കേരളത്തിലെ ആരോഗ്യസംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം : മുഖ്യമന്ത്രി
കേരളത്തിലെ ആരോഗ്യസംവിധാനങ്ങള്‍ കാലാനുസൃതമായി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അതിനുളള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാത്തെ ആരോഗ്യമേഖലയുടെ മുഖഛായ മാറ്റാന്‍ ഉതകുന്നതാണ് ആര്‍ദ്രം മിഷന്‍ എന്നും അദ്ദേഹം സൂചിപ്പിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായി 92 കോടി രൂപയുടെ പൂര്‍ത്തീകരിച്ച 12 പദ്ധതികളുടെ ഉദ്ഘാടനവും 880 കോടി രുപ ഉള്‍പ്പെടുന്ന മാസ്റ്റര്‍ പ്ലാനിന്‍റെ അനാച്ഛാദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് അലുമ്നി ഹാളില്‍ നടന്ന പരിപാടിയില്‍ ആരോഗ്യവകുപ്പു മന്ത്രി കെ കെ ശൈലജ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ വലിയ വിഭാഗം ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഒ പി സംവിധാനത്തെ ആശ്രയിക്കുന്നവരാണ്. അതിനാല്‍ ഒ പി സംവിധാനം നാട്ടുകാര്‍ക്ക് സൗകര്യപ്രദമായ രീതില്‍ ക്രമീകരിക്കേണ്ടതുണ്ട്. അതിന്‍റെ ഭാഗമായാണ് മെഡിക്കല്‍ കോളേജ് ആശുപത്രികളടുക്കമുളള ഇടങ്ങളില്‍ ഒ പി നവീകരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഇടപെടലുകള്‍ മാതൃകപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെ തുടക്കം മുതല്‍ക്കുളള അഞ്ച് മെഡിക്കല്‍ കോളേജുകളെ ലോകത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും 4300 പുതിയ തസ്തികകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആരോഗ്യമേഖലയില്‍ സൃഷ്ടിച്ചുവെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ പറഞ്ഞു.
സംസ്ഥാനത്ത് പുതുതായി തുടങ്ങിയ മെഡിക്കല്‍ കോളേജുകള്‍ മുന്‍ഗണനയനുസരിച്ച് നവീകരിക്കും. സംസ്ഥാനത്തെ പൊതു ആരോഗ്യമേഖലയില്‍ ട്രോമാ കെയര്‍ സംവിധാനം ശക്തമാക്കും. തിരുവനന്തുപുരം മെഡിക്കല്‍ കോളേജില്‍ ട്രോമാ കെയര്‍ ലെവല്‍ വണും മറ്റ് മെഡിക്കല്‍ കോളേജുകളില്‍ ട്രോമാ കെയര്‍ ലെവല്‍ രണ്ടുമാണ് നടപ്പിലാക്കുക. തൃശൂര്‍ മെഡിക്കല്‍ കോളേജിനായി കിഫ്ബിയില്‍ നിന്നും പണം ലഭ്യമാക്കാനുളള ശ്രമം നടത്തുമെന്നും ആരോഗ്യമന്ത്രി ഉറപ്പു നല്‍കി. സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ തുടര്‍ച്ചയായി വരുന്നത് എന്ത് കൊണ്ടാണ് എന്നത് സംബന്ധിച്ച് ഒരു നീണ്ട പരിശോധന നടത്തേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യമേഖലയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരുന്നതിനിടയിലാണ് കേരളത്തിലിങ്ങനെ പൊടുന്നനെ പലതരം പകര്‍ച്ചവ്യാധികള്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് പരിശോധിക്കേണ്ടതുണ്ട്. നിപാ രോഗബാധയെ തുടര്‍ന്ന് ഉടന്‍ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞു. നിപാ വൈസറിനെതിരെ മരുന്ന് കണ്ടുപിടിക്കുന്നത് സംബന്ധിച്ച ഗവേഷണപ്രവര്‍ത്തനങ്ങളില്‍ കേരളം പങ്കാളികളാവും. ഇത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനാ പ്രതിനിധികളുമായി സര്‍ക്കാര്‍ ആദ്യഘട്ട ചര്‍ച്ച നടത്തിയതായും മന്ത്രി അറിയിച്ചു.
മന്ത്രിമാരായ എ സി മൊയ്തീന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, അഡ്വ. വി എസ് സുനില്‍കുമാര്‍, അനില്‍ അക്കര എം എല്‍ എ, ഡോ. പി കെ ബിജു എം പി എന്നിവര്‍ മുഖ്യാതിഥികളായി. എം എല്‍ എ മാരായ കെ വി അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, ഇ ടി ടൈസണ്‍മാസ്റ്റര്‍, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്‍ തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം എ ആന്‍ഡ്രൂസ് സ്വാഗതവും സൂപ്രണ്ട് ഡോ. ആര്‍ ബിജു കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
- Log in to post comments