട്ടറി മുഖ്മീത് സിങ്ങ് ഭാട്ടിയ, അജിത് പട്ടീല്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഇടപ്പള്ളി സ്റ്റേഷനില്‍ നിന്നും മുട്ടം യാര്‍ഡു വരെ മെട്രോയാത്ര നടത്തിയ സംഘത്തിനൊപ്പം കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ എപിഎം മുഹമ്മദ് ഹനീഷും മറ്റ് മെട്രോ ജീവനക്കാരും ഉണ്ടായിരുന്നു. മെട്രോയുടെ വിവിധ സ്റ്റേഷനുകളെക്കുറിച്ചും തുടര്‍ വികസനത്തെക്കുറിച്ചും മുഹമ്മദ് ഹനീഷ് കമ്മീഷന്‍ അംഗങ്ങള്‍ക്ക് യാത്രയ്ക്കിടെ വിശദീകരിച്ചു. തുടര്‍ന്ന് മുട്ടം മെട്രോ സ്റ്റേഷനില്‍ നിന്ന് കാര്‍ മാര്‍ഗം മെട്രോയുടെ മുട്ടത്തെ ഓപറേഷന്‍ കണ്‍ട്രോള്‍ സെന്റര്‍ സന്ദര്‍ശിച്ച സംഘം മെട്രോ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. 

 

 

സീറാഞ്ചിംഗ് പദ്ധതി ഉദ്ഘാടനം ചെയ്തു

കൊച്ചി: ചെല്ലാനം ഗ്രമപഞ്ചായത്തിലെ കണ്ണമാലി പള്ളിക്കടവ് ഫിഷ്‌ലാന്റിംഗ് സെന്ററില്‍ കെ ജെ മാക്‌സി എംഎല്‍എ സീറാഞ്ചിംഗ് പദ്ധതി ഉദ്ഘാടനം ചെയ്തു.  3,50,000 കാരചെമ്മീന്‍ കുഞ്ഞുങ്ങളെയും, 17,000 കരിമീന്‍ കുഞ്ഞുങ്ങളെയും   കായലില്‍ നിക്ഷേപിച്ചുകൊണ്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 

പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതാണ് മത്സ്യവകുപ്പു വഴി നടപ്പാക്കുന്ന  'സീ - റാഞ്ചിംഗ്' പദ്ധതി. 2017-18 സാമ്പത്തികവര്‍ഷം പദ്ധതിയുടെ ഭാഗമായി 20 ലക്ഷംരൂപയാണ് ജില്ലയില്‍ വകയിരുത്തിയിരിക്കുന്നത്. കാലാവസ്ഥയിലെ വ്യതിയാനം, ജലമലിനീകരണം, അമിതചൂഷണം, മത്സ്യരോഗങ്ങള്‍ എന്നിവ മൂലം കായലുകളില്‍ മത്സ്യലഭ്യത വളരെ കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ കായലിനെ ആശ്രയിച്ചുകഴിയുന്ന മത്സ്യതൊഴിലാളികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം. പദ്ധതിയിലൂടെ മത്സ്യഉത്പ്പാദന മേഖല അഭിവൃദ്ധിപ്പെടുത്തുകയാണ് ലക്ഷ്യം. കയറ്റുമതിമൂല്യമുള്ളതും 16.8 ലക്ഷംവിപണന മൂല്യമുള്ളതും 4.8 ടണ്‍ കാരചെമ്മീന്‍ ഉത്പാദനം ഇതിലൂടെ നേടാമെന്ന് പ്രതീക്ഷിക്കുന്നു. 10 ടണ്‍ അധിക മത്സ്യ ഉല്‍പാദനവും 15 ലക്ഷം രൂപയ്ക്കുള്ള അധിക വരുമാനവും  പദ്ധതിവഴി പ്രതീക്ഷിക്കുന്നു.  

 

 ചടങ്ങില്‍ ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സിജോസി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എസ്. പീതാംബരന്‍,   ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനിത ഷീലന്‍, ചെല്ലാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.ഡി. പ്രസാദ്, സംസ്ഥാന മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഫ്രാന്‍സിസ് ഡാളോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സോണി സേവ്യര്‍, വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിത മാത്യൂ ജേക്കബ്, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍സണ്‍ പോള്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത ബാബു, വാര്‍ഡ് മെമ്പര്‍ മിനി യേശുദാസ്,  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (മേഖല) എസ്. മഹേഷ്,  മത്സ്യഭവന്‍ ആഫീസര്‍ ജിബിന, പ്രൊജക്ട് അസിസ്റ്റന്റുമാരായ ആന്‍ഡ്രിയ, സ്വരുമോള്‍, ജയരാജ്, ബിനു,   ഉദയന്‍ എന്നിവര്‍ പങ്കെടുത്തു.

 

കേന്ദ്ര പദ്ധതികള്‍ : പ്രദര്‍ശനവും ബോധവത്കരണ

 പരിപാടികളും മണീടില്‍ ആരംഭിച്ചു

 

കൊച്ചി: കേന്ദ്ര വികസന ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ത്രിദിന പ്രദര്‍ശനവും ബോധവത്കരണ പരിപാടികളും മണീട് ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. പഞ്ചായത്ത് അംബേദ്കര്‍ ഓഡിറ്റോറിയത്തില്‍ മണീട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ. ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. റീജിണല്‍ ഔട്ട്‌റിച്ച് ബ്യൂറോ കേരള-ലക്ഷദ്വീപ് റീജിണല്‍ ഡയറക്ടര്‍ എസ്. സുബ്രഹ്മണ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. മണീട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സിന്ധു അനില്‍, ഓമന വര്‍ഗീസ്, ഏലിയാസ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആലീസ് ബേബി, ദേശീയ ആരോഗ്യ ദൗത്യം കോര്‍ഡിനേറ്റര്‍ ബിജു എം.ജെ. തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. റീജിണല്‍ ഔട്ട്‌റീച്ച് ബ്യൂറോ ഫീല്‍ഡ് എക്‌സിബിഷന്‍ ഓഫീസര്‍ എല്‍.സി. പൊന്നുമോന്‍ സ്വാഗതവും സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷിബി ജോസ് നന്ദിയും പറഞ്ഞു.   ഉദ്ഘാടന സമ്മേളനത്തിന് ശേഷം സ്വയം തൊഴില്‍ സാധ്യതകളെക്കുറിച്ചും അവയ്ക്കായുള്ള ബാങ്ക് വായ്പകളെക്കുറിച്ചും ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം സീനിയര്‍ ഫാക്കല്‍റ്റി അനില്‍കുമാര്‍ ക്ലാസ് എടുത്തു. 

 

ജൂണ്‍ 1-ന്  രാവിലെ 10.30ന് വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളെക്കുറിച്ചും  2-ന് രാവിലെ 10.30ന് നൈപുണ്യ വികസനത്തെക്കുറിച്ചും ക്ലാസ് ഉണ്ടായിരിക്കും.  കേന്ദ്ര സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ആണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴില്‍ പുതുതായി രൂപവല്‍ക്കരിച്ച റീജിണല്‍ ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിക്കുന്ന പരിപാടി നാളെ (ജൂണ്‍ 2)സമാപിക്കും. മണീട് ഗ്രാമ പഞ്ചായത്തിന്റേയും ഐസിഡിഎസ്, കുടുംബശ്രീ, ദേശീയ ആരോഗ്യദൗത്യം എന്നിവയുടേയും സഹകരണത്തോടയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

 

പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുളള മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി:

അപേക്ഷ ക്ഷണിച്ചു

കൊച്ചി: പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം ക്ലാസിലേക്കും ആറാം ക്ലാസ് മുതല്‍ മുതല്‍ പ്ലസ് ടു വരെയുളള ക്ലാസുകളില്‍ ഒഴിവുളള സീറ്റുകളിലേക്കും 2018-19 അദ്ധ്യയന വര്‍ഷം പ്രവേശനം നല്‍കുന്നതിനു വേണ്ടി എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. സമര്‍ത്ഥരായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരത്തിലുളള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് ജില്ലാ പഞ്ചായത്തു മുഖേന നടപ്പിലാക്കുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി അനുസരിച്ചാണിത്.

നല്ല നിലവാരത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ബോര്‍ഡിംഗ് സൗകര്യമുളള സ്വകാര്യ സ്‌കൂളുകളിലാണ് വിദ്യാര്‍ഥികളെ പ്രവേശിക്കുന്നത്. വിദ്യാര്‍ഥികള്‍ ബോര്‍ഡിംഗില്‍ താമസിച്ചു വേണം പഠനം നടത്തേണ്ടത്. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 10-ാം ക്ലാസ് വരെയുളള മുഴുവന്‍ വിദ്യാഭ്യാസ ചെലവുകളും (ട്യൂഷന്‍ ഫീസ്, ടെക്സ്റ്റ് ബുക്കുകള്‍, നോട്ടുബുക്കുകള്‍, മറ്റ് പഠനോപകരണങ്ങള്‍, താമസ സൗകര്യം, ആഹാര ചെലവ്, പ്രത്യേക ട്യൂഷന്‍ നല്‍കുന്നതിനുളള ഫീസ്. യൂണിഫോം ഡ്രസ്. ഒരു വര്‍ഷം മൂന്നു തവണ സ്വന്തം വീട്ടീല്‍ പോയി വരുന്നതിനുളള യാത്രാബത്ത മുതലായവ) സൗജന്യമാണ്.

ജാതി, വരുമാനം, വര്‍ഷാവസാന മാര്‍ക്ക് എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ജൂണ്‍ 10-ന് മുമ്പായി എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിച്ചിരിക്കണം.

ജില്ലയിലെ പഞ്ചായത്തുകളിലുള്ള പട്ടികജാതി വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കുവാന്‍ അര്‍ഹതയുളളത്.

 

കരിയര്‍ മാപ്പിങ്ങ് 2018

കൊച്ചി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ ആറിന്  പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍   കരിയര്‍ മാപ്പിങ്ങ് 2018 സംഘടിപ്പിക്കുന്നു. ഡോ.പി.ആര്‍.വെങ്കിട്ടരാമന്‍ നയിക്കുന്ന പ്രോഗ്രാമിലേയ്ക്ക് പ്രവേശനത്തിനായി മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0484 2576756.

 

പോസ്റ്റല്‍ സമരം അവസാനിപ്പിക്കാന്‍

പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണം :

തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍

 

* ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വാര്‍ത്താ വിനിമയ മന്ത്രിക്കും സന്ദേശമയച്ചു

 

പോസ്റ്റല്‍ സമരം അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍  പ്രധാനമന്ത്രിക്കും  വാര്‍ത്താ വിനിമയ മന്ത്രി       മനോജ് സിന്‍ഹയ്ക്കും സന്ദേശമയച്ചു.

ഇക്കഴിഞ്ഞ 22-ന് ആരംഭിച്ച പോസ്റ്റല്‍ സമരം സംസ്ഥാനത്തെ പോസ്റ്റല്‍ മേഖലയെ ആകെ സ്തംഭിപ്പിച്ചിരിക്കുകയാണ്. പോസ്റ്റല്‍ വകുപ്പിലെ ഗ്രാമീണ്‍ ഡാക് സേവക്മാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കമലേഷ് ചന്ദ്ര കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരമുള്ള ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ടുകൊണ്ടാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. എന്നാല്‍ സമരത്തെ കണ്ടില്ലെന്ന് നടക്കുകയാണ് കേന്ദ്ര  വാര്‍ത്താ വിനിമയ മന്ത്രാലയം. 

2016-ല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകളില്‍ ചിലത് നടപ്പിലായെങ്കിലും പോസ്റ്റല്‍ വകുപ്പ് ജീവനക്കാര്‍ക്ക് സമാനമായ തൊഴിലെടുക്കുന്ന ഗ്രാമീണ്‍ ഡാക് സേവക്മാര്‍ക്ക് ആനൂകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയാണുണ്ടായത്. ഇവര്‍ വകുപ്പിതര ജീവനക്കാരാണെന്ന കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിഷേധാത്മക നിലപാടാണ് ആനൂകൂല്യങ്ങള്‍ നിഷേധിക്കപ്പെടാനുള്ള കാരണമെന്ന് വ്യക്തമാണ്. 

സ്പീഡ് പോസ്റ്റ് സര്‍വ്വീസുകളുള്‍പ്പെടെ കൈകാര്യം ചെയ്യുന്ന ഗ്രാമീണ്‍ ഡാക് സേവക്മാരുടെ അനിശ്ചിതകാല സമരം സംസ്ഥാനത്തെ സാരമായി ബാധിച്ചിരിക്കുന്നു.  സമരത്തോടുള്ള കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നിഷേധാത്മക മനോഭാവം കേരളത്തിലെ 9000 ത്തോളം വരുന്ന ഗ്രാമീണ്‍ ഡാക് സേവക്മാരുടെ കുടുംബത്തെയും സാരമായി ബാധിച്ചിരിക്കുകയാണെന്നും തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. 

പോസ്റ്റല്‍ മേഖലയെ ആശ്രയിക്കുന്ന പെന്‍ഷന്‍കാര്‍, ഉദ്യോഗാര്‍ഥികള്‍, വിദ്യാര്‍ഥികള്‍ മുതലായവരും പൊതുസമൂഹമാകെയും സമരം മൂലം ബുദ്ധിമുട്ടുകയാണ്. പോസ്റ്റല്‍ സേവിംഗ് അക്കൗണ്ടുകള്‍, പോസ്റ്റല്‍ പാഴ്‌സല്‍ സര്‍വ്വീസുകള്‍, പോസ്റ്റല്‍ ഇന്‍ഷ്വറന്‍സുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സേവനങ്ങളും നിലച്ചതോടെ അപരിഹാര്യമായ നഷ്ടങ്ങളും ജനജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യവുമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. 

   ഈ അസാധാരണ സാഹചര്യം സംസ്ഥാനത്തിന് ആശങ്കയുളവാക്കുന്നതാണ്. ഇത് തരണം ചെയ്യുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിച്ച് പോസ്റ്റല്‍ മേഖലയെ സാധാരണഗതിയിലെത്തിക്കുന്നതിന് പ്രധാനമന്ത്രിയും വാര്‍ത്താ വിനിമയ  മന്ത്രിയും അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ കത്തില്‍ ആവശ്യപ്പെട്ടു.

 

കണ്ടെയ്‌നര്‍- ട്രെയിലര്‍  തൊഴിലാളികള്‍

അനിശ്ചിതകാല പണിമുടക്ക്  പിന്‍വലിച്ചു

 

കൊച്ചി: കണ്ടെയ്‌നര്‍- ട്രെയിലര്‍  തൊഴിലാളികള്‍ ഇന്ന് (ജൂണ്‍ 1) മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ ശ്രീലാല്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചു.

കണ്ടെയ്‌നര്‍ ട്രെയിലറുകളിലെ തൊഴിലാളികളുടെ ബാറ്റ വെട്ടിക്കുറച്ചെന്നതിന്റെയടിസ്ഥാനത്തിലാണ് ട്രേഡ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയും ബിഎംഎസ് യൂണിയനും സമരം പ്രഖ്യാപിച്ചിരുന്നത്. 

2016 മാര്‍ച്ച് 15-ന് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനങ്ങള്‍ തുടര്‍ന്നു നടപ്പാക്കും. അന്ന് തീരുമാനിച്ച വാടക നിരക്ക് സിഎച്ച്എ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉപയോക്താക്കളും തുടര്‍ന്നും നല്‍കണം. നാറ്റ്പാക് റിപ്പോര്‍ട്ട് വരുന്നതുവരെ നിലവിലുള്ള സാഹചര്യം തുടരും. ഇതു സംബന്ധിച്ച് ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, കസ്റ്റംസ് ക്ലിയറന്‍സ് ഹൗസ് ഏജന്റ്‌സ് പ്രതിനിധികള്‍, ട്രെയിലര്‍ ഓണേഴ്‌സ് പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ച് ലേബര്‍ കമ്മീഷണറെ വിവിരം ധരിപ്പിക്കും. 15 ദിവസത്തിനുള്ളില്‍ ലേബര്‍ കമ്മീഷണര്‍ തലത്തില്‍ ചര്‍ച്ചയ്ക്ക് അവസരമൊരുക്കും എന്നീ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.

date