അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ പ്രകാശനവും ദേവധാര്‍ ഹൈടെക് പ്രവൃത്തി ഉദ്ഘാടനവും
താനൂര്‍ മണ്ഡലത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് കൂട്ടായ്മ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ വി. അബ്ദുറഹിമാന്‍ എം.എല്‍.എ സംഘടിപ്പിച്ച നിയോജക മണ്ഡലം അക്കാദമിക് മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. ദേവധാര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനവും നടക്കും. അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദേവധാര്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയത് സര്‍ക്കാര്‍ ഏജന്‍സിയായ 'കിറ്റ്‌കോ' യാണ്. ആവശ്യമായ ക്ലാസ് മുറികള്‍, ലൈബ്രറികള്‍, ലാബുകള്‍, ഓഡിറ്റോറിയം എന്നിവയ്ക്ക് പുറമെ മനോഹരമായ കളിക്കളങ്ങളും ഉദ്യാനങ്ങളും വിഭാവനം ചെയ്യുന്നതാണ് 'കിറ്റ്‌കോ' തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍. വൃക്ഷങ്ങള്‍ തനത് രീതിയില്‍ നട്ടുവളര്‍ത്താനുള്ള സംവിധാനങ്ങളും ഇതോടൊപ്പമുണ്ടാകും. പ്രദേശത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തിയാകും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുക. മണ്ഡലത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന ആദ്യത്തെ വിദ്യാലയമാണ് ദേവധാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
- Log in to post comments