Skip to main content

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പുതുജീവന്‍

ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വിട. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി ശ്രദ്ധ നേടുന്ന തൃശൂര്‍ പൂക്കോട് തെക്കെ മേനോക്കിപ്പറമ്പില്‍ ഭാസ്കരന്‍-അംബിക ദമ്പതികള്‍ 'സമഗ്ര' മേളയിലുമുണ്ട്.  ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍, ചിരട്ടകള്‍, പേപ്പര്‍, ഐസ്ക്രീം ബൗളുകള്‍, എക്സ്റേ ഫിലിമുകള്‍ എന്നിവയില്‍നിന്നു ജീവന്‍ തുളുമ്പുന്ന മനോഹര ശില്‍പങ്ങളാണ് ഇവരുടെ കൈകളാല്‍ പിറവിയെടുക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളെക്കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ഇങ്ങനെ ചിന്തിച്ചത്. കൈയില്‍ക്കിട്ടുന്ന എല്ലാ പാഴ്വസ്തുക്കളും ഇവര്‍ വ്യത്യസ്തങ്ങളായ വസ്തുക്കളാക്കി മാറ്റും.
    കുപ്പികളില്‍ മരപ്പൊടിയും ഫെവിക്കോളും നിറച്ച് പക്ഷികള്‍, എക്സ്റേ ഫിലിമുകളില്‍നിന്നു പക്ഷിച്ചിറകുകളും പേപ്പര്‍ ഉപയോഗിച്ച് പെരുമ്പാമ്പ്, ഐസ്ക്രീം കുപ്പിയില്‍നിന്ന് ഫ്ളവര്‍വേസ്, കുപ്പിയില്‍നിന്നു കെട്ടുവള്ളം തുടങ്ങി നാല്‍പതില്‍പ്പരം ജീവജാലങ്ങളെയും നിരവധി അലങ്കാര വസ്തുക്കളെയും ഇവര്‍ നിര്‍മിച്ചിട്ടുണ്ട്. താരതമ്യേന ഉത്പാദനച്ചെലവ് കുറവാണെങ്കിലും ഓരോ കലാസൃഷ്ടികള്‍ക്കും ദിവസങ്ങളുടെ പരിശ്രമം വേണം. ഓട് നിര്‍മാണ ജോലിയില്‍നിന്നും വിരമിച്ച ശേഷമാണ് ഭാസ്കരന്‍-അംബിക ദമ്പതികള്‍ ഇത്തരം പ്രവര്‍ത്തനത്തില്‍ സജീവമായത്.  ഇവയ്ക്കെല്ലാം പുറമെ കുപ്പികള്‍ക്കൊണ്ട് സ്നേഹമതിലും  ഇവര്‍ നിര്‍മിച്ചിട്ടുണ്ട്.
 

date