ചാത്തല്ലൂരിലെ ക്വാറിയുടെ പാരിസ്ഥിതികാഘാതം പഠിക്കാന്‍ വിദഗ്ധ സമിതി:
ക്വാറിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്താന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം
എടവണ്ണ ചാത്തല്ലൂരിലെ മുബാറക്ക് ക്വാറിയുടെ പാരിസ്ഥിതികാഘാതം പഠിക്കാന്‍ പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. ജിയോളജി, പൊതുമരാമത്ത്(റോഡ്‌സ്), സോയില്‍ കണ്‍സര്‍വേഷന്‍ എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരാണ് വിദഗ്ധസമിതിയിലുള്ളത്. ഈ മാസം 30 ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അതുവരെ ക്വാറിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെക്കണമെന്നും ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍ദേശിച്ചു. ക്വാറിയുടെ പ്രവര്‍ത്തനം മൂലം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ക്വാറി ഉടമകളുടേയും പ്രദേശവാസികളുടേയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കലക്ടര്‍ ഈ നിര്‍ദേശം നല്‍കിയത്. അനുവദിച്ചതിലധികം പാറ പൊട്ടിക്കുന്നുണ്ടെന്നും ജനവാസമേഖലയില്‍ നിന്ന് ദൂരപരിധി പാലിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു. റോഡില്‍ നിന്ന് നിശ്ചിത ദൂരപരിധിയിലല്ല ക്വാറി പ്രവര്‍ത്തിക്കുന്നതെന്നും ക്വാറിയോട് ചേര്‍ന്ന ചോലയുടെ ഒഴുക്ക് തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയുണ്ട്. എല്ലാ കാര്യങ്ങളും വിദഗ്ധസമിതി വിശദമായി പരിശോധിക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. നിലവില്‍ പൊട്ടിച്ച പാറയും മെറ്റലും കടത്തിക്കൊണ്ടപോകാന്‍ അനുവദിക്കണമെന്ന ക്വാറി ഉടമകളുടെ ആവശ്യം അംഗീകരിച്ചില്ല.
പെരിന്തല്‍മണ്ണ ആര്‍ഡിഒ കെ. അജീഷ്, എ.ഡി.എം വി. രാമചന്ദ്രന്‍, ഏറനാട് തഹസില്‍ദാര്‍ പി. സുരേഷ്, ജിയോളജിസ്റ്റ് കെ. ഇബ്രാഹം കുഞ്ഞി, ആള്‍ കേരള ക്രഷര്‍ ആന്‍ഡ് ക്വാറി കോ-ഓഡിനേഷന്‍ സമിതി ചെയര്‍മാന്‍ ആലിമൊയ്തീന്‍ ഇ.കെ, മുബാറക്ക് ക്വാറി മാനേജര്‍ പി. മുഹമ്മദ്, പ്രദേശവാസിയായ ഹുഫൈദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments