കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് കാംപയിന്‍ നാളെ മുതല്‍
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ നിയന്ത്രണ തീവ്രയത്‌ന പരിപാടിക്ക് നാളെ (ജൂണ്‍ 21) മുതല്‍ ജില്ലയില്‍ തുടക്കമാവും. ജില്ലയിലെ മുഴുവന്‍ കന്നുകാലികള്‍, എരുമകള്‍, പന്നികള്‍ എന്നിവയെ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കുന്നതാണ് പദ്ധതി. ജൂലൈ 16 വരെയുള്ള 21 പ്രവൃത്തിദിവസങ്ങളില്‍ വാക്‌സിനേറ്റര്‍മാര്‍ വീടുകളില്‍ എത്തിയാണ് കുത്തിവയ്പ് നടത്തുക.
2012 കന്നുകാലി സെന്‍സസ് പ്രകാരം ജില്ലയില്‍ ആകെ 1,05,257 കന്നുകാലികളാണുള്ളത്. കുത്തിവയ്പ്പിനാവശ്യമായ വാക്‌സിനും അനുബന്ധസാമഗ്രികളും ഇതിനകം പഞ്ചായത്ത് തലത്തിലുള്ള നിര്‍വ്വഹണ സ്ഥാപനങ്ങളില്‍ എത്തിക്കഴിഞ്ഞു. ഇന്ത്യന്‍ ഇമ്മ്യുണോളജിക്കല്‍സിന്റെ വാക്‌സിനാണ് കുത്തിവയ്പ്പിനായി ഉപയോഗിക്കുന്നത്.
ആകെ 87 നിര്‍വ്വഹണ സ്ഥാപനങ്ങളിലായി 136 വക്‌സിനേഷന്‍ സ്‌ക്വാഡുകള്‍ സജ്ജമായി. കാംപയിന്‍ കാര്യക്ഷമമാക്കുന്നതിന് ജില്ലാ തലത്തിലും താലൂക്ക് തലത്തിലും മോണിറ്ററിങ്ങ് സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. 4 മാസത്തിനു മുകളില്‍ പ്രായമുള്ള മൃഗങ്ങള്‍ക്കാണ് കുത്തിവയ്പ് നല്‍കുക. ഓരോ കുത്തിവയ്പ്പിനും അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ് ഇനത്തില്‍ 10 രൂപ കര്‍ഷകരില്‍ നിന്നും ഈടാക്കും. കുത്തിവച്ചാല്‍ പനി, പാല്‍ കുറയല്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയില്ലെന്ന് മൃഗരോഗ നിയന്ത്രണ പദ്ധതിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
കുളമ്പു രോഗ പ്രതിരോധ കുത്തിവയ്പ്പ് സംസ്ഥാനത്ത് നിയമപ്രകാരം നിര്‍ബന്ധമാക്കിയിണ്ട്. ലൈസന്‍സുകള്‍, വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭിക്കുന്നതിന് കുത്തിവയ്പ്പ് നിര്‍ബന്ധമാണ്. പ്രതിരോധ കുത്തിവയ്പ്പു കൊണ്ട് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കും. മുഴുവന്‍ കര്‍ഷകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
- Log in to post comments