ശുചീകരണയജ്ഞം നാടിന്റെ ഉത്തരവാദിത്വമായി ഏറ്റെടുക്കണം-മന്ത്രി കെ. രാജു
പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാസം 27 മുതല്‍ 29 വരെ സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ശുചീകരണ യജ്ഞം നാടിന്റെ ഉത്തരവാദിത്വമായി കണ്ട് ജില്ലയില്‍ എല്ലാ വിഭാഗം ആളുകളും പങ്കുചേരണമെന്ന് വനം, പരിസ്ഥിതി വകുപ്പ് മന്ത്രി കെ രാജു നിര്‍ദേശിച്ചു. കൊല്ലം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പകര്‍പ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട അടിയന്തിര യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചീകരണത്തില്‍ ഇതുവരെ കുറവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ പരഹരിക്കാന്‍ കഴിയുംവിധം ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം യജ്ഞത്തിന്റെ ഭാഗമായി നടത്തേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് എല്ലാവരും സേവന മനോഭാവത്തോടെ പ്രവര്‍ത്തിക്കണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും വിദ്യാര്‍ഥികളുമുള്‍പ്പെടെ എല്ലാവരും ഇതില്‍ പങ്കുചേരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പങ്കാളിത്തം ഉണ്ടാവണം. ജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം - മന്ത്രി നിര്‍ദേശിച്ചു. ജൂണ്‍ 25, 26 തീയതികളിലായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എം എല്‍ എ മാരുടെ നേതൃത്വത്തില്‍ യോഗം സംഘടിപ്പിക്കണം. ഇതിനുശേഷം പഞ്ചായത്തുതലത്തില്‍ സര്‍വ്വകക്ഷി യോഗം ചേരണം. സ്വകാര്യ മേഖലയിലെ ആശുപത്രി പ്രതിനിധികളെയും ഡോക്ടര്‍മാരുടെയും യോഗം ജില്ലാ കലക്ടര്‍ വിളിച്ചുകൂട്ടണം. ഓരോ വാര്‍ഡിലും നല്‍കിയ തുക യഥാവിധി വിനിയോഗിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഡോക്ടര്‍മാരുടെ കുറവുണ്ടെങ്കില്‍ ഹൗസ് സര്‍ജന്‍മാരുടെയും വിരമിച്ച ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഒരു ഡോക്ടറെയും ഒരു പാരാമെഡിക്കല്‍ സ്റ്റാഫിനെയും താത്കാലികമായി നിയമിക്കാവുന്നതാണ്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ രണ്ടു ഡോക്ടര്‍മാരെയും രണ്ടു പാരാമെഡിക്കല്‍ സ്റ്റാഫുകളെയും ഇങ്ങനെ നിയോഗിക്കാം. താത്കാലിക നിയമനങ്ങള്‍ക്ക് എന്‍ എച്ച് എമ്മിന്റെ മാനദണ്ഡങ്ങള്‍ പാലിക്കണം. ഇവര്‍ക്ക് ശമ്പളം നല്‍കുന്നതിനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും പണം ഉപയോഗിക്കാം. ഈ തുക സര്‍ക്കാര്‍ പിന്നീട് നല്‍കുന്നതാണ്. പനി വാര്‍ഡുകളില്‍ കട്ടില്‍, കൊതുകുവല, മറ്റ് സാമഗ്രികള്‍ എന്നിവ പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വാങ്ങാന്‍ ശ്രമിക്കണം. പ്രതേ്യക സാഹചര്യം കണക്കിലെടുത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കണം. ഇതിന് ഇന്‍സെന്റീവ് നല്‍കും. നിലവിലെ ആശുപത്രി സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പനി ബാധിതര്‍ക്ക് പ്രതേ്യക വാര്‍ഡ് സജ്ജീകരിക്കണം. ആവശ്യത്തിന് മരുന്നുകള്‍ ജില്ലയില്‍ ലഭ്യമാണ്. മരുന്നിന് ദൗര്‍ലഭ്യം നേരിടുന്ന ആശുപത്രികള്‍ വിവരം നല്‍കിയാല്‍ എത്തിക്കാന്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കും-മന്ത്രി പറഞ്ഞു. ജില്ലയിലെ പനി ബാധിതരുടെ വിവരങ്ങളും ആരോഗ്യ വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികളും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി യോഗത്തില്‍ അവതരിപ്പിച്ചു. ശുചീകരണ യജ്ഞത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും അലോപ്പതി, ആയൂര്‍വേദം, ഹോമിയോപ്പതി എന്നിവയുടെ സംയുക്ത മെഡിക്കല്‍ ക്യാമ്പുകള്‍ രോഗപ്രതിരോധവും ചികിത്സയും ഊര്‍ജ്ജിതമാക്കാന്‍ ഉപകരിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. എം.പിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, എം.എല്‍.എ മാരായ മുല്ലക്കര രത്‌നാകരന്‍, കോവൂര്‍ കുഞ്ഞുമോന്‍, ആര്‍ രാമചന്ദ്രന്‍, ജി. എസ്. ജയലാല്‍, കെ. വിജയന്‍പിള്ള, ജില്ലാ കളക്ടര്‍ ഡോ. മിത്ര റ്റി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, മേയര്‍ വി. രാജേന്ദ്രബാബു, കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍, എ.ഡി.എം ഐ അബ്ദുല്‍ സലാം, ആയുര്‍വേദ ഡി.എം.ഒ ഡോ. ടി.എസ്. ശശികല, ഹോമി ഡി.എം.ഒ ഡോ. വി.കെ പ്രിയദര്‍ശിനി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പി.ആര്‍.കെ.നമ്പര്‍ - 1351/17)
- Log in to post comments