Skip to main content

കൃഷി വ്യവസായത്തേക്കാളുപരി സംസ്കാരമാകണം:  വിദ്യാഭ്യാസവകുപ്പുമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് 

കൃഷി വ്യവസായത്തേക്കാളുപരി ഒരു സംസ്കാരമാകണമെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടക്കുന്ന 'സമഗ്ര' ഉത്പന്ന-വിപണന-പ്രദര്‍ശനമേളയിലെ കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ കൃഷിയുടെ ഇന്നത്തെ പ്രതിസന്ധിക്കുകാരണം അതിനോടുള്ള പുലര്‍ത്തുന്ന സമീപനം തന്നെയാണ്. രാജ്യത്ത് ഇന്ന് വിവിധ കാര്‍ഷിക ഇനങ്ങളുടെ ഉത്പാദനസ്രോതസ് കുറയുന്ന സമ്പ്രദായത്തെ നാം ആശങ്കയോടെ കാണണം. പുതിയ നയരൂപീകരണത്തിനായി കാര്‍ഷിക വ്യവസ്ഥയെയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 
    കാര്‍ഷിക മേഖലയുടെ വികസനത്തിന് ബദല്‍നയം ആവശ്യമാണ്. ഈ ആശയത്തിലൂന്നിയാണു സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. കൃഷിയെ പരിപോഷിപ്പിക്കുന്നതിന്‍റെ ഭാഗമായി കൃഷിയെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഊര്‍ജിതശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ട്. ക്ലാസ്മുറി പഠനം എന്നതിലുപരി കാര്‍ഷിക സമ്പ്രദായത്തിലൂന്നിയ വിദ്യാഭ്യാസം അത്യാവശ്യമാണ്. 33 ശതമാനം ഹരിതാവരണമുള്ള ക്യാമ്പസ് പദ്ധതി  ജൂണ്‍ അഞ്ചിനു പൊതു-സ്വകാര്യവിദ്യാലയങ്ങളില്‍ നടപ്പാക്കുന്നത് പുതിയൊരു നാന്ദികുറിക്കലാണ്. കാര്‍ഷിക വ്യവസ്ഥയില്‍ നവലിബറല്‍ സമീപനത്തിന് പ്രാധാന്യമുണ്ട്. സംസ്ഥാന ഫലമായ ചക്കയുടെ വ്യാപനത്തെപ്പറ്റി നാം ഇനിയും ബോധവാډാരാകേണ്ടതുണ്ട്. ചക്കയുടെ ഫലസമൃദ്ധിയെ ഉപയോഗപ്പെടുത്തേണ്ട രീതിയെപ്പറ്റിയും ശാസ്ത്രീയമായ പഠനം അനിവാര്യമാണ്. ഓരോ ഫലവൃക്ഷങ്ങളും തരുന്ന ഉപയോഗത്തെപ്പറ്റി ചിന്തിക്കുന്ന ഒരു സംസ്കാരം നമ്മുടെ നാട്ടില്‍ ഉടലെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
    ജൈവകൃഷിയിലൂടെ നമ്മുടെ തനതു വിഭവങ്ങളെ തിരിച്ചുകൊണ്ടുവരണമെന്നു കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷിക സെമിനാറില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തനത് വിഭവങ്ങളെ തിരിച്ചു കൊണ്ടുവന്നാല്‍ മാത്രം പോരാ, തനത് ഭക്ഷണ ശീലത്തിലേക്കുകൂടി നാം മടങ്ങണം. ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതിനു പിന്നാലെ നാട്ടുമാവുകളുടെ സംരക്ഷണവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. പീലിക്കോട് പഞ്ചായത്ത് മോഡലില്‍ കൃഷി വകുപ്പിന്‍റെ സഹകരണത്തോടെ നാട്ടുമാവുകളിലെ വൈവിധ്യം സംരക്ഷിക്കും. കാര്‍ഷിക സര്‍വകലാശാലയുടെ സഹകരണത്തോടെ ജൈവ വൈവിധ്യ വിത്ത് ബാങ്ക് രൂപീകരിക്കും. ഇതിന്‍റെ ഉദ്ഘാടനം ജൂണ്‍ ആദ്യവാരത്തില്‍ നടത്തും. തനതു വിത്തിനങ്ങളെ ഭൗമസൂചികാപദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും കൃഷിവകുപ്പ് നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
    പ്ലാവിന്‍തൈയ്ക്ക് വെള്ളമൊഴിച്ചുകൊണ്ടാണു മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥും അഡ്വ. വി.എസ്. സുനില്‍കുമാറും സെമിനാറിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചക്കയെ സംസ്ഥാന ഫലമാക്കി മാറ്റുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പ്ലാവിന്‍റെ വ്യാപനത്തിനായി നിലകൊണ്ടവരേയും ചക്കയില്‍ വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കിയെടുത്തവരേയും ചടങ്ങില്‍ ആദരിച്ചു. ഡോ.ടി.എന്‍. മഹേശ്വര്‍, ഡോ. പി.രാജേന്ദ്രന്‍, ഡോ. സി.ആര്‍. രാജഗോപാലന്‍, സതീശന്‍ ബാലസുബ്രഹ്മണ്യന്‍, പ്രൊഫ. അനില്‍കുമാര്‍, അന്‍സി മാത്യു, പത്മിനി ശിവദാസ്, ആര്‍. രാജശ്രീ, സിനി ഷാജി, ബാലകൃഷ്ണന്‍ തൃക്കംകോട്, ചക്ക അനില്‍, ജെയിംസ് ജോസഫ്, കെ.ആര്‍. ജയന്‍ (പ്ലാവ് ജയന്‍), എല്‍. പങ്കജാക്ഷന്‍, എച്ച്.എം. റഫീഖ്, ടി.ആര്‍. ഷാജി, സി.ഡി. സുനീഷ് ഉറവ്, എസ്.ജി. വേണുഗോപാല്‍, വിനോദ് രാജന്‍ തുടങ്ങിയവര്‍ ആദരമേറ്റുവാങ്ങി. ചക്ക മഹോത്സവത്തിന്‍റെ ഭാഗമായി കഴിഞ്ഞിദിവസം സംഘടിപ്പിച്ച വിവിധ മത്സരയിനങ്ങളിലെ വിജയികള്‍ക്കും വിദ്യാഭ്യാസമന്ത്രിയും കൃഷിവകുപ്പ്മന്ത്രിയും ചേര്‍ന്നു പുരസ്കാരങ്ങള്‍ സമ്മാനിച്ചു. 
    കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍, കൗണ്‍സിലര്‍ എം.എസ്. സമ്പൂര്‍ണ, കാസറഗോഡ് ഡെവലപ്പ്മെന്‍റ് ജേര്‍ണലിസ്റ്റ് ശ്രീപദ്രേ, വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് കൃഷി എന്‍ജിനീയറിങ്ങ് വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. കെ.പി. സുധീര്‍, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം പ്രൊഫസറും മേധാവിയുമായ ഡോ. പി.രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ എല്‍. ജയശ്രീ നന്ദിയും പറഞ്ഞു. 

date