കേരളത്തിലേത് മതനിരപേക്ഷ പാഠ്യപദ്ധതി : മന്ത്രി എ സി മൊയ്തീന്‍
രാജ്യത്ത് പല സംസ്ഥാനങ്ങളിലും മതനിരപേക്ഷത പാഠ്യപദ്ധതിയില്‍നിന്ന് ഇല്ലാതാകുകയാണെന്നും എന്നാല്‍ കേരളത്തില്‍ പാഠ്യപദ്ധതി നൂറുശതമാനവും മതനിരപേക്ഷമാണെന്നും വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന വടക്കാഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്‌ക്കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസവും മിത്തുകളും മതാത്മകതയും ശാസ്ത്ര വിരുദ്ധതയും സിലബസിന്റെ ഭാഗമാകുന്ന കാഴ്ചയാണ് ഇന്ത്യയില്‍ മറ്റു പലയിടത്തും കാണുന്നത്. എന്നാല്‍ മതനിരപേക്ഷതയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഒരിഞ്ചുപ്പോലും പിന്നോട്ടു പോകില്ലെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാട് ഒന്നിച്ചു നില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. പൊതുവിദ്യാഭ്യാസമാണ് മലയാളികളെ ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചത്. വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ളതല്ല തുറന്നു പ്രവര്‍ത്തിക്കാനുള്ളതാണ്. ഇതിനാവശ്യമായ പശ്ചാത്തല സൗകര്യ വികസനം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും അദ്ധേഹം പറഞ്ഞു.
ലോകത്തെ ഏത് വിദ്യാര്‍ഥിയ്‌ക്കൊപ്പവും വിജ്ഞാനത്തിന്റെ ഉറവിടം തേടാന്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കും സാധിക്കണം. ഇതിനുള്ള പ്രവര്‍ത്തികള്‍ സര്‍ക്കാര്‍ തുടങ്ങിവയ്ക്കുകയാണ്. ഇത് നാട് ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.
അനില്‍ അക്കര എംഎല്‍എ അധ്യക്ഷത വഹിച്ചു. ശ്രീജിതന്‍ കെ. എബ്രഹാം പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബസന്ത് ലാല്‍, വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ അനൂപ്കിഷോര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വടക്കാഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് സ്വാഗതവും എച്ച്.എം. ഇന്‍ ചാര്‍ജ് മിനി ടി.വി. നന്ദിയും പറഞ്ഞു.
- Log in to post comments